20 വര്‍ഷത്തില്‍ 14 സിനിമകള്‍, ഹിറ്റ് വെറും രണ്ടെണ്ണം, ഉണ്ണികൃഷ്ണന്റെ ഫിലിമോഗ്രഫി വല്ലാത്തൊരു സംഭവം തന്നെ
Malayalam Cinema
20 വര്‍ഷത്തില്‍ 14 സിനിമകള്‍, ഹിറ്റ് വെറും രണ്ടെണ്ണം, ഉണ്ണികൃഷ്ണന്റെ ഫിലിമോഗ്രഫി വല്ലാത്തൊരു സംഭവം തന്നെ
അമര്‍നാഥ് എം.
Saturday, 28th March 2026, 5:00 pm

മോളിവുഡിലെ മുന്‍നിര സംവിധായകരിലൊരാളാണ് ബി. ഉണ്ണികൃഷ്ണന്‍. 1999ല്‍ ജലമര്‍മ്മരം എന്ന ചിത്രത്തിന് തിരക്കഥയൊരുക്കിക്കൊണ്ടാണ് അദ്ദേഹം സിനിമാലോകത്തേക്ക് കടന്നുവന്നത്. ആദ്യ ചിത്രത്തിന് തന്നെ മികച്ച തിരക്കഥക്കുള്ള സംസ്ഥാന പുരസ്‌കാരം ഉണ്ണികൃഷ്ണനെ തേടിയെത്തി. കവര്‍ സ്റ്റോറി, ശിവം, ദി ടൈഗര്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കിയ ഉണ്ണികൃഷ്ണന്‍ 2006ലാണ് സംവിധായക കുപ്പായമണിഞ്ഞത്.

സുരേഷ് ഗോപി നായകനായെത്തിയ സ്മാര്‍ട്ട് സിറ്റി ബോക്‌സ് ഓഫീസില്‍ ചലനമുണ്ടാക്കാതെ പോയി. പിന്നീടങ്ങോട്ട് 14 സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ടെങ്കിലും അതില്‍ ഹിറ്റായത് വെറും രണ്ടെണ്ണം മാത്രമാണ്. ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ പ്രതിഛായയും ബോക്‌സ് ഓഫീസില്‍ സേഫാകാന്‍ പാടുപെടുകയാണ്.

മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ ഗ്രാന്‍ഡ് മാസ്റ്റര്‍, മാടമ്പി എന്നീ ചിത്രങ്ങള്‍ മാത്രമാണ് നിര്‍മാതാവിന് ലാഭം സമ്മാനിച്ചത്. ബാക്കിയെല്ലാം പല തരത്തില്‍ നഷ്ടമായിരുന്നു. ഇതില്‍ പലതും സൂപ്പര്‍താരങ്ങളുടെ സിനിമയാണെന്നതും ശ്രദ്ധേയമാണ്. മാടമ്പിക്ക് ശേഷം മോഹന്‍ലാലുമായി ഉണ്ണികൃഷ്ണന്‍ കൈകോര്‍ത്ത സിനിമകളെല്ലാം പരാജയമായി മാറി.

വന്‍ ഹൈപ്പിലെത്തിയ മിസ്റ്റര്‍ ഫ്രോഡ്, വില്ലന്‍, ആറാട്ട് എന്നീ ചിത്രങ്ങള്‍ ആരാധകര്‍ പോലും ഏറ്റെടുത്തില്ല. ഇതില്‍ ആറാട്ട് സമീപകാലത്ത് വന്ന ഏറ്റവും വലിയ ട്രോള്‍ മെറ്റീരിയലായി മാറി. മമ്മൂട്ടിക്കൊപ്പം ചേര്‍ന്നപ്പോഴും ഉണ്ണികൃഷ്ണന്‍ തന്റെ സ്ഥിരത വിട്ട് കളിച്ചില്ല. പ്രമാണി ശരാശരി വിജയമായപ്പോള്‍ ക്രിസ്റ്റഫര്‍ മോശം സിനിമാനുഭവമാണ് പലര്‍ക്കും സമ്മാനിച്ചത്.

 

സുരേഷ് ഗോപിക്കൊപ്പം ചേര്‍ന്നപ്പോഴും സ്ഥിതി വ്യത്യസ്തമല്ലായിരുന്നു. ഐ.ജി, സ്മാര്‍ട്ട് സിറ്റി എന്നീ ചിത്രങ്ങള്‍ നിര്‍മാതാവിന് ലാഭം സമ്മാനിച്ചില്ല. ദിലീപിനൊപ്പം ഒരൊറ്റവട്ടം മാത്രമേ ഉണ്ണികൃഷ്ണന്‍ കൈകോര്‍ത്തിട്ടുള്ളൂ. അതാകട്ടെ ശരാശരിയിലും താഴെ വിജയം മാത്രമാണ് നേടിയത്. കേസില്‍ പ്രതിയായ ദിലീപ് സ്വയം വെളുപ്പിക്കാന്‍ നോക്കിയ ശ്രമമായിരുന്നു കോടതി സമക്ഷം ബാലന്‍ വക്കീലെന്ന് പലരും അഭിപ്രായപ്പെടുന്നുണ്ട്.

പൃഥ്വിരാജുമായി കൈകോര്‍ത്ത ദി ത്രില്ലര്‍, ആസിഫ് അലിയും ഉണ്ണി മുകുന്ദനും നായകനായ ഐ ലവ് മീ എന്നീ ചിത്രങ്ങളുടെ ബോക്‌സ് ഓഫീസ് റിസല്‍ട്ടും വ്യത്യസ്തമല്ലായിരുന്നു. മേക്കിങ്ങില്‍ ഈ സിനിമകളെല്ലാം മികച്ചു നില്‍ക്കുന്നുണ്ടെങ്കിലും കെട്ടുറപ്പില്ലാത്ത തിരക്കഥയാണ് എല്ലാത്തിലും വില്ലന്‍. സ്വന്തം തിരക്കഥക്ക് പകരം മറ്റാരുടെയെങ്കിലും നല്ല സ്‌ക്രിപ്റ്റുകള്‍ സെലക്ട് ചെയ്തുകൂടെയെന്ന് പലരും ചോദിക്കാറുണ്ട്.

ആറാട്ടിന്റെ റിലീസിന് ശേഷം വലിയ രീതിയിലുള്ള സൈബര്‍ അറ്റാക്കിന് ഉണ്ണികൃഷ്ണന്‍ ഇരയായിരുന്നു. പ്രതിഛായക്ക് പിന്നാലെ സിനിമയില്‍ നിന്ന് കുറച്ചുകാലം ബ്രേക്കെടുക്കുന്ന ഉണ്ണികൃഷ്ണന്‍ ഗംഭീര തിരിച്ചുവരവ് നടത്തുമോ എന്നാണ് പലരും ഉറ്റുനോക്കുന്നത്.

Content Highlight: There is only two hits in B Unnikrishnan’s filmography

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം