ഒരേയൊരു മെസി മാത്രമേയുള്ളൂ അയാളെ താരതമ്യം ചെയ്യൽ അസാധ്യം;മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ
football news
ഒരേയൊരു മെസി മാത്രമേയുള്ളൂ അയാളെ താരതമ്യം ചെയ്യൽ അസാധ്യം;മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 22nd January 2023, 10:48 pm

ലോകകപ്പിലെ മികച്ച പ്രകടനത്തോടെ ലോക ഫുട്ബോളിൽ തന്റെ നല്ല കാലം കഴിഞ്ഞിട്ടില്ല എന്ന് അടിവരയിട്ട് ഉറപ്പിക്കുകയായിരുന്നു സാക്ഷാൽ ലയണൽ മെസി.

അർജന്റീനക്കായി ഏഴ് ഗോളുകളും മൂന്ന് അസിസ്റ്റുകളും സ്വന്തമാക്കിയ മെസിയുടെ മികവിലാണ് ടീം മുൻ ചാമ്പ്യൻമാരായ ഫ്രാൻസിനെ മുട്ടുകുത്തിച്ച് മൂന്നാമതും അർജന്റീനയെ ലോക കിരീടത്തിൽ മുത്തമിടീപ്പിച്ചത്. കൂടാതെ ലോകകപ്പിൽ മികച്ച പ്രകടനം നടത്തിയ താരത്തെ തേടി ഗോൾഡൻ ബോൾ പുരസ്കാരവും എത്തിയിരുന്നു.

എന്നാലിപ്പോൾ ലോകത്തിലെ തന്നെ മികച്ച താരങ്ങളിലൊരാളായ മെസിയുടെ ലോകകപ്പിലെ പ്രകടനങ്ങളെ പ്രശംസിച്ച് രംഗത്ത് വന്നിരിക്കുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകനായ എറിക് ടെൻ ഹാഗ്.


ഈ ലോകത്ത് മെസിയെപ്പോലെ കളിക്കാൻ അയാൾക്ക് മാത്രമേ സാധിക്കുകയുള്ളുവെന്നും മെസിയെ താരതമ്യം ചെയ്യാൻ വേറെ കളിക്കാർ ഇല്ലെന്നുമാണ് ടെൻ ഹാഗ് അഭിപ്രായപ്പെട്ടത്. സ്കൈ സ്പോർട്സിന് നൽകിയ അഭിമുഖത്തിലാണ് മെസിയെ പറ്റിയുള്ള അഭിപ്രായം ടെൻ ഹാഗ് തുറന്ന് പറഞ്ഞത്.

“ഒരേയൊരു മെസി മാത്രമേയുള്ളൂ. അയാളെയാണ് നമ്മൾ ലൊകകപ്പിൽ കണ്ടത്. അദ്ദേഹവും ടീമും കൂടിച്ചേർന്നപ്പോൾ അർജന്റീന കിരീടം ചൂടി,’ ടെൻ ഹാഗ് പറഞ്ഞു.

“മെസിയെ താരതമ്യം ചെയ്യാൻ നിലവിൽ ആരും ഇല്ല. അദ്ദേഹം അതുല്യനായ താരമാണ് ടെൻ ഹാഗ് കൂട്ടിച്ചേർത്തു,’

തകർച്ചയിൽ നിന്നും കരകയറാൻ വിഷമിച്ചു പതറിയ മാഞ്ചസ്റ്റർ യുണൈറ്റഡിനെ പ്രീമിയർ ലീഗിൽ മെച്ചപ്പെട്ട അവസ്ഥയിലേക്കെത്തിക്കാൻ ടെൻ ഹാഗിന് സാധിച്ചിരുന്നു. ഒരു ഇടവേളക്ക് ശേഷം ടെൻ ഹാഗിന്റെ നേതൃത്വത്തിൽ യുണൈറ്റഡ് പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്തേക്ക് തിരിച്ചെത്തിയിരുന്നു.

നെതർലാൻഡ്സ് ക്ലബ്ബ്‌ അയാക്സിൽ നിന്നുമാണ് ടെൻ ഹാഗിനെ യുണൈറ്റഡ് തങ്ങളുടെ തട്ടകത്തിലെത്തിച്ചത്.
ജനുവരി 22ന് ആഴ്സണലിനെതിരെയാണ് യുണൈറ്റഡിന്റെ അടുത്ത മത്സരം.

 

Content Highlights:There is only one Messi who cannot be compared to him; the Manchester United coach