യോദ്ധ എന്ന മോഹൻലാൽ ചിത്രത്തിലൂടെ തന്നെ മലയാളികൾക്ക് ഏറെ സുപരിചിതയായ നടിയാണ് മധുബാല. പിന്നീട് മമ്മൂട്ടിക്കൊപ്പം നീലഗിരി, മുകേഷിനൊപ്പം ഒറ്റയാൾ പട്ടാളം എന്നീ മലയാളചിത്രങ്ങളിലും എം.ടി വാസുദേവന്‍ നായരുടെ ഒമ്പത് ഹ്രസ്വചിത്രങ്ങളുടെ സീരീസായ മനോരഥങ്ങളിലെ ഒരു ഭാഗത്തിലും മധുബാല അഭിനയിച്ചിട്ടുണ്ട്.
വീണ്ടും മലയാള സിനിമയിൽ സജീവമാകാൻ ഒരുങ്ങുകയാണ് നടി. ഇപ്പോൾ മോഹൻലാലിനെക്കുറിച്ച് സംസാരിക്കുകയാണ് നടി. കണ്ണപ്പ എന്ന തെലുങ്ക് ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്. ചിത്രത്തിൽ മോഹൻലാൽ കാമിയോ റോൾ ആണ്.
മോഹൻലാലും താനും ഒരുമിച്ചുള്ള സീനുകൾ കണ്ണപ്പ എന്ന ചിത്രത്തിലില്ലെന്നും എങ്കിലും വർഷങ്ങൾക്ക് ശേഷം അദ്ദേഹത്തെ കാണാൻ പറ്റിയതിൽ സന്തോഷമുണ്ടെന്നും മധുബാല പറഞ്ഞു.
യോദ്ധയിൽ അഭിനയിക്കുമ്പോൾ ഇരുപത്തിരണ്ട് വയസ് ആണെന്നും സിനിമയെക്കുറിച്ച് ധാരണയൊന്നും ഇല്ലെന്നും അവർ പറഞ്ഞു.
അന്ന് എങ്ങനെ പെരുമാറണമെന്ന ധാരണ ഇല്ലായിരുന്നെന്നും തനിക്കപ്പോൾ മലയാളം അറിയില്ലായിരുന്നെന്നും അവർ കൂട്ടിച്ചേർത്തു. അന്ന് കൂടെ അഭിനയിച്ച എല്ലാവരും സീനിയേഴ്സ് ആയിരുന്നെന്നും മോഹൻലാൽ തന്നെ ഒരുപാട് കെയർ ചെയ്തുവെന്നും അവർ പറയുന്നു.
ഇപ്പോൾ കണ്ടപ്പോഴും അദ്ദേഹത്തിന് ഒരു വ്യത്യാസവുമില്ലെന്നും കണ്ണപ്പ ഒരുപാട് പ്രതീക്ഷയുള്ള ചിത്രമാണെന്നും നടി കൂട്ടിച്ചേർത്തു. വനിതയോട് സംസാരിക്കുകയായിരുന്നു മധുബാല.
‘ലാലേട്ടനും ഞാനും ഒരുമിച്ചുള്ള സീനുകൾ ഇല്ല. വർഷങ്ങൾക്ക് ശേഷം അദ്ദേഹത്തെ കാണാനായതിൽ സന്തോഷം തോന്നി. യോദ്ധയിൽ അഭിനയിക്കുമ്പോൾ ഇരുപത്തൊന്നോ ഇരുപത്തിരണ്ടോ വയസ് ആണ്.
സിനിമയെക്കുറിച്ചു ധാരണ ഒന്നും ഇല്ല. എങ്ങനെ പെരുമാറണം എന്നറിയില്ല, മലയാളം ഒട്ടും അറിയില്ല. കൂടെയുള്ളവർ ആരൊക്കെയാണെന്ന് ഓർത്തു നോക്കിക്കേ, ലാലേട്ടൻ, ജഗതിച്ചേട്ടൻ സംഗീത് ശിവൻ സർ… എല്ലാവരും സീനിയേഴ്സ്.
പക്ഷേ, ലാലേട്ടൻ അത്രക്ക് കെയർ ചെയ്‌തു. ഞാൻ കാരണം റീടേക്ക് ചെയ്യേണ്ടിവന്നാലും ഒരുമടിയുമില്ലാതെ ചെയ്യും. മൂന്നു പതിറ്റാണ്ടിനു ശേഷം മറ്റൊരു സെറ്റിൽ ഞങ്ങൾ കാണുന്നു ഒരു വ്യത്യാസവുമില്ല. അതേ ലാലേട്ടൻ. നമ്പർ ഷെയർ ചെയ്‌തു. ഒരുമിച്ച് ഇനിയും അഭിനയിക്കാനാവട്ടേയെന്നു പറഞ്ഞു.
കണ്ണപ്പ ഒരുപാടു പ്രതീക്ഷയുള്ള സിനിമയാണ്. ഇതുവരെ ചെയ്യാത്ത വേഷമാണ്. എന്റെ കഥാപാത്രത്തിന്റെ സ്ക്രീൻടൈം കുറവാണ്. പക്ഷേ, പവർഫുൾ ക്യാരക്ടറാണ്. പടനായികയുടെ വേഷം. ഇതു സ്ത്രീകൾക്ക് ശബ്‌ദമുള്ള കാലമാണ്. ഈ കഥാപാത്രം മുന്നിലെത്തിയപ്പോൾ അതാണു മനസിലേക്ക് വന്നത്,’ മധുബാല പറയുന്നു.
Content Highlight: There is no difference between Mohanlal then and now says Madhubala