ദിലീപിനെതിരെ വ്യക്തമായ തെളിവുകളുണ്ട്; പള്‍സര്‍ സുനിക്കുളള ശിക്ഷ കുറഞ്ഞ് പോയി: അപ്പീലുമായി സര്‍ക്കാര്‍
Kerala
ദിലീപിനെതിരെ വ്യക്തമായ തെളിവുകളുണ്ട്; പള്‍സര്‍ സുനിക്കുളള ശിക്ഷ കുറഞ്ഞ് പോയി: അപ്പീലുമായി സര്‍ക്കാര്‍
നിഷാന. വി.വി
Saturday, 28th February 2026, 8:50 am

കൊച്ചി: നടിയെ അക്രമിച്ച കേസില്‍ മുഖ്യ സൂത്രധാരനും എട്ടാം പ്രതിയുമായ നടന്‍ ദിലീപിനെ വിചാരണ കോടതി വെറുതെ വിട്ടതിനെതിരെ അപ്പീല്‍ നല്‍കി സര്‍ക്കാര്‍.

ഗൂഢാലോചനയ്ക്കും ആക്രമണ കാരണത്തിനും ദിലീപിനെതിരെ വ്യക്തമായ തെളിവുകളുണ്ടെന്ന് പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ അറിയിച്ചു.

സാക്ഷി മൊഴികളെ നിസാരവത്കരിച്ചുവന്നും തെളിവുകളെ തെറ്റായി പരിഗണിച്ചുവെന്നുമാണ് അപ്പീലില്‍ പറയുന്നത്.

ദിലീപിന് അതിജീവിതയോടുള്ള വ്യക്തി വൈരാഗ്യമാണ് ക്വട്ടേഷന് പിന്നിലെ മുഖ്യ കാരണമെന്നും ഒന്നു മുതല്‍ ആറുവരെ പ്രതികളുമായി ചേര്‍ന്ന് ദിലീപ് ഗൂഢാലോചന നടത്തിയിരുന്നുവെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു.

മറ്റു പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ കോടതി അതേ തെളിവുകള്‍ നിലനില്‍ക്കെ ദിലീപിന് മാത്രം പ്രത്യേക പരിഗണന നല്‍കി വെറുതെ വിട്ടുവെന്നും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച അപ്പീലില്‍ പറയുന്നു.

1000 പേജിലധികമുള്ള വിധിന്യായത്തിലെ പാക പിഴകള്‍ ചൂണ്ടികാട്ടിയാണ് അപ്പീല്‍ സമര്‍പ്പിച്ചിരിക്കുന്നത്.

കേസില്‍ ശിക്ഷിക്കപ്പെട്ട പള്‍സര്‍ സുനി അടക്കമുളള പ്രതികള്‍ക്ക് നല്‍കിയത് ഏറ്റവും കുറഞ്ഞ ശിക്ഷയാണെന്നും അപ്പീലില്‍ ആക്ഷേപമുണ്ട്.

കുറ്റക്കാര്‍ക്ക് കുറഞ്ഞ ശിക്ഷ നല്‍കുന്നത് സമൂഹത്തിന് മോശം സന്ദേശം നല്‍കുന്നുവെന്നും അതിനാല്‍ പള്‍സര്‍ സുനി അടക്കമുള്ള പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്നും അപ്പീലില്‍ ആവശ്യപ്പെട്ടു.

‘എ.എം.എം.എയുടെ റിഹേസല്‍ ക്യാമ്പില്‍ വെച്ച് ദിലീപ് അതിജീവിതയെ പരസ്യമായി ഭീഷണിപ്പെടുത്തിയതും നടന്‍ സിദ്ധീഖ് ഇടപെട്ട് രംഗം ശാന്തമാക്കിയതുമായ സംഭവം പ്രോസിക്യൂഷന്‍ തെളിയിച്ചിട്ടുണ്ട്.

അതിജീവിതയെ സിനിമാ മേഖലയില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ ദിലീപ് ശ്രമിച്ചതായി മഞ്ജുവാര്യര്‍, ഗീതു മോഹന്‍ ദാസ്, സംയുക്ത വര്‍മ തുടങ്ങിയവര്‍ മൊഴി നല്‍കിയിട്ടുണ്ട്.

ദിലീപും പള്‍സര്‍ സുനിയും തമ്മില്‍ വിവിധയിടങ്ങളില്‍ വെച്ച് ഗൂഢാലോചന നടത്തിയതിന്റെ തെളിവുകളുമുണ്ട്. 2013ല്‍ എറണാകുളം അബാദ് പ്ലാസയിലെ 410ാം നമ്പര്‍ മുറിയില്‍ ദിലീപും സുനിയും ഗൂഢാലോചന നടത്തിയതിന് തെളിവുകളുണ്ടെന്നും ഇത് സുനി അയച്ച കത്തില്‍ പറയുന്നതായും അപ്പീലില്‍ പറയുന്നു.

2015 നവംബറിലും ഇരുവരും കൂടിക്കാഴ്ച്ച നടത്തി. തൃശ്ശൂരില്‍ വെച്ചായിരുന്നു ഇത്.

പിന്നാലെ ഗ്രാന്‍ഡ് പ്രോഡക്ഷന്‍സിന്റെ അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിച്ച് പള്‍സര്‍ സുനിയുടെ അമ്മയുടെ അക്കൗണ്ടിലേക്ക് നിക്ഷേപിച്ചതായും കണ്ടെത്തിയിട്ടുണ്ട്.

രണ്ട് സിനിമകളുടെ ലൊക്കേഷനിലും ഇരുവരും കണ്ടതായും അക്രമം നടക്കുന്ന സമയത്ത് ആശുപത്രിയിലായിരുന്നുവെന്ന് വരുത്തി തീര്‍ക്കാന്‍ ദിലീപ് വ്യാജ രേഖ കെട്ടിചമച്ചതായും അപ്പീലില്‍ ചൂണ്ടികാട്ടുന്നു.

പൊലീസുകാരനായ അനീഷിനോട് പള്‍സര്‍ സുനി നടത്തിയ വെളിപ്പെടുത്തലിലും ദിലീപിന്റെ പങ്കിനെ കുറിച്ച് വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ വിചാരണ കോടതി ഈ തെളിവുകളെയെല്ലാം സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് തള്ളികളഞ്ഞതായും അപ്പീലില്‍ പറയുന്നു.

Content Highlight: There is clear evidence against Dileep; Pulsar Suni’s sentence reduced: Government appeals

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.