ന്യൂദൽഹി: എസിയുടെ തണുപ്പിന് പരിധി നിശ്ചയിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. ഏറ്റവും കുറഞ്ഞ തണുപ്പ് 20 ഡിഗ്രി ആയി നിജപ്പെടുത്താനാണ് കേന്ദ്രസർക്കാരിന്റെ നീക്കം.
നിലവിൽ ഏറ്റവും കുറഞ്ഞ എയർ കണ്ടീഷണറിന്റെ മിനിമമായ 16 ഡിഗ്രിയിൽ നിന്നും 20 ലേക്ക് മാറ്റുമെന്നാണ് റിപ്പോർട്ടുകൾ. സർക്കാരിന്റെ പുതിയ ഊർജ സംരക്ഷണ നിയന്ത്രണം നടപ്പാക്കലിന്റെ ഭാഗമായാണ് 20 ഡിഗ്രി എന്ന മാറ്റമെന്നാണ് വിവരം.
കാലാവസ്ഥ എത്ര ചൂടുള്ളതാണെങ്കിലും എയർ കണ്ടീഷനിങ്ങിന്റെ മിനിമം 20 ഡിഗ്രിയിൽ നിയന്ത്രണ വിധേയമായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
എയർ കണ്ടീഷണറുകളുടെ പ്രവർത്തന താപനില പരിധി സ്റ്റാൻഡേർഡ് ചെയ്യുന്നതിനായി ഗവൺമെന്റ് ഉപകരണ നിർമാതാക്കളുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരം. അതേസമയം ഇക്കാര്യത്തിൽ ഔദ്യോഗിക അറിയിപ്പുകളൊന്നും ലഭ്യമല്ല.
എന്നാൽ എസിയുടെ മിനിമം കണ്ടീഷനിങ്ങ് 20-28 എന്ന പരിധിയിൽ ക്രമീകരിക്കാൻ ഒരുങ്ങുന്നുവെന്ന് ഊർജ മന്ത്രി മനോഹർ ലാൽ ഇന്നലെ ദൽഹിയിൽ പത്രസമ്മേളനത്തിൽ വെച്ച് പറഞ്ഞതായും റിപ്പോർട്ടുകളുണ്ട്.
എയർ കണ്ടീഷനിങ്ങ് മാനദണ്ഡങ്ങൾ സംബന്ധിച്ച് ഒരു പുതിയ വ്യവസ്ഥ ഉടൻ നടപ്പിലാക്കും. എസികൾക്കുള്ള താപനില മാനദണ്ഡം 20 ഡിഗ്രി സെൽഷ്യസിനും 28 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കും സജ്ജീകരിക്കുക. അതായത് 20ൽ താഴെ തണുപ്പിക്കാനോ 28ന് മുകളിൽ ചൂടാവാനോ കഴിയില്ല, മന്ത്രി പറഞ്ഞു.
വീടുകളിലും ഹോട്ടലുകളിലും കാറുകളിലുമടക്കം ഇത് ബാധകമാകുമെന്നും വൈദ്യുതി കുറച്ച് ഉപയോഗിക്കുക എന്നതിന്റെ പ്രാരംഭ ഘട്ടമാണിതെന്നും മന്ത്രി പറഞ്ഞിരുന്നു. ഊർജ കാര്യക്ഷമത വർധിപ്പിക്കുന്നതിനുള്ള സർക്കാരിന്റെ ശ്രദ്ധയാണ് ഈ പദ്ധതിയിലൂടെ പ്രതിഫലിപ്പിക്കാൻ ശ്രമിക്കുന്നതെന്നും പറയുന്നു.
രാജ്യത്ത് ഉപയോഗിക്കുന്ന വൈദ്യുതിയുടെ ലോഡിന്റെ അഞ്ചിലൊരു ഭാഗവും എയർ കണ്ടീഷണറുകളാണ് ഉപയോഗിക്കുന്നതെന്ന് റിപ്പോർട്ട് ലഭിച്ചതായും വിവരമുണ്ട്.
പുതിയ നിയമം വരുന്നതിലൂടെ എങ്ങനെ പാലിക്കപ്പെടുന്നുവെന്ന് സർക്കാർ നിരീക്ഷിക്കുമെന്നും ഇത് എങ്ങനെ എപ്പോൾ മുതൽ നടപ്പിലാക്കുമെന്നതിന്റെ കൃത്യമായ വിശദാംശങ്ങൾ നിലവിൽ ലഭ്യമല്ല.
Content Highlight: There is a limit to the cooling capacity of ACs; Central government is preparing to regulate it