ബുംറക്ക് പകരം ചെണ്ടകളോ? ഇന്ത്യന്‍ ടീമിനൊപ്പം ഇവരും ഓസ്‌ട്രേലിയയിലേക്ക്
Sports News
ബുംറക്ക് പകരം ചെണ്ടകളോ? ഇന്ത്യന്‍ ടീമിനൊപ്പം ഇവരും ഓസ്‌ട്രേലിയയിലേക്ക്
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 1st October 2022, 5:11 pm

ഇന്ത്യന്‍ ടീമിന്റെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ പരിക്കിന്റെ പിടിയിലായ വാര്‍ത്ത നിരാശയോടെയാണ് ആരാധകര്‍ അറിഞ്ഞത്. പരിക്കേറ്റതോടെ താരത്തിന്റെ ടി-20 ലോകകപ്പ് മോഹങ്ങള്‍ക്കും കരിനിഴല്‍ വീണിരിക്കുകയാണ്. ദക്ഷിണാഫ്രിക്കക്കെതിരായി നടന്ന ടി-20 പരമ്പരയിലാണ് ബുംറക്ക് പരിക്കേറ്റത്.

ഓസ്‌ട്രേലിയയില്‍ നടക്കുന്ന ടി-20 ലോകകപ്പില്‍ ബുംറയ്ക്ക് കളിക്കാന്‍ സാധിച്ചേക്കില്ല. ബുംറ കളിച്ചിക്കില്ല എന്ന വാര്‍ത്തക്ക് പിന്നാലെ ഉമ്രാന്‍ മാലിക്കും മുഹമ്മദ് സിറാജും ടീം ഇന്ത്യക്കൊപ്പം ചേരുമെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഒക്ടോബര്‍ ആറിന് പെര്‍ത്തിലേക്ക് തിരിക്കുന്ന ഇന്ത്യന്‍ ടീമില്‍ ഇരുവരുമുണ്ടാകുമെന്ന് സ്‌പോര്‍ട്‌സ് സ്റ്റാര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഈ വര്‍ഷത്തെ ഐ.പി.എല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനായി ഉമ്രാന്‍ മാലിക്ക് നടത്തിയ പ്രകടനം ശ്രദ്ധ നേടിയിരുന്നു.

നേരത്തെ ദക്ഷിണാഫ്രിക്കക്കെതിരായ അവസാന രണ്ട് ടി-20 മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിലേക്ക് ജസ്പ്രീത് ബുംറയുടെ പകരക്കാരനായി മുഹമ്മദ് സിറാജിനെ ഉള്‍പ്പെടുത്തിയിരുന്നു. ഒക്ടോബര്‍ 16നാണ് ഓസ്‌ട്രേലിയയില്‍ ടി-20 വേള്‍ഡ് കപ്പ് തുടങ്ങുന്നത്.

അതേസമയം ഒക്ടോബര്‍ ആറിന് ബുംറക്ക് മെല്‍ബണിലേക്ക് പറക്കാനുള്ള അവസാന സാധ്യതയും ഇന്ത്യ പരിശോധിക്കും. ബുംറക്ക് ലോകകപ്പില്‍ കളിക്കാനാവില്ലെന്ന് ബി.സി.സി.ഐ മെഡിക്കല്‍ സംഘം ഇതുവരെ തീര്‍ത്തു പറഞ്ഞിട്ടില്ല. ടീമിലേക്ക് ചേരാന്‍ സാധ്യതയുള്ളതുകൊണ്ട് തന്നെ ബുംറക്ക് പകരക്കാരനെ ഇതുവരെ ബി.സി.സി.ഐ പ്രഖ്യാപിച്ചിട്ടില്ല.

ഇന്ത്യയുടെ ആദ്യ മത്സരത്തിന് ശേഷം ആരോഗ്യസ്ഥിതിയില്‍ പുരോഗതിയുണ്ടെങ്കില്‍ ബുംറ ഓസ്‌ട്രേലിയയിലേക്ക് തിരിക്കും. പാകിസ്ഥാനുമായിട്ടാണ് ഇന്ത്യയുടെ ആദ്യമത്സരം.

Content Highlight: there are reports that Umran Malik and Mohammad Siraj will join Team India