| Sunday, 8th June 2025, 12:57 pm

ഇത്രയും കാലത്തെ ചരിത്രത്തില്‍ ഇമ്മാതിരി ആഘോഷം കണ്ടിട്ടില്ല, ഛോട്ടാ മുംബൈ റീ റിലീസിന് പിന്നാലെ വൈറലായി തിയേറ്റര്‍ ഉടമകളുടെ കുറിപ്പുകള്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മോഹന്‍ലാല്‍ സിനിമകള്‍ ആഘോഷമാക്കുക എന്നത് മലയാളികളുടെ ശീലമാണ്. പല നടന്മാരും 100 കോടി കളക്ഷന്‍ നേടാന്‍ പാടുപെടുന്ന സമയത്ത് തുടര്‍ച്ചയായി രണ്ട് ചിത്രങ്ങള്‍ 200 കോടി ക്ലബ്ബില്‍ കയറ്റി മോഹന്‍ലാല്‍ തന്റെ താരസിംഹാസനം വീണ്ടെടുത്ത വര്‍ഷമാണ് ഇത്. പുത്തന്‍ റിലീസുകള്‍ക്ക് പിന്നാലെ റീ റിലീസിലും തിയേറ്റര്‍ പൂരപ്പറമ്പാകുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുന്നത്.

മോഹന്‍ലാലിന്റെ കരിയറില്‍ ഏറ്റവുമധികം റിപ്പീറ്റ് വാല്യുവുള്ള ചിത്രങ്ങളിലൊന്നായ ഛോട്ടാ മുംബൈയാണ് ഇപ്പോള്‍ തിയേറ്ററുകളെ ഇളക്കിമറിക്കുന്നത്. 18 വര്‍ഷങ്ങള്‍ക്ക് ശേഷം 4K റീമാസ്‌റ്റേഡ് വേര്‍ഷന്‍ തിയേറ്ററുകളിലെത്തിയപ്പോള്‍ പ്രായഭേദമന്യേ പ്രേക്ഷകര്‍ സിനിമയെ ആഘോഷിക്കുകയാണ്. 100ല്‍ താഴെ സെന്ററുകളില്‍ മാത്രമെത്തിയ സിനിമ രണ്ടാം ദിനം മുതല്‍ കൂടുതല്‍ കേന്ദ്രങ്ങളില്‍ പ്രദര്‍ശനത്തിനെത്തി.

കേരളത്തിലെ കിങ് സൈസ് തിയേറ്ററുകളില്‍ പലതും ഹൗസ്ഫുള്ളായാണ് ഛോട്ടാ മുംബൈ പ്രദര്‍ശിപ്പിച്ചത്. മോഹന്‍ലാല്‍ അടക്കം പല താരങ്ങളുടെയും ഇന്‍ട്രോക്ക് ആര്‍പ്പുവിളിയും കൈയടിയുമായിരുന്നു. പാട്ടുകള്‍ക്ക് സ്‌ക്രീനിന്റെ മുന്നില്‍ ചുവടുവെക്കുന്ന ആരാധകരുടെ വീഡിയോകളും ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു.

തിയേറ്റര്‍ ഉടമകള്‍ വരെ ചിത്രത്തിന്റെ റീ റിലീസിനെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ്. ഇത്രയും കാലത്തെ ചരിത്രത്തില്‍ ഇതുപോലൊരു ആഘോഷത്തിന് സാക്ഷ്യം വഹിച്ചിട്ടില്ലെന്നാണ് കേരളത്തിലെ ഏറ്റവും വലിയ തിയേറ്ററുകളിലൊന്നായ കോഴിക്കോട് അപ്‌സരയുടെ ഉടമകള്‍ സമൂഹമാധ്യമമായ എക്‌സില്‍ കുറിച്ചത്. 1000ത്തിലധികം സീറ്റുകളുള്ള തിയേറ്ററില്‍ എല്ലാ ഷോയും ഹൗസ്ഫുള്ളാണ്.

1100 സീറ്റുകളുള്ള എറണാകുളം കവിത തിയേറ്ററിലും ഇതേ അവസ്ഥ തന്നെയാണ്. ദിവസേന ഒരു ഷോ എന്ന നിലയില്‍ ആരംഭിച്ച ഛോട്ടാ മുംബൈ കഴിഞ്ഞദിവസം മുതല്‍ അഞ്ച് ഷോയായി ഉയര്‍ത്തിയിരുന്നു. ഈയാഴ്ചത്തെ വമ്പന്‍ റിലീസുകളിലൊന്നായ തഗ് ലൈഫിന് പകരം പല തിയേറ്ററുകളും ഛോട്ടാ മുംബൈ പ്രദര്‍ശിപ്പിക്കുകയാണ്.

റീ റിലീസ് ചെയ്ത ആദ്യദിവസം 37 ലക്ഷമാണ് ചിത്രം സ്വന്തമാക്കിയത്. മലയാളത്തിലെ റീ റിലീസ് സിനിമകള്‍ക്കിടയില്‍ ഏറ്റവുമുയര്‍ന്ന മൂന്നാമത്തെ കളക്ഷനാണ് ഇത്. മോഹന്‍ലാലിന്റെ തന്നെ ദേവദൂതന്‍, സ്ഫടികം എന്നീ സിനിമകളാണ് ലിസ്റ്റില്‍ ഒന്നും രണ്ടും സ്ഥാനത്തുള്ളത്. മറ്റ് നടന്മാരുടെ റീ റിലീസുകള്‍ക്ക് ലഭിക്കാത്ത സ്വീകാര്യത മോഹന്‍ലാല്‍ സിനിമകള്‍ക്ക് ലഭിക്കുമ്പോള്‍ മലയാളികള്‍ ഏറ്റവുമധികം ആഘോഷിക്കുന്ന താരമേതെന്ന ചോദ്യത്തിനുള്ള മറുപടിയും ലഭിച്ചിരിക്കുകയാണ്.

Content Highlight: Theatre owners post viral in social media after Chotta Mumbai re release

Latest Stories

We use cookies to give you the best possible experience. Learn more