ടെഹ്‌റാന്‍: ഇറാനെതിരായ യുദ്ധം എത്രയും വേഗം അവസാനിപ്പിക്കണെമെന്ന് പത്തില്‍ ഏഴ് അമേരിക്കക്കാരും യു.എസിനോട് ആവശ്യപ്പെടുന്നതായി സര്‍വേ റിപ്പോര്‍ട്ട്.
ദി ഇക്കണോമിസ്റ്റ്, യുഗോവ് എന്നിവ സംയുക്തമായി നടത്തിയ സര്‍വേയില്‍ നിന്നുള്ളതാണ് വിവരം. സര്‍വേയില്‍ പങ്കെടുത്ത 68 ശതമാനം അമേരിക്കക്കാരും ഇറാനുമായുള്ള യുദ്ധം എത്രയും വേഗം അവസാനിപ്പിക്കാന്‍ ഒരു കരാറിലെത്തണം എന്ന അഭിപ്രായക്കാരാണ്.
11 ശതമാനം പേര്‍ മാത്രമാണ് കരാറുണ്ടാക്കാനുള്ള നീക്കത്തെ എതിര്‍ത്തത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, യു.എസിലെ പ്രധാന രാഷ്ട്രീയ പാര്‍ട്ടികളിലെ അണികള്‍ക്കിടയിലും യുദ്ധം അവസാനിപ്പിക്കണമെന്ന കാര്യത്തില്‍ സമാനമായ ചിന്താഗതിയാണ് നിലനില്‍ക്കുന്നത്.
ഡെമോക്രാറ്റിക് പാര്‍ട്ടി അനുകൂലികളില്‍ 83 ശതമാനവും, സ്വതന്ത്ര നിലപാടുള്ളവരില്‍ 73 ശതമാനവും, ഭരണകക്ഷിയായ റിപ്പബ്ലിക്കന്‍ പാര്‍ട്ടി അനുകൂലികളില്‍ 54 ശതമാനവും യുദ്ധം നിര്‍ത്താനുള്ള ചര്‍ച്ചകളെ പിന്തുണയ്ക്കുന്നു.
തുടര്‍ച്ചയായ സൈനിക ഇടപെടലുകള്‍ മൂലമുണ്ടാകുന്ന സാമ്പത്തിക പ്രതിസന്ധിയും ഇന്ധനവില വര്‍ധനവിനെക്കുറിച്ചുള്ള ആശങ്കകളുമാണ് അമേരിക്കന്‍ ജനതയെ യുദ്ധത്തില്‍ നിന്ന് പിന്തിരിപ്പിക്കുന്നത്. ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന ഒരു യുദ്ധം രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ കൂടുതല്‍ തകിടം മറിക്കുമെന്ന് സാധാരണക്കാരായ അമേരിക്കക്കാര്‍ ഭയപ്പെടുന്നു.
യുദ്ധം അവസാനിപ്പിക്കുന്നതിനായി കഴിഞ്ഞ ദിവസം യു.എസ് പ്രതിനിധി സഭയും ഒരു പ്രമേയം പാസാക്കിയിരുന്നു. യുദ്ധവുമായി മുന്നോട്ട് പോവേണ്ടതില്ലെന്നും ഇറാനില്‍ നിന്ന് യു.എസ് സൈന്യം ഉടന്‍ പിന്മാറണമെന്നും ആവശ്യപ്പെടുന്നതാണ് പ്രമേയം.
ഇറാനെതിരായ യുദ്ധനടപടികള്‍ക്ക് നിയന്ത്രണം ആവശ്യപ്പെട്ട വാര്‍ പവേഴ്സ് റെസല്യൂഷന്‍ പ്രമേയമാണ് പാസാക്കിയത്. കോണ്‍ഗ്രസിന്റെ അനുമതിയില്ലാതെ യുദ്ധം തുടരരുതെന്നാണ് ട്രംപ് ഭരണകൂടത്തോട് സഭയുടെ നിര്‍ദേശം.
208നെതിരെ 215 വോട്ടുകള്‍ക്കാണ് പ്രമേയം പാസായിരിക്കുന്നത്. ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലുള്ള നാല് പ്രതിനിധികളും പ്രമേയത്തെ അനുകൂലിച്ച് വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്. പ്രമേയം ഇനി സെനറ്റിന്റെ പരിഗണനയ്ക്ക് വെക്കും.
ഇറാനുമായുള്ള സംഘര്‍ഷം ആരംഭിച്ച് 3 മാസങ്ങള്‍ക്ക് ശേഷമാണ് ട്രംപിന്റെ സൈനിക നയങ്ങള്‍ക്കെതിരെ ഇത്തരമൊരു കനത്ത നീക്കം യു.എസ് പാര്‍ലമെന്റില്‍ ഉണ്ടാകുന്നത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രതിനിധികള്‍ പോലും അനുകൂലിച്ചതോടെ ട്രംപിനെതിരായ രോഷമാണ് വ്യക്തമാവുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്.
‘ഇന്ന് ഈ പ്രമേയം പാസായത് ഒരു സുപ്രധാന വഴിത്തിരിവിനെയാണ് സൂചിപ്പിക്കുന്നത്. മിഡില്‍ ഈസ്റ്റില്‍ വീണ്ടുമൊരു തുറന്ന യുദ്ധത്തിന് ജനപ്രതിനിധികള്‍ ആഗ്രഹിക്കുന്നില്ല,’ വോട്ടെടുപ്പിന് ശേഷം വാര്‍ പവര്‍ റെസല്യൂഷന്‍ സ്പോണ്‍സര്‍ ഗ്രിഗറി മീക്ക്സ് പറഞ്ഞു.
Content Highlight: The war with Iran should be ended and a deal should be made: Survey report shows that the majority of Americans are against war
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.