തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിലെ വിധി തന്നെ വളരെയധികം വേദനിപ്പിച്ചുവെന്ന് ഫ്രാങ്കോ മുളയ്ക്കല്‍ കേസിലെ അതിജീവിത.
വിധി കേട്ടപ്പോള്‍ തന്റെ പഴയ ഓര്‍മകളിലേക്ക് പോയെന്നും നടിയ്ക്ക് നീതി കിട്ടിയില്ലെന്നും അതിജീവിതയായ സിസ്റ്റര്‍ റാനിറ്റ് പറഞ്ഞു. തന്റെ പേരും മുഖവും ആദ്യമായി വെളിപ്പെടുത്തികൊണ്ട് ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയിരുന്നു സിസ്റ്റര്‍ റാനിറ്റ്.
നടിയെ ആക്രമിച്ച കേസിലെ വിധിയാണ് തനിക്ക് പുറത്തുവരാന്‍ പ്രചോദനമായത്. വിധി വന്നതിന് ശേഷം മുഖ്യമന്ത്രി വിളിച്ച ഒരു പരിപാടിയില്‍ ആ നടി പങ്കെടുത്തതായി കണ്ടു. എന്തുമാത്രം വേദന സഹിച്ചിട്ടും ആ പരിപാടിയില്‍ പങ്കെടുക്കാന്‍ നടി കാണിച്ച സന്നദ്ധത, അതെനിക്ക് നല്‍കിയത് വല്ലാത്തൊരു പ്രചോദനമാണെന്നും റാനിറ്റ് കൂട്ടിച്ചേര്‍ത്തു.
തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ ഒരുപാട് വിഷമിച്ചിട്ടുണ്ടെന്നും റാനിറ്റ് പറയുന്നു. തന്റെ അമ്മയ്ക്ക് അമ്മയുടെ അച്ഛൻ വാങ്ങിക്കൊടുത്ത ഭൂമി സംബന്ധിച്ചായിരുന്നു ഒരു ആരോപണം. ആ സ്ഥലത്താണ് ആരോപപണത്തിന് കാരണമായ തങ്ങളുടെ ഒരു ബില്‍ഡിങ് ഉള്ളതെന്നും സിസ്റ്റര്‍ പറഞ്ഞു.
‘അതായത് എന്റെ അപ്പച്ചന്‍ ഈ സ്ഥലത്തിന്റെ ഒരു വിഹിതം എന്റെ ചേച്ചിക്ക് നല്‍കിയിരുന്നു. അവിടെ എന്റെ ചേച്ചിയാണ് ഷോപ്പിങ് കോംപ്ലക്‌സ് പണിതിരിക്കുന്നത്. അതില്‍ തന്നെയുള്ള ഒരു വിഹിതത്തിലാണ് എന്റെ സഹോദരന്‍ കെട്ടിടം പണിതിരിക്കുന്നത്. ഒരിക്കലും ബിഷപ്പ് ഫ്രാങ്കോയില്‍ നിന്നോ രൂപതയില്‍ നിന്നോ അഞ്ച് പൈസ പോലും വാങ്ങിയിട്ടല്ല ഞങ്ങള്‍ ജീവിച്ചിരിക്കുന്നത്,’ സിസ്റ്റര്‍ റാനിറ്റ് പറഞ്ഞു.
സഭയെ അധിക്ഷേപിച്ചിട്ടില്ലെന്നും സഭയുടെ നിശബ്ദതയാണ് തങ്ങളെ തെരുവിലേക്ക് എത്തിച്ചതെന്നും റാനിറ്റ് കൂട്ടിച്ചേര്‍ത്തു. കുടുംബാംഗങ്ങളെയും കുറവിലങ്ങാടുള്ള കന്യാസ്ത്രീകളെയും കുടുക്കാനുള്ള ശ്രമങ്ങളുണ്ടായെന്നും വെളിപ്പെടുത്തലുണ്ട്.
തന്നെ കൊല്ലാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് ബിഷപ്പ് ഫ്രാങ്കോ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പിന്നാലെ തന്റെ സഹോദരനെ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. ഈ സമയത്താണ് സഭാ നേതൃത്വത്തിന് താന്‍ എഴുതിയ കത്ത് സഹോദരന് കൊടുത്ത ശേഷം സത്യങ്ങള്‍ പറഞ്ഞോളുവെന്ന് അറിയിച്ചത്. അല്ലാത്തപക്ഷം ഈ സംഭവങ്ങളൊന്നും പുറത്തുവരില്ലായിരുന്നുവെന്നും സിസ്റ്റര്‍ റാനിറ്റ് പറഞ്ഞു.
സന്ന്യാസത്തില്‍ ഒരു കന്യാസ്ത്രീ ഏറ്റവും പ്രധാനമായി കാണുന്നത് ചാരിത്രശുദ്ധിയാണ്. അത് നഷ്ടപ്പെട്ടുവെന്ന് താന്‍ പൊതുജനങ്ങളോട് പറഞ്ഞാല്‍ അതോടെ സഭയില്‍ നിന്ന് ഇറക്കപ്പെടും. സഭ വിട്ടവരുടെ പിന്നീടുള്ള അവസ്ഥ ഒരുപാട് കണ്ടിട്ടിട്ടുണ്ട്. ‘മഠംചാടി’…. ഈ നിര്‍വചനം നമുക്കൊരിക്കലും മറക്കാനാകില്ലെന്നും റാനിറ്റ് കൂട്ടിച്ചേര്‍ത്തു.
‘ഞാന്‍ വളര്‍ത്തിക്കൊണ്ടിരിക്കുന്ന മക്കളോട് വേണം ‘എന്റെ ചാരിത്രശുദ്ധി നഷ്ടപ്പെട്ടുവെന്ന്’ ഞാന്‍ പറയേണ്ടത്. അതെനിക്ക് കഴിയില്ല. ഒരമ്മയ്ക്കും അതിന് കഴിയില്ല. മഠത്തിന് അകത്ത് എന്ത് സംഭവിക്കുന്നുവെന്ന് കാണിക്കാതെ പുറത്ത് മനുഷ്യരുടെ മുന്നിലേക്ക് നമ്മള്‍ ചിരിച്ചുകൊണ്ടും മാന്യമായി വസ്ത്രമണിഞ്ഞും നടക്കേണ്ട അവസ്ഥയുണ്ട്,’ എന്നും സിസ്റ്റര്‍ റാനിറ്റ് പറഞ്ഞു.
പല കന്യാസ്ത്രീകളയുടെയും അവസ്ഥകള്‍ താന്‍ കണ്ടിട്ടുണ്ട്. കേട്ടിട്ടുമുണ്ട്. തുറന്നുപറച്ചില്‍ നടത്തിയതിന്റെ പേരില്‍ പുറത്തുപോകേണ്ടി വന്നവര്‍. അതിനുശേഷം അവര്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന വേദനകള്‍ നേരിട്ട് കണ്ടവളാണ് താനെന്നും സിസ്റ്റര്‍ റാനിറ്റ് വെളിപ്പെടുത്തി.
ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിട്ടപ്പോള്‍ തകര്‍ന്നുപോയെന്നും കഴിഞ്ഞ മൂന്ന് വര്‍ഷമായി സഭ തങ്ങളുടെ ചെലവ് നോക്കുന്നില്ലെന്നും റാനിറ്റ് പറഞ്ഞു. തങ്ങള്‍ ആറ് പേര്‍ ചേര്‍ന്ന് തയ്യല്‍ നടത്തുന്നുണ്ട്. എന്നാല്‍ സഭാധികാരികള്‍ അതിനെ ബിസിനസ് നടത്തുകയാണെന്നാണ് പറയുന്നത്. ഇതില്‍ മൂന്ന് പേര്‍ സഭ വിട്ടുപോയെന്നും സിസ്റ്റര്‍ പറഞ്ഞു.
Content Highlight: The verdict in the actress attack case was painful; Survivor in the Franco Mulakkal case