ഫലസ്തീൻ, സിറിയ രാജ്യങ്ങളിലേക്കും യാത്രാവിലക്ക് വ്യാപിപ്പിച്ച് അമേരിക്ക
Travel Ban
ഫലസ്തീൻ, സിറിയ രാജ്യങ്ങളിലേക്കും യാത്രാവിലക്ക് വ്യാപിപ്പിച്ച് അമേരിക്ക
ശ്രീലക്ഷ്മി എ.വി.
Wednesday, 17th December 2025, 7:41 am

വാഷിങ്ടൺ: ഫലസ്തീൻ, സിറിയയുൾപ്പെടെ 20 രാജ്യങ്ങളിലേക്ക് യാത്രാവിലക്കും നിയന്ത്രണങ്ങളും വ്യാപിപ്പിച്ച് അമേരിക്ക.

ഫലസ്തീൻ അതോറിറ്റി നൽകിയ രേഖകളിൽ യാത്ര ചെയ്യുന്നവരെയും മറ്റ് അഞ്ച് രാജ്യങ്ങളെയും യു.എസ് യാത്രയ്ക്ക് പൂർണ വിലക്ക് നേരിടുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തി. പട്ടികയിലുള്ള മറ്റ് 12 രാജ്യങ്ങൾക്ക് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു.

കുടിയേറ്റത്തിനെതിരായ നടപടികൾ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് നിയന്ത്രണങ്ങൾ വിപുലീകരിക്കുന്നതെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു.

യു.എസിനെ ഭീഷണിപ്പെടുത്താൻ ഉദ്ദേശിക്കുന്ന വിദേശികളെ നിരോധിക്കുകയാണ് യാത്രാവിലക്കിലൂടെയുള്ള നീക്കമെന്ന് അമേരിക്ക അറിയിച്ചു.

ഫലസ്തീൻ, ബുർക്കിന ഫാസോ, മാലി, നൈജർ, ദക്ഷിണ സുഡാൻ, സിറിയ തുടങ്ങിയ രാജ്യങ്ങളെയാണ് നിലവിൽ പുതുതായി പട്ടികയിൽ ഉൾപ്പെടുത്തിയത്.

നൈജീരിയ, കരീബിയൻ രാജ്യങ്ങൾ എന്നിവയുൾപ്പെടെ മറ്റ് ആഫ്രിക്കൻ രാജ്യങ്ങളിലെ പൗരന്മാർക്കും അമേരിക്ക ഭാഗികമായി നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നുണ്ട്.

ഫലസ്‌തീനെ ഒരു രാഷ്ട്രമായോ അധിനിവേശ പ്രദേശമായോ ഉത്തരവിൽ പരാമർശിച്ചില്ല, പകരം ‘ഫലസ്തീൻ അതോറിറ്റി നൽകിയതോ അംഗീകരിച്ചതോ ആയ രേഖകളിൽ യാത്ര ചെയ്യാൻ ശ്രമിക്കുന്ന വ്യക്തികൾക്ക് പൂർണ വിലയ്ക്കും പ്രവേശന നിയന്ത്രണങ്ങളും ബാധകമാണ്,’ ഉത്തരവിൽ അമേരിക്ക പറഞ്ഞു.

‘യു.എസ് ഭീകരരായി പ്രഖ്യാപിച്ച നിരവധി ഗ്രൂപ്പുകൾ വെസ്റ്റ് ബാങ്കിലോ ഗസയിലോ സജീവമായി പ്രവർത്തിക്കുകയും അമേരിക്കൻ പൗരന്മാരെ കൊലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്,’ അമേരിക്ക കൂട്ടിച്ചേർത്തു.

അമേരിക്കൻ ഭരണകൂടത്തിന്റെ വംശീയ ക്രൂരതയ്ക്ക് അതിരുകളില്ലെന്നും ഈ യാത്രവിലക്ക് അറബ്, ആഫ്രിക്കൻ രാജ്യങ്ങളിലെ വംശഹത്യയിൽ നിന്നും പലായനം ചെയ്യുന്നവരെ ബാധിക്കുമെന്നും ഫലസ്തീൻ വംശജയായ ഡെമോക്രാറ്റിക്‌ കോൺഗ്രസ് വനിതാ റാഷിദ ത്വലൈബ് പറഞ്ഞു.

അഫ്ഗാനിസ്ഥാൻ, ബർമ്മ, ചാഡ്, റിപ്പബ്ലിക് ഓഫ് കോംഗോ, ഇക്വറ്റോറിയൽ ഗിനിയ, എറിത്രിയ, ഹെയ്‌തി, ഇറാൻ, ലിബിയ, സൊമാലിയ, സുഡാൻ, യെമൻ എന്നീ രാജ്യങ്ങളാണ് പൂർണ യാത്ര വിലക്ക് നേരിടുന്ന മറ്റ് രാജ്യങ്ങൾ.

അംഗോള, ആന്റിഗ്വ ആൻഡ് ബാർബുഡ, ബെനിൻ, ഡൊമനിക്ക, ഗാബൺ, ഗാംബിയ,ഐവറി കോസ്റ്റ്, മലാവി, മൗറിറ്റാനിയ, സെനഗൽ, ടാൻസാനിയ, ടോംഗ, സാംബിയ, സിംബാബ്‌വെ തുടങ്ങിയ രാജ്യങ്ങളാണ് ഭാഗികമായ നിയന്ത്രണങ്ങൾ നേരിടുന്നത്.

Content Highlight: The United States has extended travel bans and restrictions to 20 countries, including Palestine

ശ്രീലക്ഷ്മി എ.വി.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍ നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാന്തര ബിരുദം.