യുവതാരങ്ങളുടെ കൂട്ടായ്മയിൽ ഒരുങ്ങി തിയേറ്ററുകളിൽ വലിയ വിജയമായി മാറിയ ചിത്രമാണ് വാഴ 2. സോഷ്യൽ മീഡിയയിലും ഇൻസ്റ്റഗ്രാം റീലുകളിലൂടെയും ശ്രദ്ധ നേടിയ നിരവധി പുതുമുഖങ്ങളെ അണിനിരത്തി സംവിധായകൻ സവിൻ സ ഒരുക്കിയ ചിത്രം റിലീസിന് പിന്നാലെ തന്നെ പ്രേക്ഷകർക്കിടയിൽ വലിയ തരംഗമായി മാറുകയായിരുന്നു.
വലിയ താരനിരയോ ഹൈപ്പോ ഇല്ലാതെയെത്തിയ ചിത്രം ബോക്‌സ് ഓഫീസിൽ വമ്പൻ വിജയമായി മാറുകയും പിന്നീട് ഒ.ടി.ടി റിലീസിലും മികച്ച പ്രതികരണം നേടുകയും ചെയ്തു.
എന്നാൽ സിനിമയിലെ ഒരു പ്രത്യേക രംഗം റിലീസിന് പിന്നാലെ വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഒരു പൊലീസുകാരനെതിരെ കടുത്ത ഭാഷയിൽ പ്രതികരിക്കുന്നതും കുടുംബത്തെ അധിക്ഷേപിക്കുന്നതുമായ രംഗമാണ് ചില വിമർശനങ്ങൾക്ക് വഴിവെച്ചത്.
വാഴ 2, Photo: IMDb
ചിത്രത്തിൽ ആ പൊലീസുകാരന്റെ കഥാപാത്രത്തെ അവതരിപ്പിച്ചത് നടൻ കൃഷ്ണപ്രസാദ് ആയിരുന്നു. ഇപ്പോഴിതാ ആ വിമർശനങ്ങളെ കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് താരം.
മലയാള മനോരമ ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു കൃഷ്ണപ്രസാദിന്റെ പ്രതികരണം. ‘സിനിമയിൽ ചെറുവേഷങ്ങളിൽ വന്നുപോകാറുണ്ടെങ്കിലും ഒരു ഹിറ്റ് ചിത്രത്തിൽ അഭിനയിക്കുമ്പോൾ ലഭിക്കുന്ന ശ്രദ്ധയും അംഗീകാരവും വളരെ പ്രധാനമാണ്.
വാഴ 2 എനിക്ക് അത്തരമൊരു അവസരമാണ് നൽകിയത്. ഇപ്പോൾ പുതിയ പ്രോജക്ടുകളിലേക്ക് വിളികൾ വരാൻ തുടങ്ങി. അതിൽ വലിയ സന്തോഷമുണ്ട്,’എന്നാണ് താരം പറഞ്ഞത്.
ചിത്രത്തിലേക്ക് തന്നെ ക്ഷണിച്ചത് തിരക്കഥാകൃത്ത് വിപിൻ ദാസ് ആണെന്നും കൃഷ്ണപ്രസാദ് പറഞ്ഞു. ‘സെറ്റിൽ എത്തിയപ്പോഴാണ് സംവിധായകൻ സവിൻ സായെ നേരിൽ പരിചയപ്പെടുന്നത്.
സിനിമയുടെ സെറ്റിലുണ്ടായിരുന്ന യൂത്ത് വൈബ് തന്നെ ചിത്രത്തിനും ലഭിച്ചു. ഇതുവരെ ഫോണിൽ സംസാരിച്ചിട്ടുണ്ടെങ്കിലും ഞാനും വിപിനും നേരിൽ കണ്ടിട്ടില്ല എന്നതാണ് രസകരമായ കാര്യം,’ താരം പറഞ്ഞു.
കൃഷ്ണപ്രസാദ്, Photo: YouTube/ Screengrab
ആദ്യമായാണ് പൊലീസ് വേഷത്തിൽ അഭിനയിക്കുന്നതെന്നും സിനിമയിലെ ചില ഡയലോഗുകൾക്കെതിരെ വിമർശനങ്ങൾ വന്നിരുന്നുവെന്നും കൃഷ്ണപ്രസാദ് വ്യക്തമാക്കി.
‘പൊലീസിനെതിരെ ഉപയോഗിച്ച ചില വാക്കുകൾ കടുപ്പം കൂടിയെന്ന് ചിലർ പറഞ്ഞു. പക്ഷേ, ചില പൊലീസുകാരെങ്കിലും ഇത്തരം സാഹചര്യങ്ങളിലൂടെ കടന്നുപോകാറുണ്ട്.
അടുത്തിടെ ഒരു പോലീസുകാരുടെ കൂട്ടായ്മയിൽ പോയപ്പോൾ എല്ലാവരും വളരെ സ്നേഹത്തോടെ സംസാരിച്ചു. അവർക്ക് എന്റെ ‘കാവലാണ് കാക്കി’ കഥാപാത്രത്തോട് യാതൊരു പിണക്കവുമില്ല,’ എന്നാണ് താരത്തിന്റെ പ്രതികരണം.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി.
ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.