ജോഷി ചതിച്ചാശാനേ; ഇന്ത്യയില്‍ പല തിയേറ്ററുകളിലും അവതാറിനൊപ്പം ഡൂംസ് ഡേ ടീസര്‍ പ്രദര്‍ശിപ്പിച്ചില്ല
World Cinema
ജോഷി ചതിച്ചാശാനേ; ഇന്ത്യയില്‍ പല തിയേറ്ററുകളിലും അവതാറിനൊപ്പം ഡൂംസ് ഡേ ടീസര്‍ പ്രദര്‍ശിപ്പിച്ചില്ല
അശ്വിന്‍ രാജേന്ദ്രന്‍
Monday, 22nd December 2025, 12:10 am

ലോകമെമ്പാടുമുള്ള സിനിമാ ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ടാണ് ജെയിംസ് കാമറൂണിന്റെ മാസ്റ്റര്‍ ക്ലാസ് ഐറ്റം അവതാറിന്റെ മൂന്നാം ഭാഗമായ അവതാര്‍: ഫയര്‍ ആന്‍ഡ് ആഷ് കഴിഞ്ഞ ദിവസം തിയേറ്ററുകളിലെത്തിയത്. സിനിമയുടെ റിലീസിനൊപ്പം മാര്‍വല്‍ സ്റ്റുഡിയോസിന്റെ അവഞ്ചേഴ്‌സ് ഡൂംസ്‌ഡേയുടെ ടീസറുകളും പുറത്തുവിടുമെന്നും അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു.

ഡൂംസ്‌ഡേ. Photo: The direct

മാര്‍വലിന് വലിയ ഫാന്‍ബോസുള്ള ഇന്ത്യയടക്കമുളള രാജ്യങ്ങളിലെ ആരാധകരെ കൊണ്ട് കൂടി അവതാറിന് ടിക്കറ്റെടുപ്പിക്കുക എന്ന മാര്‍ക്കറ്റിംഗ് സ്ട്രാറ്റര്‍ജിയാണ് ഈ നീക്കത്തിലൂടെ അണിയറപ്രവര്‍ത്തകര്‍ ഉന്നം വെച്ചത്. എന്നാല്‍ ചിത്രം റിലീസായ ഇന്ത്യയിലെ മിക്ക തിയേറ്ററുകളില്‍ നിന്നും പുറത്ത് വരുന്ന വാര്‍ത്തകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.

നോയിഡയിലെ ചില പ്രീമിയം ഐമാക്‌സ് തിയേറ്ററുകള്‍ ഒഴികെ മറ്റൊരു സ്ഥലത്തും ടീസര്‍ പ്രദര്‍ശിപ്പിച്ചിട്ടില്ലെന്നാണ് ചിത്രം കണ്ടിറങ്ങിയ പ്രേക്ഷകര്‍ പറയുന്നത്. ചിത്രം റിലീസായതിനു ശേഷമുള്ള ഓരോ ആഴ്ചകളിലുമായി മൊത്തം നാലു ടീസറുകള്‍ പുറത്തുവിടുമെന്നായിരുന്നു നേരത്തേ അറിയിച്ചിരുന്നത്.

എന്നാല്‍ ഇന്ത്യയിലെ തിയേറ്ററുകളില്‍ മാത്രം ടീസറുകള്‍ പ്രദര്‍ശിപ്പിക്കാത്തതിലുള്ള ആരാധകരുടെ അമര്‍ഷം ഇതിനോടകം തന്നെ ട്രോളുകളായി സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്. എന്നാല്‍ ഇന്ത്യയില്‍ മാത്രമല്ല യൂറോപ്പിലെ പലയിടങ്ങളിലും ബ്രസീലിലും സമാനമായ പ്രശ്‌നം നേരിടുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

അവതാര്‍: ദ ഫയര്‍ ആന്‍ഡ് ആഷ് കാണുന്നതിന് പകരം ഡൂംസ്‌ഡേയുടെ ടീസര്‍ കാണാനായി മാത്രം ടിക്കറ്റെടുത്ത് തിയേറ്ററിലെത്തിയവരെയാണ് തിയേറ്ററുകാരുടെ പിടിപ്പുകേട് ഏറ്റവുമധികം നിരാശരാക്കിയിരിക്കുന്നത്. ഇതോടെ നാല് ഭാഗങ്ങളായി പുറത്തുവിടുന്ന ടീസര്‍ കാണാന്‍ ഓരോ ആഴ്ച്ചയും പ്രേക്ഷകരെ കൊണ്ട് ടിക്കറ്റെടുപ്പിക്കുക എന്ന ഡിസ്‌നിയുടെ ആസൂത്രണത്തിനും കനത്ത തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്.

അവതാര്‍: ഫയര്‍ ആന്‍ഡ് ആഷ്.Photo: Reddif.com

അതേ സമയം അവതാര്‍ റിലീസിന് എത്തുന്നതിന് മുമ്പ് തന്നെ ലീക്കായ ഡൂംസ്‌ഡേയുടെ ആദ്യ ടീസര്‍ വന്‍ രീതിയില്‍ സാമൂഹിക മാധ്യമത്തില്‍ വൈറലായിരുന്നു. ക്യാപ്റ്റന്‍ അമേരിക്കയുടെ പാക്ക് ചെയ്തു വെച്ച പെട്ടിയിലേക്ക് നോക്കുന്ന ക്രിസ് ഇവാന്‍സിനെ കാണിക്കുന്ന ടീസര്‍ സ്റ്റീവ് റോജേര്‍സ് അവഞ്ചേഴ്‌സിലേക്ക് തിരിച്ചു വരുന്നുവെന്ന സൂചന നല്‍കിയിരുന്നു.

ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ നിന്നും ശരാശരി അഭിപ്രായമാണ് അവതാര്‍: ഫയര്‍ ആന്‍ഡ് ആഷിന് ലഭിക്കുന്നതെങ്കിലും മികച്ച കളക്ഷനാണ് റിലീസായ ആദ്യ ആഴ്ചയില്‍ തന്നെ ചിത്രത്തിന് നേടാനായിട്ടുള്ളത്. മികച്ച ദൃശ്യ വിരുന്നാണ് ചിത്രം എന്നാണ് അവതാര്‍ കണ്ടിറങ്ങിയ പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്ന വിവരം.

Content Highlight: the teaser of avengers doomsday did not released with avatar fire and ash

 

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.