യൂണിവേഴ്‌സിറ്റി കോളേജില്‍ സ്വാതന്ത്ര്യവും ജനാധിപത്യവും സോഷ്യലിസവും കൊടിയില്‍ മാത്രം; വിദ്യാര്‍ത്ഥി സംഘടനകള്‍ പറയുന്നു
kERALA NEWS
യൂണിവേഴ്‌സിറ്റി കോളേജില്‍ സ്വാതന്ത്ര്യവും ജനാധിപത്യവും സോഷ്യലിസവും കൊടിയില്‍ മാത്രം; വിദ്യാര്‍ത്ഥി സംഘടനകള്‍ പറയുന്നു
ആല്‍ബിന്‍ എം. യു
Friday, 12th July 2019, 7:26 pm

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് വീണ്ടും ഇന്ന് വാര്‍ത്തകളില്‍ ഇടം നേടി. എസ്.എഫ്.ഐ പ്രവര്‍ത്തകനായ അഖില്‍ എന്ന വിദ്യാര്‍ത്ഥിയെ എസ്.എഫ്.ഐ യൂണിറ്റ് കമ്മറ്റി അംഗങ്ങളുടെ നേതൃത്വത്തില്‍ കുത്തിപ്പരിക്കേല്‍പ്പിക്കുകയും ഇതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവുമായി രംഗതെത്തുകയും ചെയ്തതാണ് ഇന്ന് സംഭവിച്ചത്. ഏതാണ്ട് ഒരു മാസം മുമ്പാണ് ഇടതുപക്ഷ അനുഭാവിയായ വിദ്യാര്‍ത്ഥിനി എസ്.എഫ്.ഐ ഭാരവാഹികളുടെ ഇടപെടല്‍ മൂലം പഠിക്കാനാവുന്നില്ലെന്ന് ആരോപിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയും പിന്നീട് ടി.സി വാങ്ങി കോളേജില്‍ നിന്ന് പടിയിറങ്ങുകയും ചെയ്തു. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് രണ്ട് വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ സദാചാര പൊലീസ് ആക്രമണം ഇതേ കോളേജില്‍ നടക്കുകയും എസ്.എഫ്.ഐ പ്രതിസ്ഥാനത്ത് വരികയും ചെയ്തത്. ഇത്തരം സംഭവങ്ങളൊക്കെ നടക്കുമ്പോള്‍ ഉയര്‍ന്ന് വരാറുള്ള ആരോപണമാണ് കോളേജില്‍ സ്വാതന്ത്ര്യമോ ജനാധിപത്യമോ  മറ്റ് വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യമില്ലെന്നുള്ളത്.

വര്‍ഷങ്ങള്‍ക്ക് മുമ്പ് യൂണിവേഴ്സിറ്റി കോളേജില്‍ മറ്റ് വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം എസ്.എഫ്.ഐ അനുവദിക്കുന്നില്ലെന്ന ആരോപണം ഉയര്‍ന്നപ്പോള്‍ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അല്‍പ്പം പരിഹാസച്ചുവയോടെ ചോദിച്ചത് ഞങ്ങള്‍ക്ക് അവര്‍ക്ക് ആളുകളെ നല്‍കാനാവില്ലല്ലോ, ആളുകള്‍ ഇല്ലാത്തത് കൊണ്ടാണ് മറ്റ് സംഘടനകള്‍ ഇല്ലാത്തതെന്നാണ്. എന്നാല്‍ ഇതേ എസ്.എഫ്.ഐ തിരുവനന്തപുരത്തെ മറ്റൊരു കോളേജായ എം.ജി കോളേജില്‍ എന്നാല്‍  എ.ബി.വി.പി സംഘടന സ്വാതന്ത്ര്യം അനുവദിക്കില്ലെന്ന് പറഞ്ഞ് പ്രക്ഷോഭം നടത്തിയിരുന്നു. അതിന് എ.ബി.വി.പി നേതാവ് ഡെക്കാന്‍ ക്രോണിക്കിള്‍ പത്രത്തിലൂടെ നല്‍കിയ മറുപടി കോടിയേരി പറഞ്ഞത് പോലെയായിരുന്നില്ല. എ.ബി.വി.പി നേതാവ് പറഞ്ഞത് യൂണിവേഴ്സിറ്റി കോളേജില്‍ ഞങ്ങള്‍ക്ക് പ്രവര്‍ത്തിക്കാന്‍ സ്വാതന്ത്ര്യം തന്നാല്‍ എം.ജി കോളേജിലും പ്രവര്‍ത്തിക്കാന്‍ സ്വാതന്ത്ര്യം തരാം എന്നായിരുന്നു.

ഇന്നത്തെ സംഭവത്തോടെ യൂണിവേഴ്സിറ്റി കോളേജിലെ ജനാധിപത്യത്തെ കുറിച്ചും സംഘടനാ പ്രവര്‍ത്തനം സാധ്യമാകാത്തതിനെ കുറിച്ചും വീണ്ടും ചര്‍ച്ചയായിരിക്കുകയാണ്. അതിനെ കുറിച്ച് എസ്.എഫ്.ഐ ഇതര സംഘടനകള്‍ക്ക് പറയാനുള്ളത് ഇതാണ്.

മാധ്യമ പ്രവര്‍ത്തകര്‍ക്ക് സമൂഹത്തില്‍ എക്കാലത്തും ബഹുമാനവും ആദരവും നല്‍കാറുണ്ട്. ആ മാധ്യമ പ്രവര്‍ത്തകര്‍ ഇന്ന് യൂണിവേഴ്സിറ്റി കോളേജിലെ ഒരു വിഷയം റിപ്പോര്‍ട്ട് ചെയ്യാന്‍ പോയപ്പോള്‍ നേരിടേണ്ടി വന്നത് നമ്മള്‍ കണ്ടതാണ്. മാധ്യമ പ്രവര്‍ത്തകര്‍ക്ക് പോലും സ്വാതന്ത്ര്യം നല്‍കാത്ത ഒരിടത്ത് പുറത്ത് നിന്നുള്ള ഒരു വിദ്യാര്‍ത്ഥി സംഘടനക്കകത്ത് എങ്ങനെയാണ് പ്രവര്‍ത്തിക്കാന്‍ കഴിയുന്നത്. പി.സി വിഷ്ണുനാഥ് കെ.എസ്.യു സംസ്ഥാന പ്രസിഡണ്ടായിരിക്കേ കോളേജിനകത്ത് കെ.എസ്.യു യൂണിറ്റ് ഇടാനുള്ള ശ്രമം നടത്തി. യൂണിറ്റ് ആയി വന്നപ്പോഴേക്കും അതിന് വേണ്ടി ശ്രമിച്ച വിദ്യാര്‍ത്ഥിക്ക് ക്യാംപസില്‍ നിന്ന് പഠിത്തം അവസാനിപ്പിച്ച് പോകേണ്ടി വന്നു. അവിടെയും തീര്‍ന്നില്ല, വേട്ടയാടി  ആ വ്യക്തിക്ക് കോണ്‍ഗ്രസ് പാര്‍ട്ടി വിട്ടുപോവേണ്ടി വന്നു. പിന്നീട് മറ്റൊരു സംഘടനയില്‍ ചേരുകയും ചെയ്യേണ്ടി വന്നു. പിന്നീട് കൊല്ലപ്പെടുകയും ചെയ്തു. അതിനിടയാക്കിയ ആദ്യ കാരണമെന്നത് കെ.എസ്.യു യൂണിറ്റ് ഉണ്ടാക്കിയെന്നതായിരുന്നു. 12 വര്‍ഷങ്ങള്‍ക്ക് മുമ്പ് സംഭവിച്ചതാണ്. സംഘടന മുഖാന്തരം ആളുകളെ കൊലക്ക് കൊടുക്കാന്‍ താല്‍പര്യമില്ലാത്തത് കൊണ്ടാണ് അവിടെ യൂണിറ്റ് ഇടാത്തതിനുള്ള ഒന്നാമത്തെ കാരണം. കൊടിയില്‍ മാത്രമാണ് സ്വാതന്ത്ര്യവും ജനാധിപത്യവും സോഷ്യലിസവും ഉള്ളത്. സ്വതന്ത്ര്മായി നോമിനേഷന്‍ കൊടുക്കാന്‍ ശ്രമിച്ചവര്‍ക്ക് പോലും, എന്തിന് സ്വന്തം മുന്നണിയിലെ സംഘടനയായ എ.ഐ.എസ്.എഫിന് പോലും നോമിനേഷന്‍ കൊടുക്കാന്‍ പറ്റാത്ത അവസ്ഥയാണ്. അത്തരമൊരു സാഹചര്യത്തില്‍ ആലങ്കാരികമായി വേണമെങ്കില്‍ യൂണിറ്റ് ഇടാം എന്ന് പറയാം എന്നല്ലാതെ അത്ര എളുപ്പമല്ല. പ്രവര്‍ത്തകരായിട്ടുള്ള വിദ്യാര്‍ത്ഥികള്‍ കോളേജില്‍ ചേരുമ്പോഴേ പറയും സംഘടനയില്‍ ഉണ്ടാവില്ലെന്ന്, രക്ഷിതാക്കള്‍ പറയും വേണ്ടെന്ന്. വേറൊന്നും കൊണ്ടല്ല, സംഘടനയോട് ഇഷ്ടമില്ലാഞ്ഞിട്ടല്ല, അതിന് ശേഷം എന്ത് എന്ന് ഭയന്നിട്ടാണ്. എന്നിരുന്നാലും കൊല്ലങ്ങള്‍ക്ക് ശേഷങ്ങള്‍ക്ക് എസ്.എഫ്.ഐയ്ക്കെതിരെ ഒരു മൂവ്മെന്റ് ഉണ്ടായിരിക്കുകയാണ്, അതിന്റെ ഭാഗമായി കെ.എസ്.യു യൂണിറ്റ് ഉണ്ടായേക്കാം. ഒരു അഞ്ചോ പത്തോ വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്തി ഒരു യൂണിറ്റ് ഉണ്ടാക്കാന്‍ കഴിയാഞ്ഞിട്ടല്ല. അവരോടും കുടുംബത്തോടും നമുക്ക് ഉത്തരവാദിത്വമുണ്ട്. അവര്‍ക്ക് അപായമുണ്ടാവരുത്. അത് കൊണ്ടാണ് ക്ഷമയോടെ കാത്തിരിക്കുന്നത്”.

കെ.എം അഭിജിത്ത്, കെ.എസ്.യു സംസ്ഥാന പ്രസിഡണ്ട്.

എ.ഐ.എസ്.എഫിനും യൂണിവേഴ്സിറ്റി കോളേജില്‍ യൂണിറ്റ് സ്ഥാപിക്കാന്‍ എസ്.എഫ്.ഐ അക്രമം കാരണം കഴിഞ്ഞിട്ടില്ലെന്ന് അവരുടെ സംസ്ഥാന നേതൃത്വം പറയുന്നു.

മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പില്‍ യൂണിവേഴ്സിറ്റി കോളേജില്‍ എ.ഐ.എസ്.എഫ് യൂണിറ്റ് സ്ഥാപിച്ച് മത്സരിക്കാന്‍ ശ്രമിച്ചെങ്കിലും എസ്.എഫ്.ഐ അക്രമത്തെ തുടര്‍ന്ന്, ക്യാമ്പസിനകത്ത് നിലവിലെ സംസ്ഥാന പ്രസിഡന്റ് ജെ. അരുണ്‍ ബാബുവിനെ അടക്കം നഗ്‌നനാക്കി മര്‍ദ്ദിച്ച് ഫാസിസ്റ്റ് ശൈലിയില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിച്ചില്ല. നിലവില്‍ ഇതര വിദ്യാര്‍ത്ഥി സംഘടനകളെ ഒന്നും പ്രവര്‍ത്തിക്കാന്‍ അനുവദിക്കാത്ത ശൈലിയാണ് യൂണിവേഴ്സിറ്റി കോളേജിലെ എസ്.എഫ്.ഐ സ്വീകരിക്കുന്നത്. അത് എ.ഐ.എസ്.എഫിനും ബാധകമാണെന്ന രീതിയിലാണ് അവരുടെ പ്രവര്‍ത്തനം. പലപ്പോഴും യൂണിറ്റ് രൂപീകരിക്കാന്‍ ശ്രമിച്ചപ്പോഴൊക്കെ വിദ്യാര്‍ത്ഥിനികളെ അടക്കം ക്രൂരമായി മര്‍ദിക്കുന്ന അവസ്ഥയാണ് ഉണ്ടായിട്ടുള്ളത്. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് റെപ്രസന്റേറ്റീവ് സീറ്റിലേക്ക് മണിമേഖല എന്ന പ്രവര്‍ത്തക നോമിനേഷന്‍ കൊടുത്തു. മണിമേഖലയെ കോളേജ് മുറിയില്‍ പൂട്ടിയിട്ടു. അത് അന്വേഷിക്കാന്‍ വന്ന അരുണ്‍ ബാബുവിനെ കോളേജിന് പുറത്ത് നിന്ന് അകത്തേക്ക് പിടിച്ചു കൊണ്ട് പോയി ഇടിമുറിയില്‍ പൂട്ടിയിട്ട് മര്‍ദിച്ചു. ഉടുതുണി പറിച്ച് മണിക്കൂറുകളോളം മര്‍ദിച്ചു. അന്നത്തെ എസ്.ഐയുടെ സാന്നിദ്ധ്യത്തിലായിരുന്നു മര്‍ദനം. അതിന് ശേഷം രണ്ട് വിദ്യാര്‍ത്ഥിനികളെ സദാചാര പൊലീസ് അക്രമം നടത്തി. കഴിഞ്ഞ മാസം എസ്.എഫ്.ഐ യൂണിയനെതിരെ സംസാരിച്ചതിന്റെ പേരില്‍ ഭീഷണിയുയര്‍ന്നപ്പോള്‍ ഒരു പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ച സംഭവം ഉണ്ടായി. എ.ഐ.എസ്.എഫ് പ്രത്യക്ഷമായും പരോക്ഷമായും ഈ വിഷയം പറഞ്ഞിട്ടുണ്ട്. കോളേജ് പ്രിന്‍സിപ്പലും പൊലീസും ഇവര്‍ക്ക് ഒത്താശ ചെയ്തു കൊടുക്കുകയാണ്. രണ്ട് പെണ്‍കുട്ടികള്‍ കൊടുത്ത പരാതി പോലും, മണിമേഖല കൊടുത്ത പരാതി പോലും എവിടെയും എത്തിയിട്ടില്ല. ഇപ്പോഴത്തെ കൊലപാതക ശ്രമം പോലും തേച്ചുമാച്ചു കളയാനുള്ള ശ്രമമം നടക്കുകയാണ്. യൂണിറ്റ് കമ്മറ്റി പിരിച്ചു വിടും എന്നാണ് എസ്.എഫ്.ഐ അഖിലേന്ത്യാ കമ്മറ്റി പറഞ്ഞിരിക്കുന്നത്. ഏക സംഘടന വാദം ഉയര്‍ത്തുന്നവര്‍ക്ക് കിട്ടിയ തിരിച്ചടിയാണ്. ഏകസംഘടന വാദം ഫാസിസ്റ്റ് ശൈലിയാണ്. ഫാസിസ്റ്റ് ശൈലി നടപ്പിലാക്കുന്നതിലൂടെ നവതലമുറയെ ഇടതുവിരുദ്ധതയിലേക്ക് എത്തിക്കാനേ സാധിക്കു. ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനക്ക് ഫാസിസ്റ്റ് ശൈലി അപമാനമാണ്. ശൈലി തിരുത്തിയേ മതിയാവൂ. ജനാധിപത്യ മാര്‍ഗങ്ങളെ അംഗീകരിച്ചെ മതിയാവൂ”.

ശുഭേഷ് സുധാകരന്‍, എ.ഐ.എസ്.എഫ് സംസ്ഥാന സെക്രട്ടറി

സമാന അനുഭാവം പലപ്പോഴും നേരിടേണ്ടി വന്നിട്ടുണ്ടന്ന് എ.ഐ.ഡി.എസ്.ഓയും പറയുന്നു

യൂണിവേഴ്‌സിറ്റി കോളേജില്‍ തെരഞ്ഞെടുപ്പില്‍ എ.ഐ.ഡി.എസ്.ഓയ്ക്ക് വേണ്ടി നോമിനേഷന്‍ കൊടുത്ത എമില്‍ എന്ന വിദ്യാര്‍ത്ഥിക്ക് ആദ്യ വര്‍ഷം തന്നെ പഠനം അവസാനിപ്പിക്കേണ്ടി വന്നു. ഇപ്പോള്‍ എമില്‍ പാരലല്‍ കോളേജില്‍ പഠിക്കുകയാണ്. നോമിനേഷന്‍ തള്ളിക്കളയാന്‍ വേറെ കാരണമൊന്നും ഉണ്ടായിരുന്നില്ല. കോളേജില്‍ നില്‍ക്കാന്‍ പോലും പറ്റാത്ത അവസ്ഥയുണ്ടായി. ആദ്യം കൊടി കൊടുത്തു, പിന്നീട് ഇടിമുറിയില്‍ കൊണ്ടു പോയി, ചരിത്രത്തിലാദ്യമായി ഇടിമുറിയില്‍ കൊണ്ടുപോയിട്ടും ഇടി വാങ്ങാതെ രക്ഷപ്പെട്ട വിദ്യാര്‍ത്ഥി എന്ന നിലയ്ക്കാണ് എമിലിനെ വിശേഷിപ്പിക്കുന്നത്”.

പി.കെ പ്രഭാഷ്, എ.ഐ.ഡി.എസ്.ഓ സംസ്ഥാന സെക്രട്ടറി

ആല്‍ബിന്‍ എം. യു
സൗത്ത്‌ലൈവ് , തല്‍സമയം, ന്യൂസ്‌റെപ്റ്റ് എന്നിവിടങ്ങളില്‍ സബ് എഡിറ്റര്‍ ആയിരുന്നു. ഇപ്പോള്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. തൃശ്ശൂര്‍ ലോ കോളേജില്‍ നിന്ന് നിയമ ബിരുദം. കേരള പ്രസ്അക്കാദമിയില്‍ നിന്ന് ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ.