‘തിരക്കിലും തിരക്കുവാൻ അടുത്തൊരാളില്ലേ…!’ സർവം മായയിലെ പ്രേക്ഷകരെ തൊട്ടൊരു വരി
Malayalam Cinema
‘തിരക്കിലും തിരക്കുവാൻ അടുത്തൊരാളില്ലേ…!’ സർവം മായയിലെ പ്രേക്ഷകരെ തൊട്ടൊരു വരി
നന്ദന എം.സി
Saturday, 10th January 2026, 7:44 am

അഖിൽ സത്യൻ സംവിധാനം ചെയ്ത് നിവിൻ പോളി നായകനായെത്തിയ ‘സർവ്വം മായ’ കഥയിലൂടെയും കഥാപാത്രങ്ങളിലൂടെയും മാത്രമല്ല, സംഗീതത്തിലൂടെയും പ്രേക്ഷകരെ സ്പർശിക്കുന്ന സിനിമയായി മാറിയിരിക്കുകയാണ്. ചിത്രത്തിലെ ഗാനങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിലും പ്രേക്ഷക മനസ്സുകളിലും ഇടം നേടിയിട്ടുണ്ട്. പ്രത്യേകിച്ച്, ഹൃദയത്തിൽ തട്ടുന്ന അതിലെ ചില വരികൾ.

‘പുതുമഴ വീണ പോലൊരാൾ’ പാട്ട്, Photo: YouTube/ Screengrab

അത്തരത്തിൽ ‘പുതുമഴ വീണ പോലൊരാൾ’ എന്ന ഗാനത്തിലെ ‘തിരക്കിലും തിരക്കുവാൻ അടുത്തൊരാളില്ലേ…!’ എന്ന ഒറ്റ വരി ഇന്ന് പ്രേക്ഷകർ ഏറ്റെടുത്ത് ഒരു വികാരമായി മാറിയിരിക്കുകയാണ്. ഈ വരിയുടെ പിന്നിലെ ചിന്തകളും സംശയങ്ങളും, അതിന്റെ സ്ക്രീൻ അവതരണവും പങ്കുവെച്ചുകൊണ്ട് ഗാനരചയിതാവ് മനു മഞ്ജിത്ത് ഫേസ്ബുക്കിൽ എഴുതിയ കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

‘തിരക്കിലും തിരക്കുവാൻ അടുത്തൊരാളില്ലേ…!’സംശയിച്ചാണ് ഈ വരി അഖിലിനോട് പറഞ്ഞത്. അതിൽ ഒരു ചെറിയ എളുപ്പപ്പണി ചെയ്തതു പോലെയുണ്ടോ.. ? ഈ സിനിമയുടെ മൊത്തം പാട്ടുകളുടെ സ്വഭാവത്തിൽ നിന്നും മാറി നിൽക്കുന്നുണ്ടോ..? എന്നൊക്കെയായിരുന്നു എൻ്റെ ഉള്ളിലെ തന്നെ ചോദ്യം. പക്ഷേ’ഇത് പൊളിച്ചു ഇനിയോ ? എന്നായിരുന്നു അഖിലിൻ്റെ ചോദ്യം. ‘തരിമ്പിളം കുറുമ്പിലും ചിരിച്ചിരുന്നില്ലേ…?’പറയേണ്ട താമസം. ‘യെസ് ലോക്കാണ്’ എന്നാണ് അഖിൽ പറഞ്ഞത്,’ മനു മഞ്ജിത്ത്‌ കുറിച്ചു.

പിന്നെ എഴുതിക്കഴിഞ്ഞ ശേഷം ആ പാട്ട് മുഴുവനായി പലയാവർത്തി വായിച്ചു നോക്കുമ്പോഴും ആ വരിയോടുള്ള ഒരു ഇഷ്ട്ടം കൂടിക്കൊണ്ടിരുന്നെന്നും അദ്ദേഹം പറഞ്ഞു.

‘പുതുമഴ വീണ പോലൊരാൾ’ പാട്ട്, Photo: YouTube/ Screengrab

റെക്കോർഡിങ് സമയത്ത് ഗായിക ശക്തിശ്രീയും ഈ വരികൾ ഏറെ ഇഷ്ടമാണെന്ന് പറഞ്ഞിരുന്നുവെന്നും പക്ഷേ അഖിലിന് ആ വരി എത്രത്തോളം പ്രിയപ്പെട്ടതാണെന്ന് തനിക്ക് വ്യക്തമായത് സിനിമ കണ്ടപ്പോഴാണെന്നും മനു മഞ്ജിത് കുറിക്കുന്നു.

എഴുതിയതിനും മേലെ ഭംഗിയിൽ അത് സ്‌ക്രീനിൽ കാണാൻ കഴിയുക എന്നത് എപ്പോഴും ലഭിക്കുന്ന സന്തോഷമല്ല. എന്നാൽ, ‘അടുത്തൊരാളില്ലേ…!’ എന്നിടത്ത് നിവിൻ പോളിയുടെ ട്രേഡ്മാർക്ക് ചിരിയും ‘തരിമ്പിളം കുറുമ്പിൽ’ ഡെലുലുവിന്റെ വികൃതിയും അതിന്റെ മുഴുവൻ അഴകോടും കൂടി സ്ക്രീനിൽ കാണാൻ കഴിഞ്ഞത് അപൂർവമായ സന്തോഷമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇപ്പോൾ ഈ ഭാഗം മാത്രം അടർത്തിയെടുത്ത റീലുകൾ സോഷ്യൽ മീഡിയയിൽ ആഘോഷമാകുമ്പോൾ മനസ്സ് നിറഞ്ഞ സന്തോഷവും നന്ദിയും ഉണ്ടെന്ന് പറഞ്ഞുകൊണ്ടാണ് മനു മഞ്ജിത് തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.

Content Highlight: The song that was loved by the audience in the movie Sarvam Maya

നന്ദന എം.സി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.