ശബ്‌ദം കൊണ്ട് മനസ്സ് കീഴടക്കി; 'ചിരി തൊട്ടി'ലെ ചിന്മയി മാജിക്
Malayalam Cinema
ശബ്‌ദം കൊണ്ട് മനസ്സ് കീഴടക്കി; 'ചിരി തൊട്ടി'ലെ ചിന്മയി മാജിക്
നന്ദന എം.സി
Wednesday, 31st December 2025, 1:57 pm

നിവിൻ പോളിയെ നായകനാക്കി അഖിൽ സത്യൻ സംവിധാനം ചെയ്ത സർവ്വം മായ തിയേറ്ററിൽ വൻ വിജയം നേടിയിരിക്കുകയാണ്. അതോടൊപ്പം ചിത്രത്തിലെ ‘ചിരി തൊട്ട്’ എന്ന ഗാനവും സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയിരിക്കുകയാണ്. ലളിതമായ ട്യൂണും മെലഡിയുമാണ് ഈ പാട്ടിനെ പ്രേക്ഷകർ ഏറ്റെടുക്കാൻ കാരണമായത്.

സിനിമയിലെ ദൃശ്യങ്ങളോടൊപ്പം ‘ചിരിതൊട്ട്’ കൂടുതൽ മനോഹരമായി മാറുമ്പോൾ, റീലുകളിലും സ്റ്റോറുകളിലും പാട്ട് ട്രെൻഡിങ് ആയിരിക്കുകയാണ്.

സർവ്വം മായയിൽ നിന്നുള്ള രംഗം Photo: YouTube/ Screen grab/ FireFly films

സത്യൻ അന്തിക്കാട്- മോഹൻ ലാൽ ചിത്രം ഹൃദയപൂർവത്തിന് ശേഷം ജസ്റ്റിൻ പ്രഭാകരൻ സംഗീത സംവിധാനം നിർവഹിച്ച ചിത്രം കൂടിയാണ് സർവ്വം മായ. ജസ്റ്റിൻ പ്രഭാകരനും വെൽഡണും ചിന്മയി ശ്രീപാദയും ചേർന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.

സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ കേൾക്കപ്പെടുന്ന ഗാനങ്ങളിൽ ഒന്നായി ‘ചിരിതൊട്ട്’ മാറിയതിൽ ചിന്മയിയുടെ ശബ്ദത്തിന് വലിയ പങ്കുണ്ട്.

ഈ പാട്ടിന് ചിന്മയുടെ ശബ്‌ദം മറ്റൊരു ഭംഗിയാണ് നൽകുന്നത്. തമിഴ്, തെലുങ്ക്, മലയാളം ഉൾപ്പെടെ നിരവധി ഭാഷകളിൽ ഹിറ്റുകൾ സമ്മാനിച്ച ചിന്മയി, തന്റെ വ്യത്യസ്‍തമായ ശബ്ദത്തിലൂടെ വർഷങ്ങളായി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ ഗായികയാണ്.

സർവ്വം മായയിൽ നിന്നുള്ള രംഗം Photo: YouTube/ Screen grab/ FireFly films

ചിരിതൊട്ട്’ എന്ന പാട്ടിലും ആ സംഗീത ഭംഗി വ്യക്തമായി കാണാം. പാട്ട് കേൾക്കുന്നവർക്കൊരു സുഖകരമായ ഫീൽ നൽകാൻ ചിന്മയിയുടെ ആലാപനം വലിയ പങ്ക് വഹിക്കുന്നു.

ജസ്റ്റിൻ പ്രഭാകരന്റെ സംഗീതത്തോടൊപ്പം ഈ വരികൾ ചേർന്നപ്പോൾ, ‘ചിരിതൊട്ട്’ ഇതിനോടകം പൂർണ്ണ ഫീൽഗുഡ് ഗാനമായി മാറിയിരിക്കുകയാണ്. പ്രീതി മുകുന്ദന്റെ നൃത്ത ചുവടുകളും ഗാനത്തെ അതിന്റെ പരിപൂർണ്ണ ഭംഗിയിലെത്തിക്കുന്നു.

മനു മഞ്ജിത്തും ആരോൺ മാത്യുവും ചേർന്ന് രചിച്ച വരികളിൽ ലളിതമായ രീതിയിൽ പ്രണയത്തിന്റെയും സന്തോഷത്തിന്റെയും നിമിഷങ്ങളും അവതരിപ്പിക്കുന്നുണ്ട്.

സർവ്വം മായയിലെ ശ്രദ്ധേയമായ മ്യൂസിക്കൽ ഹൈലൈറ്റുകളിൽ ഒന്നായി ‘ചിരിതൊട്ട്’ ഇതിനോടകം മാറിയിരിക്കുകയാണ്. അതിന് പിന്നിലെ പ്രധാന ആകർഷണം ചിന്മയിയുടെ ആലാപനമാണെന്നതിൽ സംശയമില്ല.

Content Highlight: The song “Chiri Thottu” from Sarvam Maya is trending

നന്ദന എം.സി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.