എന്തുകാണ്ട് എക്കോ; ഒരൊറ്റ പേരില്‍ ഒളിഞ്ഞിരിക്കുന്ന ചില രഹസ്യങ്ങള്‍
Malayalam Cinema
എന്തുകാണ്ട് എക്കോ; ഒരൊറ്റ പേരില്‍ ഒളിഞ്ഞിരിക്കുന്ന ചില രഹസ്യങ്ങള്‍
നന്ദന എം.സി
Friday, 9th January 2026, 2:15 pm

ബാഹുല്‍ രമേശിന്റെ തിരക്കഥയിൽ ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്ത എക്കോ, റിലീസിന് പിന്നാലെ തന്നെ വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയ സിനിമയായിരുന്നു. മലയാള സിനിമയെ മറ്റൊരു തലത്തിലേക്ക് ഉയർത്തിയ ഈ ചിത്രം, ഒറ്റ കാഴ്ചയിൽ തീരുന്ന സിനിമയല്ലെന്ന തിരിച്ചറിവാണ് പിന്നീട് പ്രേക്ഷകരിൽ ഉണ്ടാക്കിയത്. കഥയെക്കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങൾ ഉയർന്നു, വീണ്ടും വീണ്ടും സിനിമ കാണാൻ പലരെയും ഇത് പ്രേരിപ്പിച്ചു.

ഒ.ടി.ടി റിലീസിന് ശേഷം എക്കോ വീണ്ടും ചർച്ചയാകുകയാണ്. പ്രത്യേകിച്ച് തിരക്കഥാകൃത്ത് ബാഹുല്‍ രമേശിന്റെ എഴുത്തിലെ സൂക്ഷ്മതകളും ബ്രില്ല്യൻസുമാണ് ഇപ്പോൾ കൂടുതൽ ശ്രദ്ധ നേടുന്നത്.

എക്കോ ഒഫിഷൽ പോസ്റ്റർ , Photo: IMDb

എക്കോ എന്ന പേര് തന്നെയാണ് ആദ്യം പ്രേക്ഷകരെ ഈ സിനിമയിലേക്ക് അടുപ്പിച്ചത്. പല തരത്തിലും വ്യത്യസ്ത അർഥങ്ങൾ ഉള്ളതുകൊണ്ടാണ് ഈ പേര് തെരഞ്ഞെടുത്തതെന്ന് സംവിധായകൻ ദിൻജിത്ത് അയ്യത്താൻ പറഞ്ഞിട്ടുള്ള കാര്യമാണ്. സംസ്‌കൃതത്തിൽ എക്കോ എന്ന വാക്കിന് ‘ഒന്ന്’, ‘ഏകത’ എന്ന അർഥമുണ്ട്. സിനിമയിൽ ഈ ‘ഒന്ന്’ എന്ന ആശയം നിർണായകമാണ്. പട്ടികൾക്ക് ഒരേയൊരു മാസ്റ്റർ മാത്രമേ ഉണ്ടാകൂ എന്ന സംഭാഷണം പോലും ഈ ഏകതയുമായി ചേർന്ന് നിൽക്കുന്നു.

എക്കോ ,Photo: Jinjith Ayyathan/ Facebook

അതുപോലെ തന്നെ, സിനിമയിൽ വരുന്ന എക്കോ സിസ്റ്റം എന്ന ആശയത്തിലും ഈ പേര് പൂർണ്ണമായും ചേരുന്നു. ഇംഗ്ലീഷിലെ echo എന്ന വാക്കിന്റെ അർഥമായ പ്രതിധ്വനി സിനിമയുടെ എല്ലാ ഘടനയിലും നിറഞ്ഞുനിൽക്കുകയാണ്. മലേഷ്യയിൽ നടക്കുന്ന സംഭവങ്ങൾ കേരളത്തിൽ പ്രതിഫലിക്കുന്നതുപോലെ ആവർത്തിക്കപ്പെടുന്നതാണ് സിനിമയുടെ പ്രധാന സ്വഭാവം.

മലേഷ്യയിൽ മ്ലാത്തിച്ചേട്ടത്തിയായ സോയിയെ ഭർത്താവ് തടങ്കലിലാക്കുന്നതും, കേരളത്തിൽ മ്ലാത്തി ചേട്ടത്തി കുര്യച്ചനെ തടങ്കലിലാക്കുന്നതും തമ്മിൽ വ്യക്തമായ സാമ്യതകളുണ്ട്. മലേഷ്യയിൽ ഒറ്റപ്പെട്ട സ്ഥലത്ത് സോയി കഴിയുന്നതുപോലെ, കേരളത്തിലും മലമുകളിലെ ഒറ്റപ്പെട്ട വീട്ടിലാണ് അവളുടെ ജീവിതം. കുര്യച്ചൻ സോയിയെ കാണാൻ എത്തുന്ന സമയത്തും, പീയൂസ് മ്ലാത്തി ചേട്ടത്തിയെ കാണാൻ എത്തുന്ന സമയത്തും പട്ടികൾ കാരണം ഇരുവർക്കും ദിവസങ്ങളോളം വീടിനകത്ത് കയറാൻ കഴിയാതെ പുറത്തു തന്നെ നിൽക്കേണ്ടിവരുന്നതും ഒരു റിപീറ്റേഷനെ കാണിക്കുന്നു.

മലേഷ്യയിൽ വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ ശ്രമിക്കുന്ന സോയിയെ പട്ടികൾ ആക്രമിക്കുന്ന ദൃശ്യവും, പിന്നീട് കേരളത്തിൽ മോഹൻ പോത്തനെ അതേപോലെ പട്ടികൾ ആക്രമിച്ച് മലമുകളിൽ നിന്ന് തള്ളിയിട്ട് കൊല്ലുന്ന ദൃശ്യവും ഒരു റിപ്പീറ്റേഷൻ പോലെ സിനിമയിൽ എത്തുന്നു. സിനിമയിലെ ഓരോ രംഗങ്ങളുടെയും ആവർത്തനമാണ് എക്കോ എന്ന പേരിന്റെ അർഥം കൂടുതൽ വ്യക്തമാക്കുന്നത്.

എക്കോ മൂവി, Photo: Netflix/ Screen grab

ജാപ്പനീസ് ഭാഷയിൽ എക്കോ എന്ന വാക്കിന് ‘കർമ്മ കൈമാറ്റം’ എന്ന അർത്ഥമാണ് ആ അർത്ഥവും സിനിമയോട് ചേർന്ന് നിൽക്കുന്നു. മലേഷ്യയിൽ മറ്റൊരാളുടെ തടങ്കലിൽ കഴിയേണ്ടിവന്ന സോയി, കേരളത്തിൽ എത്തിയ ശേഷം മറ്റൊരാളെ തടങ്കലിലാക്കുന്ന അവസ്ഥയിലേക്കാണ് എത്തുന്നത്.

അതുപോലെ കുര്യച്ചന്റെ സ്വഭാവ സവിശേഷതകൾ പീയൂസ് എന്ന കഥാപാത്രത്തിലും പ്രതിഫലിക്കുന്നതും ഈ കർമ്മ കൈമാറ്റത്തിന്റെ സൂചനയായി കാണാം.

പോത്തന്റെ മരണത്തിന് തൊട്ടുമുമ്പ് അവൻ കേൾക്കുന്ന ശബ്ദം ഒരുപക്ഷേ കുര്യച്ചന്റെ അലർച്ചയായിരിക്കാമെന്ന സൂചനയും സിനിമയിലെ പ്രതിധ്വനി ആശയത്തെ കൂടുതൽ ശക്തമാക്കുന്നു.
ഇതെല്ലാം കൂട്ടിവായിക്കുമ്പോൾ, എക്കോ എന്ന പേര് അർഥത്തിലും ആശയത്തിലും സിനിമയ്ക്ക് ഏറ്റവും അനുയോജ്യമായ ഒരു പേരാണെന്ന് വ്യക്തമാണ്. ഒരേ സംഭവങ്ങൾ, ഒരേ വേദനകൾ, വ്യത്യസ്ത ഇടങ്ങളിൽ പ്രതിധ്വനിച്ച് മടങ്ങിവരുന്ന കഥ അതാണ് ദിൻജിത്ത് അയ്യത്താന്റെ എക്കോ.

Content Highlight: The secrets hidden in the name Eko

നന്ദന എം.സി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.