ആന്റണി വർഗീസ് പെപ്പെ നായകനായെത്തുന്ന പുതിയ ചിത്രമാണ് ‘കാട്ടാളൻ’. മാർക്കോയ്ക്ക് ശേഷം ക്യൂബ്സ് എന്റർടൈൻമെന്റിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിക്കുന്ന ഈ ചിത്രം നവാഗതനായ പോൾ ജോർജ് ആണ് സംവിധാനം ചെയ്യുന്നത്. വമ്പൻ സാങ്കേതിക മികവോടെയും വലിയ ബജറ്റോടെയും ഒരുങ്ങുന്ന ചിത്രം പെപ്പെയുടെ കരിയറിലെ ഏറ്റവും വലിയ പ്രോജക്ടുകളിൽ ഒന്നായാണ് വിലയിരുത്തപ്പെടുന്നത്.
കാട്ടാളൻ, Photo: IMDb
ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റർ കഴിഞ്ഞ ദിവസം അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. മാർക്കോയിലെ പോലെ തന്നെ ശക്തമായ വയലൻസും ആക്ഷനും കാട്ടാളനിലും ഉണ്ടാകുമെന്ന് പോസ്റ്റർ സൂചന നൽകുന്നുണ്ട്. കുത്തിയൊഴുകുന്ന മഴയ്ക്കിടെ ഒരു കൊമ്പനുമായുള്ള ഭീകര സംഘട്ടനത്തിന് ശേഷം, അതിന്റെ മസ്തകം പിളർത്തി മഴുവുമായി നിൽക്കുന്ന പെപ്പെയെയാണ് പോസ്റ്ററിൽ കാണുന്നത്.
പോസ്റ്റർ പുറത്തിറങ്ങിയതോടെ വിമർശനങ്ങളും ചർച്ചകളും സോഷ്യൽ മീഡിയയിൽ ഉയർന്നെങ്കിലും, ആരാധകർ ‘കാട്ടാളൻ’ പെപ്പെയുടെ കരിയറിലെ ബെഞ്ച്മാർക്ക് ചിത്രം ആയിരിക്കുമെന്ന ഉറച്ച അഭിപ്രായത്തിലാണ്. ആനയും മനുഷ്യനും തമ്മിലുള്ള ശക്തമായ ആക്ഷൻ രംഗങ്ങൾ ചിത്രത്തിലുണ്ടാകുമെന്ന് പോസ്റ്റർ വ്യക്തമായ സൂചന നൽകുന്നു.
ആദ്യ ചിത്രം കൊണ്ടുതന്നെ പാൻ ഇന്ത്യൻ ശ്രദ്ധ നേടിയ ഒരു പ്രൊഡക്ഷൻ ടീമുമായാണ് കാട്ടാളൻ എത്തുന്നത്. അതുകൊണ്ട് തന്നെ ചെറുതൊന്നും പ്രതീക്ഷിക്കേണ്ട എന്ന നിലപാടിലാണ് പ്രേക്ഷകർ. അണിയറ പ്രവർത്തകർ വലുതെന്തോ ഒരുക്കി വെച്ചിട്ടുണ്ടെന്നും, ഈ പോസ്റ്റർ അതിന്റെ ശക്തമായ തെളിവാണെന്നും ആരാധകർ പറയുന്നു.
ആന്റണി വർഗീസ് പെപ്പെ, Photo: Antony Varghese / Facebook
2026ൽ പെപ്പെയ്ക്കും മലയാള സിനിമ ഇൻഡസ്ട്രിക്കും ഒരു പുതിയ ബെഞ്ച്മാർക്ക് സൃഷ്ടിക്കുമെന്ന പ്രതീക്ഷയാണ് കാട്ടാളൻ’ നൽകുന്നത്. മാർക്കോ കണ്ട പ്രേക്ഷകർക്ക്, അതിനേക്കാൾ ശക്തമായ വൈലൻസുമായി കാട്ടാളൻ എത്തുമോ എന്നറിയാൻ ട്രെയ്‌ലറിനായുള്ള കാത്തിരിപ്പും തുടങ്ങിയിട്ടുണ്ട്.
ചിത്രത്തിൽ പെപ്പെയുടെ നായികയായി ദുഷാര വിജയൻ എത്തുന്നു. ലോകപ്രശസ്ത തായ്‌ലൻഡ് മാർഷ്യൽ ആർട്സ് ചിത്രമായ ഓങ്-ബാക്ക് ന്റെ സ്റ്റണ്ട് കോറിയോഗ്രഫർ കെച്ച കെംബഡികെയുടെ നേതൃത്വത്തിലുള്ള സംഘമാണ് കാട്ടാളൻന്റെ ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നത്. ഓങ്-ബാക്ക് വഴി ശ്രദ്ധ നേടിയ പോംഗ് എന്ന ആനയും ചിത്രത്തിന്റെ ഭാഗമാകുന്നു എന്നത് മറ്റൊരു പ്രത്യേകതയാണ്.
മലയാളത്തിലെ പ്രമുഖ താരങ്ങൾക്കും പാൻ ഇന്ത്യൻ താരങ്ങൾക്കും ഒപ്പം വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. കാട്ടാളൻ സിനിമയുടെ ഓവർസീസ് ഡിസ്ട്രിബ്യൂഷൻ അവകാശം ഫാർസ് ഫിലിംസ് സ്വന്തമാക്കിയിട്ടുണ്ട്.
Content Highlight: The second poster of the movie Kattalan has been released.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി.
ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.