റൊണാൾഡോ എഫക്ട്; റയൽ മാഡ്രിഡ്‌ അറ്റാക്കറെ സ്വന്തമാക്കാൻ അൽ നസർ; ഉടൻ ടീമിലെത്തുമെന്ന് റിപ്പോട്ട്
football news
റൊണാൾഡോ എഫക്ട്; റയൽ മാഡ്രിഡ്‌ അറ്റാക്കറെ സ്വന്തമാക്കാൻ അൽ നസർ; ഉടൻ ടീമിലെത്തുമെന്ന് റിപ്പോട്ട്
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 7th January 2023, 9:00 am

പോർച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയെ ടീമിലെത്തിച്ചതിന് ശേഷം യൂറോപ്പിൽ നിന്നും കൂടുതൽ വമ്പൻമാരെ തങ്ങളുടെ തട്ടകത്തിലെത്തിക്കാനുള്ള ശ്രമത്തിലാണ് അൽ നസർ.

റയൽ മാഡ്രിഡ്‌ താരങ്ങളായ ലൂക്കാ മോഡ്രിച്ച്, സെർജിയോ റാമോസ് മുതലായ താരങ്ങളെയൊക്കെ അൽ നസർ തങ്ങളുടെ ക്ലബ്ബിലെത്തിക്കാനുള്ള ശ്രമങ്ങൾ നടത്തിയിരുന്നെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

എന്നാലിപ്പോൾ റയൽ മാഡ്രിഡിന്റെ വിങ്ങർ-അറ്റാക്കർ പൊസിഷനിൽ കളിക്കുന്ന ബെൽജിയം താരം ഏഡൻ ഹസാഡിനെ റയൽ ടീമിലെത്തിക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. 2023ലെ സമ്മർ ട്രാൻസ്ഫർ മാർക്കറ്റിലാകും താരത്തെ അൽ നസർ തങ്ങളുടെ ക്ലബ്ബിലേക്കെത്തിക്കുക എന്ന വാർത്തകളാണ് ഇപ്പോൾ പുറത്ത് വരുന്നത്.

2019ലാണ് 115 മില്യൺ യൂറോക്ക് ചെൽസിയിൽ നിന്നും ഹസാഡിനെ റയൽ അവരുടെ തട്ടകത്തിലേക്കെത്തിച്ചത്. 73 മത്സരങ്ങൾ റയലിനായി കളിച്ച താരം ഏഴ് ഗോളുകളും 11 അസിസ്റ്റുകളുമാണ് ഇത് വരെ സ്വന്തമാക്കിയത്.

കൂടാതെ 2024 വരെ റയലുമായി കരാറുള്ള ഹസാഡിനെ ക്ലബ്ബിൽ നില നിർത്താൻ ആൻസലോട്ടിക്കും അദ്ദേഹത്തിന്റെ ടീമിനും താല്പര്യമില്ലെന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. കൂടാതെ താരത്തിന്റെ പരിക്കും ഹസാഡിന്റെ പൊസിഷനിൽ കളിക്കുന്ന ബ്രസീലിയൻ താരം റോഡ്രിഗോയുടെ മികവും ഹസാഡിന്റെ റയലിലേ സ്ഥാനത്തിന് ഭീഷണിയായിട്ടുണ്ട്.

ഇതോടെ താരം അൽ നസറിലേക്ക് ചേക്കേറുമെന്ന് തന്നെയാണ് ഫുട്ബോൾ വിദഗ്ധരടക്കം അവകാശപ്പെടുന്നത്.

റൊണാൾഡോയെ ടീമിലെത്തിച്ചതോടെ ക്ലബ്ബിന് ലഭിച്ച അന്താരാഷ്ട്ര പ്രശസ്തിയും, സാമ്പത്തിക ലാഭവുമാണ് കൂടുതൽ വിദേശ സൈനിങ്ങുകൾ നടത്താൻ അൽ നസറിനെ പ്രേരിപ്പിക്കുന്നത് എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

കൂടാതെ അൽ നസറിന്റെ ചിര വൈരികളായ അൽ ഹിലാൽ പോലുള്ള വമ്പൻ ക്ലബ്ബുകളും യൂറോപ്പിൽ നിന്നും സൂപ്പർ താരങ്ങളെ തങ്ങളുടെ ക്ലബ്ബുകളിലെത്തിക്കാൻ ശ്രമം തുടങ്ങി എന്നാണ് റിപ്പോർട്ടുകൾ.

അറേബ്യൻ ലീഗുകളെ ലോകത്തിലെ ഏറ്റവും മികച്ച ലീഗുകളിലൊന്നാക്കി മാറ്റാൻ ക്ലബ്ബുകൾ സംയുക്തമായി തീരുമാനിച്ചിരുന്നു എന്ന വാർത്തകൾ അടുത്തിടെ പുറത്ത് വന്നിരുന്നു.

അതേസമയം വെള്ളിയാഴ്ച നടന്ന മത്സരത്തിൽ അൽ തവയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് അൽ നസർ തോൽപ്പിച്ചു. മത്സരത്തിൽ റൊണാൾഡോ അൽ നസറിനായി അരങ്ങേറ്റം കുറിച്ചില്ല.

 

Content Highlights:The Ronaldo Effect; Al Nasr to acquire Real Madrid attacker; Report that he will join the team soon