| Tuesday, 13th May 2025, 3:19 pm

പാട്ടുകളും ഗ്ലാമറസും ഉണ്ടാകും; തമിഴിലെ ആ സൂപ്പർസ്റ്റാറിൻ്റെ സിനിമകൾ ഒഴിവാക്കേണ്ടി വന്നിട്ടുണ്ട്: ഉർവശി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

1978ൽ വിടരുന്ന മൊട്ടുകൾ എന്ന സിനിമയിലൂടെയാണ് ഉർവശി സിനിമയിലേക്ക് വന്നത്. പിന്നീട് തന്റെ പതിമൂന്നാമത്തെ വയസിലാണ് ആദ്യമായി നായികയായി അഭിനയിക്കുന്നത്.

1983ൽ പുറത്തിറങ്ങിയ മുന്താണെ മുടിച്ച് എന്ന തമിഴ് സിനിമയായിരുന്നു ആദ്യമായി നായികയായി അഭിനയിച്ച് റിലീസായ സിനിമ. ഈ സിനിമ വൻ വിജയം നേടിയത് ഉർവശിയുടെ സിനിമാ ജീവിതത്തിൽ വഴിത്തിരിവായി.

ഇപ്പോൾ രജനികാന്തിൻ്റെ കൂടെ നായികയായി അഭിനയിക്കാത്തതിൻ്റെ കാരണം തുറന്ന് പറയുകയാണ് ഉർവശി. രജനികാന്തിന്റെ ജോഡിയായിട്ടുള്ള സിനിമ എല്ലാവരും ഒരുപാട് ആഗ്രഹിക്കുകയും തന്നോട് ചോദിക്കുകയും ചെയ്തിട്ടുണ്ടെന്നും രജനികാന്തിന്റെ കൂടെ പല സിനിമകളും ചെയ്യാന്‍ പറ്റാതെ പോയതാണെന്നും ഉര്‍വശി വ്യക്തമാക്കി.

പാട്ടുകളും ഗ്ലാമറസ് രംഗങ്ങളും ഉള്ളത് കൊണ്ട് താന്‍ എല്ലാം ഒഴിവാക്കേണ്ടി വന്നിട്ടുണ്ടെന്നും തുടക്കകാലത്ത് അദ്ദേഹത്തിന്റെ മകളായിട്ട് അഭിനയിച്ചിട്ടുണ്ടെന്നും ഉര്‍വശി പറഞ്ഞു.

മകളായി അഭിനയിച്ചതുകൊണ്ട് ഇനി ജോഡിയായിട്ട് അഭിനയിക്കാന്‍ പറ്റില്ലെന്ന് എല്ലാവരും പറഞ്ഞുവെന്നും പിന്നീട് വന്ന പല പടങ്ങളും യാദൃശ്ചികമായിട്ട് മാറിപ്പോകുകയായിരുന്നുവെന്നും ഉര്‍വശി കൂട്ടിച്ചേര്‍ത്തു. കൈരളി ടി.വിയോട് സംസാരിക്കുകയായിരുന്നു ഉര്‍വശി.

‘എല്ലാവരും ഒരുപാട് ആഗ്രഹിക്കുകയും ഒത്തിരി പേര് എപ്പോഴും ചോദിച്ച ചോദ്യമാണ് കമല്‍ സാറിന്റെ കൂടെ അഭിനയിച്ചു ഇനി എപ്പോഴാണ് രജനി സാറിന്റെ കൂടെ എന്ന്. രജനി സാറിന്റെ കൂടെ പല സിനിമകളും ചെയ്യാന്‍ പറ്റാതെ പോയതാണ്. കാരണം കുറച്ച് പാട്ടുകളും ഗ്ലാമറസ് സംഗതികളും ഉണ്ടാകും എന്നുള്ളത് കൊണ്ട് ഒഴിവാക്കേണ്ടി വന്നിട്ടുണ്ട്.

തുടക്കകാലത്ത് ഒക്കെ അദ്ദേഹത്തിന്റെ മകളായിട്ട് അഭിനയിക്കാനാണ് ഒരു സിനിമ വന്നത്. നല്ലവനുക്ക് നല്ലവന്‍ എന്ന സിനിമ വന്നു. അതില്‍ അദ്ദേഹത്തിന്റെ രണ്ട് ഏജ് കാണിക്കുന്നുണ്ട്. അതില്‍ മകളായിരുന്നു. പിന്നെ എല്ലാവരും പറഞ്ഞു ജോഡിയായിട്ട് അഭിനയിക്കാന്‍ പറ്റില്ലെന്ന്. തമിഴില്‍ അങ്ങനെ ഉണ്ട്. പിന്നെ പല പടങ്ങളും മാറിപ്പോകുകയായിരുന്നു യാദൃശ്ചികമായിട്ട്. പിന്നെ ഞാന്‍ മറ്റു ഭാഷകളിലേക്ക് മാറി,’ ഉർവശി പറയുന്നു.

Content Highlight: The reason why Urvashi didn’t act with Rajinikanth Says Rajinikanth

We use cookies to give you the best possible experience. Learn more