ആരാണ് യഥാര്‍ത്ഥത്തില്‍ ജയ് ഭീമിലെ അഡ്വ. ചന്ദ്രു?
Discourse
ആരാണ് യഥാര്‍ത്ഥത്തില്‍ ജയ് ഭീമിലെ അഡ്വ. ചന്ദ്രു?
അശ്വിന്‍ രാജ്
Wednesday, 3rd November 2021, 2:54 pm

ടി.ജെ ജ്ഞാനവേല്‍ കഥയെഴുതി സംവിധാനം ചെയ്ത് സൂര്യ നിര്‍മ്മിച്ച് അഭിനയിച്ച ജയ് ഭീം എന്ന ചിത്രം കഴിഞ്ഞ ദിവസമാണ് ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്തത്.

പൊലീസ് കള്ളക്കേസ് ചുമത്തി ലോക്കപ്പ് മര്‍ദ്ദനത്തിന് വിധേയമാക്കിയ തന്റെ ഭര്‍ത്താവിനെ അന്വേഷിച്ച്, നീതി തേടി ഇറങ്ങിയ ഇരുള വിഭാഗത്തില്‍ പെട്ട സെങ്കണി എന്ന യുവതിയുടെയും അവര്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ച ചന്ദ്രുവെന്ന അഭിഭാഷകന്റെയും പോരാട്ടത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.

മലയാളി താരം ലിജോമോളും നടന്‍ സൂര്യയുമാണ് ഈ റോളുകളില്‍ എത്തുന്നത്. 1993-95 കാലഘട്ടത്തില്‍ തമിഴ്‌നാട്ടില്‍ നടന്ന യഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

ഹൈക്കോടതി ജഡ്ജിയായി റിട്ടേയ്ഡ് ചെയ്ത ജസ്റ്റിസ് ചന്ദ്രു എഴുതിയ Listen to my Case എന്ന പുസ്തകത്തിനെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. അഭിഭാഷകനായും ജഡ്ജിയായും പ്രവര്‍ത്തിച്ചിരുന്ന കാലഘട്ടത്തില്‍ നടത്തിയ നിര്‍ണായകമായ 20 കേസുകളും അതിന്റെ വിധിയുമാണ് പുസ്തകത്തിന് ആധാരം. കോടതിയില്‍ നീതി തേടിയെത്തിയ 20 സ്ത്രീകളുടെ കഥ കൂടിയാണ് ഈ പുസ്തകം പറയുന്നത്.

ആരാണ് ജസ്റ്റിസ് ചന്ദ്രു

നിര്‍ണായകമായ കേസുകളിലൂടെയും വിധികളിലൂടെയും ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയില്‍ ശ്രദ്ധേയനായ വ്യക്തിയാണ് ജസ്റ്റിസ് ചന്ദ്രു. തമിഴ്‌നാട്ടിലെ സി.പി.ഐ.എം പ്രവര്‍ത്തകരില്‍ ഒരാളായ ചന്ദ്രു, വിദ്യഭ്യാസ കാലഘട്ടത്തില്‍ തന്നെ സാമൂഹിക പ്രവര്‍ത്തനങ്ങളുമായി ശ്രദ്ധേയനായിരുന്നു.

രാജ്യത്തെ ഒരു ജഡ്ജിക്കും അവകാശപ്പെടാനില്ലാത്ത നേട്ടങ്ങളും ജസ്റ്റിസ് ചന്ദ്രു സ്വന്തമാക്കിയിട്ടുണ്ട്. തന്റെ കാലയളവില്‍ 96,000 കേസുകളാണ് അദ്ദേഹം തീര്‍പ്പാക്കിയത്.

സ്ത്രീകള്‍ക്ക് ക്ഷേത്രങ്ങളില്‍ പൂജാരികളാകാം, ജാതി നോക്കാതെ പൊതുവായ ശ്മശാന ഭൂമി ഉണ്ടായിരിക്കണം, നാടകങ്ങള്‍ അവതരിപ്പിക്കുന്നതിന് പൊലീസിന്റെ അനുമതി ആവശ്യമില്ല, ഉച്ചഭക്ഷണ കേന്ദ്രങ്ങളില്‍ സാമൂഹിക അടിസ്ഥാനത്തിലുള്ള സംവരണം വേണം തുടങ്ങിയവ അദ്ദേഹത്തിന്റെ നിര്‍ണായകമായ വിധികളില്‍ ചിലതാണ്.

അഭിഭാഷകനായി ജോലി ചെയ്യുന്നതിനിടെ 2006 ജൂലായ് 31 നാണ് മദ്രാസ് ഹൈക്കോടതിയില്‍ അഡീഷണല്‍ ജഡ്ജിയായി ചന്ദ്രു നിയമിതനായത്. 2009 നവംബര്‍ 9 നാണ് അദ്ദേഹം ഹൈക്കോടതിയിലെ സ്ഥിരം ജഡ്ജിയായത്.

അഭിഭാഷകനായിരുന്ന കാലഘട്ടത്തില്‍ ജാതി വിവേചനത്തിനെതിരെയും പിന്നാക്ക, അധസ്ഥിത വിഭാഗങ്ങളുടെ അവകാശങ്ങള്‍ക്കുവേണ്ടിയും പോരാടിയ ചരിത്രമാണ് ചന്ദ്രുവിനുള്ളത്.  മനുഷ്യാവകാശ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ക്കായി ഹാജരായപ്പോള്‍ വക്കീല്‍ ഫീസ് പോലും അദ്ദേഹം  ഈടാക്കിയിരുന്നില്ല,

ജഡ്ജി ആയപ്പോഴും റിട്ടേയര്‍ഡ് ചെയ്തപ്പോഴും തന്റെ സ്വത്തുവിവരങ്ങള്‍ കൃത്യമായി വെളിപ്പെടുത്തിയ വ്യക്തിയാണ് അദ്ദേഹം. 2013 മാര്‍ച്ചിലാണ് ചന്ദ്രു ജഡ്ജിയായി വിരമിച്ചത്.

തന്റെ ഔദ്യോഗികജീവിത കാലത്ത് അഭിഭാഷകര്‍ തന്നെ ‘മൈ ലോര്‍ഡ്’ എന്ന് വാദപ്രതിവാദത്തിനിടെ അഭിസംബോധന ചെയ്യുന്നതിനെ അദ്ദേഹം എതിര്‍ത്തിരുന്നു. താന്‍ ജഡ്ജിയുടെ ചേംബറിലേക്ക് എത്തുന്ന സമയത്ത്, ചുവന്ന തൊപ്പിയും വെള്ള വസ്ത്രവും ധരിച്ച ദവാലി ജഡ്ജി വരുന്നതായി വിളിച്ചു പറയുന്നതും അദ്ദേഹം വേണ്ടെന്ന് പറഞ്ഞു.

തന്റെ കാറിലെ ചുവന്ന ബീക്കണ്‍ ഒഴിവാക്കിയ അദ്ദേഹം സബ് ഇന്‍സ്‌പെക്ടര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ തന്റെ സെക്യൂരിറ്റി ഗാര്‍ഡ് ആവുന്നതിനെയും നിരസിച്ചു. ഇതെല്ലാം അധികാരത്തിന്റെ ചിഹ്നങ്ങളും പ്രതീകങ്ങളുമായിട്ടാണ് ചന്ദ്രു കണക്കാക്കിയത്.

വിരമിക്കുന്ന ദിവസം തന്റെ ഔദ്യോഗിക കാര്‍ തിരിച്ചുനല്‍കിയ അദ്ദേഹം വീട്ടിലേക്ക് മടങ്ങിയത് ട്രെയിനിലായിരുന്നു. വിരമിക്കുന്നതിന്റെ ഭാഗമായി സ്ഥിരമായി നടത്തുന്ന നക്ഷത്ര ഹോട്ടലിലെ യാത്രയയപ്പും അത്താഴവും അദ്ദേഹം സ്വീകരിച്ചില്ല.

വിരമിച്ച ശേഷം ട്രൈബ്യൂണലുകള്‍, കമ്മീഷനുകള്‍ തുടങ്ങിയ ജോലികളൊന്നും ജസ്റ്റിസ് ചന്ദ്രു സ്വീകരിച്ചില്ല.

ജയ് ഭീം സിനിമയായതിന് പിന്നില്‍,

ജസ്റ്റിസ് ചന്ദ്രുവിനെ കുറിച്ച് 15 മിനിറ്റ് നേരമുള്ള ഒരു ഡോക്യുമെന്ററി ചെയ്യുന്നതിനായിരുന്നു സംവിധായകന്‍ ജ്ഞാനവേല്‍ അദ്ദേഹത്തെ സമീപിച്ചത്. എന്നാല്‍ ഇതിന് ചന്ദ്രു സമ്മതിച്ചില്ല. തന്നെ പുകഴ്ത്തുന്ന, വ്യക്തി പൂജ ചെയ്യുന്ന തരത്തില്‍ ഒന്നും ചെയ്യേണ്ടെന്ന് അദ്ദേഹം പറഞ്ഞു. പിന്നീട് അദ്ദേഹത്തിന്റെ അഭിഭാഷക ജീവിതത്തിലെ ഒരു കേസ് സിനിമയാക്കാന്‍ സംവിധായകനും അണിയറ പ്രവര്‍ത്തകരും തീരുമാനിക്കുകയായിരുന്നും എന്നാണ് നടന്‍ സൂര്യ ഹിന്ദു ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്.

ഇതിനെ കുറിച്ച് ജസ്റ്റിസ് ചന്ദ്രു പറയുന്നത് ഇത്തരത്തിലാണ്, ‘മനുഷ്യാവകാശത്തിനായി പ്രവര്‍ത്തിക്കുന്ന  അഭിഭാഷകര്‍ ആയിരക്കണക്കിന് കേസുകള്‍ നടത്തുന്നുണ്ട്.  പക്ഷേ അവര്‍ നിയമപുസ്തകങ്ങളില്‍ മാത്രം ഒതുങ്ങുകയാണ്. അതുകൊണ്ട് തന്നെ എന്റെ ജീവിതത്തെ കുറിച്ച് ഒരു സിനിമ എടുത്ത് എന്നെ അഭിനന്ദിക്കുന്നതിനു പകരം ഇരുള ഗോത്രങ്ങളെ പോലുള്ള ഒരു സമൂഹത്തെക്കുറിച്ച് ഒരു സിനിമ ചെയ്യുമ്പോള്‍, അത് അവരുടെ ജീവിതത്തില്‍ നല്ല മാറ്റത്തിന് തുടക്കമിടാന്‍ സഹായിക്കും.

മറ്റൊന്ന് ഒരു കോടതിയില്‍ നിന്ന് ഒരു വിധി ലഭിക്കുന്നത് എത്ര ബുദ്ധിമുട്ടാണെന്ന് ആളുകള്‍ക്ക് മനസ്സിലാകും. ഒരു അഭിഭാഷകന് തന്റെ കഴിവുകള്‍, സമൂഹത്തിന്റെ പുരോഗതിക്കായി എങ്ങനെ ഉപയോഗിക്കാമെന്ന് കാണിക്കുന്നതാണ് ഈ സിനിമ.

ഒരു ഫീസും താങ്ങാന്‍ കഴിയാത്തവര്‍ക്കുവേണ്ടി അഭിഭാഷകര്‍  എങ്ങനെ പോരാടുമെന്ന് കാണിക്കുന്നതാണ് ഈ സിനിമ. ഇത് നീതിന്യായ വ്യവസ്ഥയില്‍ ആത്മവിശ്വാസം ഉണര്‍ത്തുകയും യുവ അഭിഭാഷകര്‍ക്ക് തങ്ങള്‍ വിശ്വസിക്കുന്ന തത്വങ്ങള്‍ക്കായി പോരാടാന്‍ കഴിയുമെന്ന പ്രതീക്ഷ നല്‍കുകയും ചെയ്യും.

സിനിമ ഒരു വിനോദ മാധ്യമം എന്നതിലുപരി സാധാരണ ആദിവാസികളുടെ ജീവിതവും നീതിന്യായ വ്യവസ്ഥയും പ്രദര്‍ശിപ്പിക്കാനുള്ള ഒരു മാധ്യമമാകുമെന്ന് ഞാന്‍ കരുതി. അതുകൊണ്ടാണ് സംവിധായകന്‍ ജ്ഞാനവേല്‍ ചോദിച്ചപ്പോള്‍ ഞാന്‍ സമ്മതിച്ചത്,’

സമൂഹത്തിലെ ഏറ്റവും താഴേത്തട്ടില്‍ കഴിയുന്ന അടിസ്ഥാന വിഭാഗങ്ങള്‍ക്ക് വേണ്ടി, അവര്‍ക്ക് നിഷേധിക്കപ്പെടുന്ന നീതിയും മനുഷ്യാവകാശങ്ങള്‍ക്കും വേണ്ടി ചെറുപ്പക്കാലം മുതല്‍ പ്രവര്‍ത്തിച്ച അഡ്വ. ചന്ദ്രു ഇന്നും ആ പോരാട്ടത്തിന്റെ തീ ഉള്ളില്‍ കെടാതെ സൂക്ഷിക്കുകയാണ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight:  The real Adv. Chandru-Actor Surya- Jai Bhim

അശ്വിന്‍ രാജ്
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ് ട്രെയിനി, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ബിരുദവും ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമയും പൂര്‍ത്തിയാക്കിയിട്ടുണ്ട്.