ബെംഗളൂരു: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയുടെ മാതാപിതാക്കള്‍ തനിക്കെതിരെ നല്‍കിയ ലൈംഗികാതിക്രമ പരാതി റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് 52കാരി നല്‍കിയ ഹരജി തള്ളി കര്‍ണാടക ഹൈക്കോടതി.
പോക്‌സോ നിയമത്തിലെ വ്യവസ്ഥകള്‍ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും ഒരുപോലെ ബാധകമാണെന്നും അത് ലിംഗഭേദമില്ലാത്തതാണെന്നും ജസ്റ്റിസ് എം. നാഗപ്രസന്ന പറഞ്ഞു. ഒപ്പം കേസില്‍ നടന്നുകൊണ്ടിരിക്കുന്ന നടപടികള്‍ റദ്ദാക്കാന്‍ അദ്ദേഹം വിസമ്മതിച്ചു.
13 വയസുള്ള ആണ്‍കുട്ടിയുടെ മാതാവ് നല്‍കിയ പരാതിയിലായിരുന്നു സ്ത്രീക്കെതിരെ കേസെടുത്തത്. 2020ല്‍ ബെംഗളൂരുവില്‍ വെച്ച് തന്റെ മകനെ 52കാരി ലൈംഗികമായി പീഡിപ്പിച്ചുവെന്നായിരുന്നു മാതാവിന്റെ പരാതി.
ആണ്‍കുട്ടിയുടെ കുടുംബവുമായി അടുപ്പമുള്ള ഈ സ്ത്രീ അവരുടെ വീടിന്റെ അതേ റെസിഡന്‍ഷ്യല്‍ കമ്മ്യൂണിറ്റിയില്‍ തന്നെയായിരുന്നു താമസം. എന്നാല്‍ പിന്നീട് കുട്ടിയുടെ കുടുംബം വിദേശത്തേക്ക് താമസം മാറുകയായിരുന്നു.
വര്‍ഷങ്ങള്‍ക്ക് ശേഷം കുട്ടി പീഡന വിവരം പുറത്തുപറയുകയായിരുന്നു. അതോടെ 2024ലാണ് കുട്ടിയുടെ മാതാവ് സ്ത്രീക്ക് എതിരെ ബെംഗളൂരു പൊലീസില്‍ പരാതി നല്‍കുന്നത്. പൊലീസ് അന്വേഷണം ആരംഭിക്കുകയും കുറ്റപത്രം സമര്‍പ്പിക്കുകയുമായിരുന്നു.
എന്നാല്‍ സ്ത്രീക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍, പോക്‌സോ നിയമത്തിലെ നാലും ആറും വകുപ്പുകള്‍ ഒരു സ്ത്രീക്ക് എതിരെ ഉപയോഗിക്കാന്‍ സാധിക്കില്ലെന്നും ഒരു പുരുഷന് സ്ത്രീയുടെ മേല്‍ മാത്രമേ ബലാത്സംഗം ചെയ്യാന്‍ കഴിയൂവെന്നും കോടതിയില്‍ വാദിച്ചു.
അതേസമയം പ്രായപൂര്‍ത്തിയാകാത്ത ആളുകള്‍ക്കെതിരായ ലൈംഗിക പീഡനം പെണ്‍കുട്ടികളേക്കാള്‍ കൂടുതല്‍ ആണ്‍കുട്ടികളിലാണ് റിപ്പോര്‍ട്ട് ചെയ്യുന്നതെന്ന് വാദി ഭാഗം അഭിഭാഷകനും വാദിച്ചു. പൊലീസിനും തെറാപ്പിസ്റ്റിനും മുമ്പില്‍ ആണ്‍കുട്ടി താന്‍ നേരിട്ട പീഡനത്തെ കുറിച്ച് വിശദമായി വിവരിച്ചിട്ടുണ്ടെന്നും അദ്ദേഹം കോടതിയില്‍ പറഞ്ഞു.
പോക്‌സോ നിയമത്തിലെ സെക്ഷന്‍ നാലും ആറും പ്രകാരമുള്ള കുറ്റകൃത്യങ്ങള്‍ സ്ത്രീക്ക് എതിരെ ചുമത്താമെന്നായിരുന്നു കോടതിയുടെ മറുപടി. ഈ സെക്ഷനുകളിലെ ഘടകങ്ങള്‍ കുറ്റവാളിയുടെ ലിംഗഭേദം കണക്കിലെടുക്കാതെ ഒരുപോലെ ബാധകമാണെന്നും കോടതി പറഞ്ഞു. ലിംഗഭേദമില്ലാതെ കുട്ടികളെ സംരക്ഷിക്കുന്നതിനാണ് പോക്‌സോ നിയമം രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്നും കോടതി ഊന്നിപ്പറഞ്ഞു.
Content Highlight: The provisions of the POCSO Act apply equally to men and women, Karnataka High Court rejects 52-year-old woman’s plea