ടൊവിനോ തോമസ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ നരിവേട്ടയുടെ പ്രൊമോ ഗാനമെത്തി. ‘വാടാ വേടാ..’ എന്ന ഗാനം ആലപിച്ചിരിക്കുന്നത് റാപ്പര്‍ വേടനാണ്. കഴിഞ്ഞ ദിവസം റെക്കോഡിങ് പൂര്‍ത്തിയാക്കിയതിന് ശേഷം സംവിധായകന്‍ അനുരാജ് മനോഹര്‍ തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ വേടന്‍ സിനിമയില്‍ പാടുന്ന കാര്യം പുറത്തുവിട്ടിരുന്നു.
വിവാദങ്ങള്‍ക്ക് ശേഷം റാപ്പര്‍ വേടന്‍ വീണ്ടും സിനിമയില്‍ പാടുന്നു എന്നത് അന്നേ വലിയ വാര്‍ത്തയായിരുന്നു. ഇനിയും പാടുമെന്നും ഈ സമയവും കടന്നുപോകുമെന്നും വേടന്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.
സോണി മ്യൂസിക് സൗത്തിന്റെ യൂട്യൂബ് ചാനലിലൂടെ ‘വാടാ വേടാ..’ ഗാനം പുറത്തിറങ്ങിയതിന് പിന്നാലെ വേടന് സപ്പോര്‍ട്ടുമായി നിരവധി ആളുകളാണ് കമന്റുമായി വന്നത്. വേടന്റെ വാക്കുകള്‍ ആര്‍ക്കെങ്കിലും പൊള്ളുന്നെങ്കില്‍ അവിടെയാണ് വേടന്റെ വിജയമെന്നും വരികള്‍ക്ക് വാളിനേക്കാള്‍ മൂര്‍ച്ചയുണ്ടെന്നും കമന്റുകളുണ്ട്.
മെയ് 23നാണ് നരിവേട്ട തിയേറ്ററുകളില്‍ എത്തുന്നത്. സിനിമയിലെ ‘മിന്നല്‍വള’, ‘ആടു പൊന്‍മയിലേ’ എന്നീ ഗാനങ്ങള്‍ നേരത്തെ പുറത്തിറങ്ങുകയും ട്രെന്‍ഡിങ്ങില്‍ ആകുകയും ചെയ്തിരുന്നു. സംവിധായകന്‍ അനുരാജ് മനോഹറിന്റെ മുന്‍ സിനിമയില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായി ചിത്രമാണ് നരിവേട്ട.
Content Highlight: The promo song sung by Rapper Vedan from the movie Narivetta has been released