ബില്ല് മാറ്റിവെച്ചത് രാഷ്ട്രീയ തന്ത്രം; എഫ്.സി.ആര്‍.എ ബില്‍ പൂര്‍ണമായി പിന്‍വലിക്കണം: ഓള്‍ ഇന്ത്യ കാത്തലിക് യൂണിയന്‍
India
ബില്ല് മാറ്റിവെച്ചത് രാഷ്ട്രീയ തന്ത്രം; എഫ്.സി.ആര്‍.എ ബില്‍ പൂര്‍ണമായി പിന്‍വലിക്കണം: ഓള്‍ ഇന്ത്യ കാത്തലിക് യൂണിയന്‍
നിഷാന. വി.വി
Sunday, 5th April 2026, 7:24 am

ന്യൂദല്‍ഹി: എഫ്.സി.ആര്‍.എ ബില്‍ പൂര്‍ണമായി പിന്‍വലിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ട് ഓള്‍ ഇന്ത്യ കാത്തലിക് യൂണിയന്‍.(എ.ഐ.സി.യു.)

നിയമം പൂര്‍ണമായി പിന്‍വലിക്കുന്നത് വരെ ക്രിസ്ത്യന്‍ സമൂഹത്തിന് പൂര്‍ണമായി തൃപ്തിപ്പെടാന്‍ കഴിയില്ലെന്നും സംഘടന പറഞ്ഞു.

‘ബില്‍ പാര്‍ലമെന്റിന്റെ ഇരു സഭകളില്‍ നിന്നും പൂര്‍ണമായി പിന്‍വലിക്കുന്നത് വരെ ക്രൈസ്തവ സമൂഹത്തിന് തൃപ്തിപ്പെടാന്‍ കഴിയില്ല,’ സംഘടന പത്ര കുറിപ്പില്‍ പറഞ്ഞു.

സഭയുടെ സ്വത്തുക്കളും സ്ഥാപനങ്ങളും കൈയ്യടക്കാനോ ഏതെങ്കിലും രൂപത്തില്‍ മതസ്വാതന്ത്ര്യം പരിമിതപ്പെടുത്താനോ ഭാവിയില്‍ യാതൊരുവിധത്തിലുള്ള ശ്രമങ്ങളും ഉണ്ടാവില്ലെന്ന് നിയമനിര്‍മാണത്തിലൂടെയോ ഭരണപരമായ നടപടികളിലൂടെയോ രേഖാമൂലം ഉറപ്പ് നല്‍കണമെന്നും സംഘടന കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

പതിറ്റാണ്ടുകളായി ക്രിസ്ത്യന്‍ സമൂഹം നിര്‍മിച്ച സ്ഥാപനങ്ങള്‍ മാനുഷിക, വിദ്യാഭ്യാസ, ആരോഗ്യ സംരക്ഷണ, ആത്മീയ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയുള്ളതാണെന്നും അതിനെ നിയന്ത്രിക്കാനും ഇല്ലാതാക്കാനുമുള്ള സര്‍ക്കാരിന്റെ ശ്രമങ്ങള്‍ ഇന്ത്യന്‍ ജനതയെ ദോഷകരമായി ബാധിക്കുമെന്നും സംഘടനാ ദേശീയ പ്രസിഡന്റ് എര്‍ ഏലിയാസ് വാസ് പറഞ്ഞു.

‘കേരളത്തിലേയും മറ്റ് സംസ്ഥാനങ്ങൡലേയും വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകള്‍ മുന്നില്‍ കണ്ട് ബില്ല് താത്കാലികമായി മാറ്റിവെക്കുന്നത് സമൂഹത്തിന് ആശ്വാസമോ സംതൃപ്തിയോ നല്‍കുന്നില്ല. അത് വെറും രാഷ്ട്രീയ തന്ത്രം മാത്രമാണ്,’ എ.ഐ.സിയു പറഞ്ഞു.

എഫ്.സി.ആര്‍.എ രജിസ്ട്രേഷന്‍ റദ്ദാക്കപ്പെടുകയോ സസ്പെന്‍ഡ് ചെയ്യപ്പെടുകയോ ചെയ്യുന്ന സംഘടനകളുടെ ആസ്തികള്‍ കണ്ടുകെട്ടാനും കൈകാര്യം ചെയ്യാനും സര്‍ക്കാരിന് അധികാരം നല്‍കുന്നതാണ് പുതിയ ഭേദഗതി.

ഇത് ഭരണഘടന ഉറപ്പുനല്‍കുന്ന മതസ്വാതന്ത്ര്യത്തിന്റെ ആര്‍ട്ടിക്കിള്‍ 25, 26, 29, 30 ലംഘനമാണെന്നും സംഘടന പറഞ്ഞു.

2025ല്‍ മാത്രം ക്രിസ്ത്യാനികള്‍ക്കെതിരെ 700 ലധികം അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും എ.ഐ.സിയു പറഞ്ഞു.

ക്രിസ്മസ് സീസണില്‍ മാത്രം ആരാധന തടസപ്പെടുത്തല്‍, ശാരീരിക ആക്രമണങ്ങള്‍, എന്നിവയുമായി ബന്ധപ്പെട്ട് കുറഞ്ഞത് 150 കേസുകളുണ്ടായിട്ടുണ്ടെന്നും സംഘടന കൂട്ടിച്ചേര്‍ത്തു.

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ പലപ്പോഴും ഇതിനെതിരെ നടപടിയെടുക്കുന്നതില്‍ പരാജയപ്പെട്ടു. അക്രമകാരികള്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചുവെന്നും സംഘടന പറഞ്ഞു.

ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങളും വെറുപ്പ് ഉളവാക്കുന്ന പ്രസംഗങ്ങളും തടയാന്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും എ.ഐ.സിയു പറഞ്ഞു.

Content Highlight: The postponement of the bill is a political ploy; FCRA Bill should be withdrawn completely: All India Catholic Union

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.