ഷെയ്ന്‍ നിഗമിനെ നായകനാക്കി പ്രവീണ്‍ നാഥ് സംവിധാനം ചെയ്യുന്ന പുതിയ തമിഴ്-മലയാള ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്ത്. ഷെയ്ന്‍ നിഗം 27 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം ഷെയ്‌നിന്റെ 27ാമത് ചിത്രമായാണ് ഒരുങ്ങുന്നത്. ആക്ഷന്‍ പ്രാധാന്യമുള്ള പ്രൊജക്റ്റായാണ് ചിത്രമൊരുങ്ങുന്നതെന്ന സൂചനകളാണ് പോസ്റ്റര്‍ നല്‍കുന്നത്.
ഷെയ്‌നിന്റെ പിറന്നാള്‍ ദിനത്തോട് അനുബന്ധിച്ചാണ് സിനിമയുടെ പോസ്റ്റര്‍ റിലീസ് ചെയ്തിരിക്കുന്നത്. ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നും ഇതുവരെയും പുറത്ത് വന്നിട്ടില്ല. മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകകളിലായി ചിത്രം പ്രദര്‍ശനത്തിനെത്തുമെന്നാണ് അറിയാന്‍ കഴിയുന്നത്.
അതേസമയം ബള്‍ട്ടിയാണ് ഷെയ്‌നിന്റേതായി ഒടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രം. നവാഗതനായ ഉണ്ണിശിവലിംഗം സംവിധാനം ചെയ്ത ചിത്രം നിര്‍മിച്ചത് സന്തോഷ് ടി.കുരവിളയാണ്. തിയേറ്ററില്‍ മികച്ച പ്രതികരണം നേടിയ ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചത് സായ് അഭ്യങ്കറായിരുന്നു.
ഹാലാണ് ഷെയ്‌നിന്റേതായി തിയേറ്ററുകളിലെത്താനിരിക്കുന്ന ചിത്രം. വീരയുടെ സംവിധാനത്തില്‍ പുറത്തിറങ്ങുന്ന ചിത്രത്തില്‍ സാക്ഷി വൈദ്യയാണ് നായിക വേഷത്തിലെത്തുന്നത്. മധുപാല്‍, സംഗീത, ജോയ് മാത്യു, നിഷാന്ത് സാഗര്‍, വരേഷ് കൃഷ്ണ എന്നിവര്‍ അണിനിരക്കുന്ന ചിത്രം ക്രിസ്മസ് റിലീസായി 25 തിയേറ്ററുകളിലെത്തും.
ചെറിയ വേഷങ്ങളിലൂടെ തന്റെ കരിയര്‍ ആരംഭിച്ച ഷെയ്ന്‍ പിന്നീട് നായക വേഷങ്ങളും തന്റെ കയ്യില്‍ ഭദ്രമാണെന്ന് തെളിയിച്ചു. കുമ്പളങ്ങി നൈറ്റ്‌സ്, പറവ, ഇഷ്‌ക്, ഭൂതകാലം തുടങ്ങിയവ ഷെയ്‌നിന്റെ ശ്രദ്ധിക്കപ്പെട്ട സിനിമകളാണ്.
Content Highlight: The poster of the new Tamil-Malayalam film directed by Praveen Nath, starring Shane Nigam, is out