വിനായകന്റെ കരിയറിലെ ബെസ്റ്റ് പെര്‍ഫോമന്‍സ് വന്ന സീനും സിനിമയും; ചര്‍ച്ചയായി പോസ്റ്റ്
Malayalam Cinema
വിനായകന്റെ കരിയറിലെ ബെസ്റ്റ് പെര്‍ഫോമന്‍സ് വന്ന സീനും സിനിമയും; ചര്‍ച്ചയായി പോസ്റ്റ്
ഐറിന്‍ മരിയ ആന്റണി
Tuesday, 3rd March 2026, 9:32 pm

ചെറിയ വേഷങ്ങളിലൂടെ ശ്രദ്ധ നേടി പ്രേക്ഷകരെ വിസ്മയിപ്പിച്ച നടനാണ് വിനായകന്‍. സഹനടനായും നായകനായും വില്ലനായും മലയാള സിനിമയില്‍ നിറഞ്ഞുനില്‍ക്കുന്ന താരം രാജീവ് രവി സംവിധാനം ചെയ്ത കമ്മട്ടിപ്പാടം എന്ന സിനിമയിലൂടെ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡും സ്വന്തമാക്കിയിട്ടുണ്ട്.

തുടക്കത്തില്‍ കോമഡി വേഷങ്ങളില്‍ മാത്രം അഭിനയിച്ച താരം പിന്നീട് ഗൗരവമുള്ള വേഷങ്ങളും തനിക്ക് ഇണങ്ങുമെന്ന് തെളിയിച്ചു. തന്റെ നീണ്ട 23വര്‍ത്തെ കരിയറില്‍ തമിഴ് ഉള്‍പ്പടെയുള്ള ഭാഷകളില്‍ താരം അഭിനയിച്ചിട്ടുണ്ട്. കളങ്കാവലാണ് വിനായകന്റേതായി ഒടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രം. മമ്മൂട്ടി പ്രതിനായക വേഷത്തിലെത്തിയ ചിത്രത്തില്‍ ജയകൃഷ്ണണന്‍ എന്ന പൊലീസ് കഥാപാത്രമായി നായകവേഷത്തിലാണ് വിനായകനെത്തിയത്.

തന്റെ നീണ്ട സിനിമാ ജീവിതത്തില്‍ നിരവധി സിനിമകളുടെ ഭാഗമായ വിനായകനെ കുറിച്ചുള്ള പുതിയൊരു പോസ്റ്റാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയില്‍ നിറഞ്ഞിരിക്കുന്നത്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ഈ.മ.യൗ എന്ന ചിത്രത്തിലെ അയ്യപ്പന്‍ എന്ന കഥാപാത്രമാണ് വിനായകന്റെ കരിയറിലെ ഏറ്റവും മികച്ച പെര്‍ഫോമന്‍സെന്നാണ് അഭിപ്രായങ്ങള്‍ നിറയുന്നത്.

ഒരുപാട് സിനിമകളും കഥാപാത്രങ്ങളും ചെയ്തിട്ടുണ്ടെങ്കിലും ഈ സിനിമയും കഥാപാത്രവും എല്ലാ സിനിമകളില്‍ നിന്നും വേറിട്ടു നില്‍ക്കുന്നുവെന്നാണ് അഭിപ്രായങ്ങള്‍. പൊലീസ് സ്റ്റേഷനില്‍ അയ്യപ്പന്‍ എന്ന കഥാപാത്രം എത്തുമ്പോള്‍ മുതലുള്ള സീനാണ് പ്രേക്ഷകര്‍ സിനിമയില്‍ നിന്ന് എടുത്ത് പറയുന്നത്.

‘നമുക്ക് ഒരു ആവശ്യം വരുമ്പോഴല്ലേ സാറിനെ ഒക്കെ കാണാന്‍ വരുന്നേ, അല്ലെങ്കില്‍ പൊലീസുകാരൊക്കെ എന്തിനാണ്? സാറിന് പറ്റുമെങ്കില്‍ വന്ന് സഹായിക്ക്’ എന്ന ആ ഡയലോഗും മഴ നനഞ്ഞു നിസഹായതോടെ വേദനയോടെ നില്‍ക്കുന്ന അയ്യപ്പനെ ഒരിക്കലും മറക്കാന്‍ പറ്റില്ലെന്നും അഭിപ്രായങ്ങളുണ്ട്.

വിനായകന്റെ ഏറ്റവും നല്ല വേഷം ഇതാണെന്നും ഈ സീന്‍ തിയേറ്ററില്‍ ഇരുന്നു കണ്ടപ്പോള്‍ കരച്ചില്‍ വന്നത് ഇന്നും ഓര്‍ക്കുന്നുണ്ടെന്നും ലിജോ ജോസ് പെല്ലിശ്ശേരിയുടെ മികച്ച സിനിമ ഈ.മ.യൗ ആണെന്നും കമന്റുകളുണ്ട്.

പി.എഫ് മാത്യൂസ് രചന നിര്‍വഹിച്ച് ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ഈ.മ.യൗ 2018ലാണ് പുറത്തിറങ്ങിയത്. ആഷിഖ് അബു, രാജേഷ് ജോര്‍ജ് കുളങ്ങര എന്നിവര്‍ ചേര്‍ന്ന് നിര്‍മിച്ച സിനിമയില്‍ വിനായകന്‍, ചെമ്പന്‍ വിനോദ് ജോസ്, പോളി വത്സന്‍, ബിറ്റോ ഡേവിസ്, കൈനകരി തങ്കരാജ്, ദിലീഷ് പോത്തന്‍, ആര്യ സലിം എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തിയത്.

ഒരു വൃദ്ധന്റെ മരണത്തെയും ശവസംസ്‌കാരത്തെയും ചുറ്റിപ്പറ്റി കിടക്കുന്ന ഈ സിനിമ മികച്ച നിരൂപകപ്രശംസ നേടുകയും 48ാമത് കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്‌സില്‍ തിളങ്ങുകയും ചെയ്തു.

Content Highlight:   The post is a hot topic of discussion, saying that Vinayakan’s best performance was in the movie E.M.You.

ഐറിന്‍ മരിയ ആന്റണി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.