ഋത്വിക് ജി ഡി
ഋത്വിക് ജി ഡി
Movie Day
കാലയുടെ രാഷ്ട്രീയം രഞ്ജിത്തിന്റേതല്ല, രജനിയുടേതാണ്
ഋത്വിക് ജി ഡി
Wednesday 13th June 2018 10:48am

ജാതിയുടെ പേരിൽ സമൂഹത്തിൽ നിലനിൽക്കുന്ന വിവേചനത്തെ, അപരവൽക്കരണത്തെ, ബഹിഷ്കരണത്തെ വളരെ ശക്തമായി അവതരിപ്പിച്ച ഇന്ത്യൻ സിനിമയാണ് മറാഠി സംവിധായകൻ നാഗരാജ് മഞ്ജുളെയുടെ ഫാൻഡ്രി (2013).  ദളിത് പൊളിറ്റിക്സ് സംസാരിക്കുന്ന സിനിമ എന്ന് പറയുമ്പോൾ ആദ്യം മനസിലേക്ക് വരുന്നത് ഈ സിനിമയാണ്. ഒരു കൗമാരക്കാരന്റെ കണ്ണിലൂടെയാണ് ഫാൻഡ്രിയുടെ കഥയും അത് വഴി മഹാരാഷ്ട്രയിലെ ഗ്രാമങ്ങളിൽ നിലനിൽക്കുന്ന ജാതിപ്രശ്നങ്ങളും പറയുന്നത്. സൂക്ഷ്മമാവേണ്ടിടത്ത്‌ സൂക്ഷ്മമായും ലൗഡ് ആവേണ്ടിടത്ത് അങ്ങനെയും  തന്റെ രാഷ്ട്രീയം പ്രേക്ഷകനോട് വിളിച്ചു പറയുന്നുണ്ട് സംവിധായകൻ സിനിമയിൽ. വളരെ ശക്തമായ ഭാഷയിൽ, സിനിമ എന്ന മാധ്യമത്തിലൂടെയും അല്ലാതെയും,  ദളിത് രാഷ്ട്രീയം സംസാരിക്കുന്ന ആളാണ് അതേ പശ്ചാത്തലത്തിൽ നിന്ന് വരുന്ന നാഗരാജ് മഞ്ജുളെ.

അങ്ങനെ നോക്കുമ്പോൾ നാഗരാജ് മഞ്ജുളെയും പാ.രഞ്ജിത്തും തമ്മിൽ ചില സാമ്യങ്ങൾ കാണാം. ‘തമിഴൻ’ എന്ന, ഏതൊരു ദേശീയതയോടും കിട പിടിക്കുന്ന ഒരു സ്വത്വത്തിൽ മുഴുവൻ തമിഴ്നാടിനെയും ‘ഒറ്റ’യായിക്കാണാൻ ശ്രമിച്ച തമിഴ് സിനിമാലോകത്തോട് ‘ഞങ്ങൾ ദളിതരാണ്, ചേരിയിൽ ജീവിക്കുന്നവരാണ്. അങ്ങനെ തന്നെ പറയണം. പറയുക തന്നെ ചെയ്യും’ എന്ന് പറയാൻ ധൈര്യം കാണിച്ച ആളാണ് രഞ്ജിത്ത്.   തന്റെ രാഷ്ട്രീയ ബോധ്യങ്ങൾ ഉറച്ച ഭാഷയിൽ എല്ലാ വേദികളിലും പറയാൻ അയാൾ ജാഗ്രത കാണിക്കാറുമുണ്ട്. എന്നാൽ ‘ഫാൻഡ്രി’യും ‘സൈറാത്തും’ സംവിധാനം  ചെയ്ത നാഗരാജ് മഞ്ജുളെ  തന്റെ സിനിമകളിലൂടെ മുന്നോട്ട് വയ്ക്കുന്ന ദളിത് പൊളിറ്റിക്സ് രഞ്ജിത്തിന് സിനിമകളിലൂടെ സാധ്യമാവുന്നുണ്ടോ എന്നത് സംശയമാണ്. അതുകൊണ്ട് തന്നെ ദളിത് രാഷ്ട്രീയത്തിന്റെ സിംബലുകളെ വളരെ ലൗഡായി ഉപയോഗിക്കുമ്പോഴും ‘കാല’ ഒരു ദളിത് സിനിമയാണോ എന്ന ചോദ്യം ബാക്കിയാവുന്നു.കാലാ എന്നറിയപ്പെടുന്ന കരികാലന്റെയും അയാളുടെ ‘കോട്ട’യായ ധാരാവിയുടെയും കഥയാണ് ‘കാല’.  അയാൾക്ക് മുൻപ് അയാളുടെ അച്ഛൻ വെങ്കയ്യയായിരുന്നു  ധാരാവിയുടെയും അവിടുത്തെ ജനങ്ങളുടെയും നേതാവ്. അച്ഛന്റെ മരണശേഷം ധാരാവിയിലെ ജനങ്ങളുടെയിടയിൽ അവരിലൊരാളായി, അവരുടെ പ്രശ്നങ്ങൾ പരിഹരിച്ച്, കുടുംബസമേതം ജീവിക്കുന്ന കരികാലൻ, അയാളെ ദൈവമായിക്കാണുന്ന ജനങ്ങൾ, ധാരാവി എന്ന ചേരി ഒഴിപ്പിച്ച് അവിടെ ഫ്ലാറ്റ് പണിഞ്ഞ് കാശുണ്ടാക്കാൻ പദ്ധതിയിടുന്ന ഹരിദാദ എന്ന രാഷ്ട്രീയക്കാരൻ, അതിന് കരികാലനും സംഘവും തടസ്സം നിൽക്കുന്നതോടെ ഉണ്ടാവുന്ന സംഘർഷങ്ങൾ, പണത്തിനും അധികാരത്തിനും മുകളിൽ സാധാരണക്കാരുടെ, നന്മയുടെ, നായകന്റെ വിജയം എന്നിങ്ങനെ തമിഴ് സൂപ്പർസ്റ്റാർ സിനിമകളിൽ നിന്ന് ഒരിഞ്ച് മാറാതെ നിൽക്കുന്ന കഥയാണ് ‘കാല’യുടേത്. ആ പഴഞ്ചൻ കഥയെ തന്നാലാവും വിധം രാഷ്ട്രീയവത്കരിക്കുക എന്ന ശ്രമമാണ് രഞ്ജിത്ത് നടത്തുന്നത്. അതിൽ വിജയിക്കാൻ അയാൾക്ക് കഴിയുന്നുമില്ല.

കരികാലനായി വരുന്ന രജനീകാന്തും അയാളുടെ സൂപ്പർസ്റ്റാർ ഇമേജുമാണ് സിനിമയുടെ രാഷ്ട്രീയത്തിന് ഏറ്റവും വലിയ വിലങ്ങുതടിയാവുന്നത്. അയാളുടെ വലതുപക്ഷരാഷ്ട്രീയമോ തൂത്തുക്കുടി സംഭവത്തിലെ പ്രതികരണങ്ങളോ സിനിമയെ ദോഷമായി ബാധിക്കുന്നില്ല. പക്ഷേ, സർവശക്തനായ, സർവസംഗപരിത്യാഗിയായ, ‘മക്കൾ കുലദൈവ’മായ രജനീകാന്ത് എന്ന ഇമേജിന് വേണ്ടി നടത്തിയിരിക്കുന്ന വിട്ടുവീഴ്ചകൾ വളരെ പ്രകടമാണ്.

കരികാലന്റെ ഇളയ മകൻ ലെനിൻ എന്ന കഥാപാത്രത്തെ നോക്കുക. ധാരാവിയ്ക്ക് നേരെയുള്ള അധിനിവേശശ്രമങ്ങളെ എതിർക്കാൻ ജനങ്ങളെ സംഘടിപ്പിച്ച് സമരത്തിനിറങ്ങുന്ന ആളാണ് അയാൾ. ധാരാവിയിലെ പ്രശ്നങ്ങളുടെ പരിഹാരം അവിടുത്തെ ജനങ്ങളെ സംഘടിപ്പിച്ചു കൊണ്ടേ സാധ്യമാവൂ എന്ന ബോധ്യമുണ്ട് അയാൾക്കും അയാളുടെ കൂടെ പ്രവർത്തിക്കുന്നവർക്കും. കാലയും സംഘവും ധാരാവിയുടെ രക്ഷാകർത്താക്കൾ ആണെങ്കിൽ ലെനിൻ അങ്ങനെയൊരു രക്ഷാകർത്താവിന്റെ ആവശ്യമില്ലാത്ത ധാരാവിയെ സ്വപ്നം കാണുന്നയാളാണ്. നായകന്റേതിൽ നിന്ന് വ്യത്യസ്തമാണെങ്കിലും അയാളുടെ വഴിയിലെ ശരികൾ വ്യക്തവുമാണ്.

എന്നാൽ രജനീകാന്ത് എന്ന സൂപ്പർസ്റ്റാറിന്റെ മുന്നിൽ അങ്ങനെയൊരു സമാന്തരപാതയ്ക്കുള്ള സാധ്യത പോലും അടയുന്നു. അതുകൊണ്ട് തന്നെ അങ്ങനെയൊരു സാധ്യതയെ ഇല്ലാതാക്കിക്കൊണ്ട് ലെനിന്റെയും കൂട്ടരുടെയും ഓരോ ചെയ്തികളെയും നിസ്സാരവൽകരിക്കാനുള്ള, അവരുടെ രാഷ്ട്രീയം തീർത്തും ദുർബലമാണെന്ന് സ്ഥാപിക്കാനുള്ള രംഗങ്ങൾ തുടർച്ചയായി വരുന്നത് കാണാം. ഒരു പൊളിറ്റിക്കൽ ബീയിംഗ് എന്ന നിലയിലുള്ള ലെനിന്റെ അവസാനരംഗം ധാരാവിയിൽ അയാളുടെയും സറീനയുടെയും ശ്രമഫലമായി വരാൻ പോകുന്ന മാറ്റങ്ങളെക്കുറിച്ചുള്ള ചർച്ചയുടേതാണ്. ധാരാവിയിലെ ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്ന ലെനിന് പുതുതായി നിർമിക്കപ്പെടാൻ പോകുന്ന ധാരാവിയിൽ ഗോൾഫ് കോഴ്സ്, പണക്കാർക്കും പാവപ്പെട്ടവർക്കും വേറെ വേറെ സ്കൂൾ, ചേരിനിവാസികൾക്ക് ആഴ്ചയിൽ രണ്ട് ദിവസം മാത്രം പ്രവേശനമുള്ള ആശുപത്രി, എന്നിങ്ങനെ പ്രത്യക്ഷത്തിൽ തന്നെ വിവേചനപരമായ പദ്ധതിയിൽ ഒരു പ്രശ്നവും തോന്നുന്നില്ല. (അത് ചേരിനിവാസികൾക്കും മനസ്സിലാവുന്നില്ല.രജനീകാന്തിനും അയാളുടെ സംഘത്തിനും മാത്രമേ മനസ്സിലാവുന്നുള്ളൂ. അല്ലെങ്കിലും ചേരിയിലുള്ളവർക്ക് ഇതൊന്നും മനസ്സിലാക്കാനുള്ള ബുദ്ധിയില്ലല്ലോ!) പിന്നീട് ഒരിക്കലും അയാൾ പഴയ ലെനിൻ ആയി സ്ക്രീനിൽ വരുന്നില്ല. കുറേ നേരം എല്ലാവരുടെയും പരിഹാസപാത്രമാവാനും ഒടുവിൽ കാലയുടെ കയ്യാളായി നിന്ന് പോരാടാനുമാണ് അയാളുടെ വിധി. ഏറെ പ്രശംസ പിടിച്ചുപറ്റിയ ഒന്നാണ് കാലയുടെ ക്ലൈമാക്സ്. കറുപ്പും നീലയും ചുവപ്പും ഒന്നായി ചേർന്ന് വെളുപ്പിനെ ഇല്ലാതാക്കുന്ന ദൃശ്യം. രഞ്ജിത്ത് എന്ന വ്യക്തിയുടെ രാഷ്ട്രീയ ബോധ്യങ്ങളുടെ നേർക്കാഴ്ചയാണ് ആ രംഗം. ആ ബോധ്യം സിംബലുകളിലൂടെ മാത്രം കൈമാറ്റം ചെയ്യപ്പെടുകയും സിനിമ അങ്ങനെയൊരു പൊളിറ്റിക്സിന്റെ സാധ്യതയെ തള്ളിക്കളയുകയും ചെയ്യുന്നു എന്നിടത്താണ് അയാൾ തോറ്റു പോകുന്നത്.അങ്ങനെ വരുമ്പോഴാണ് കരികാലൻ എന്ന പേരിന്റെ ചരിത്രം പ്രസക്തമാവുന്നത്. ചോളരാജവംശത്തിലെ ഏറ്റവും ശക്തനായ രാജാവായിരുന്നു കരികാല ചോളൻ. ചേരന്മാരെയും പാണ്ഡ്യൻമാരെയും മുട്ടുകുത്തിച്ച, ലങ്കയെ കീഴടക്കിയ വീരൻ. രണ്ടാം നൂറ്റാണ്ടിൽ കാവേരീ നദിയിൽ ‘കല്ലണൈ’ കെട്ടി തമിഴ്നാടിന്റെ പല ഭാഗങ്ങളിലും വെള്ളമെത്തിച്ച് നിലം കൃഷിയോഗ്യമാക്കിയ ദീർഘദർശിയായ മഹാരാജാവ്. ഇരുപത്തി ഒന്നാം നൂറ്റാണ്ടിൽ ആ മഹാരാജാവിന്റെ സ്ഥാനം ഏറ്റെടുക്കാൻ തയ്യാറാവുകയാണ് രജനീകാന്ത്. ‘കാലാ ഓഡിയോ ലോഞ്ചിൽ നടത്തിയ പ്രസംഗത്തിൽ രജനീകാന്ത് പറയുന്നു, ”ദക്ഷിണേന്ത്യൻ നദികളെ സംയോജിപ്പിച്ചു കഴിഞ്ഞാൽ, അതിനടുത്ത ദിവസം മരിച്ചാൽ പോലും എനിക്ക് വിഷമമില്ല” എന്ന്. (ദക്ഷിണേന്ത്യൻ നദികളുടെ സംയോജനത്തിന് വേണ്ടി ജീവിതം മുഴുവൻ ഉഴിഞ്ഞുവെച്ച ആളാണെന്ന് ഒരു ഫീൽ കിട്ടുന്നില്ലേ? അത്രയേ പുളളിയും ഉദ്ദേശിച്ചിട്ടുള്ളൂ. വേറെ പ്രത്യേകിച്ച് കാര്യമൊന്നുമുണ്ടായിട്ടല്ല). തമിഴ്നാട്ടിലെ പ്രശ്നങ്ങൾക്ക് പരിഹാരം കരികാലനെപ്പോലൊരു രാജാവാണെന്നാണ്, ലെനിന്റെ സമരങ്ങൾ വെറുതെയാണെന്നാണ്, ജനകീയസമരങ്ങളുമായി  പോയാൽ ‘തമിഴ്നാടേ സുടുകാടായിടും’ എന്നാണ് രജനീകാന്ത് സിനിമയിലും ജീവിതത്തിലും പറയുന്നത്.

ഹിമാ ഖുറേഷിയുടെ സറീന എന്ന കഥാപാത്രത്തിന്റെ നിർമിതിയിലും കാണാം സൂപ്പർസ്റ്റാറിന്റെ ജയിക്കാനുള്ള ത്വര. കാലയുടെ പൂർവകാലകാമുകിയാണ് സറീന. നാൽപ്പത് വർഷത്തെ ഇടവേളയ്ക്ക് ശേഷം അവർ ധാരാവിയിൽ എത്തുന്നത് ധാരാവിയ്ക്ക് ഒരു പുതിയ മുഖം നൽകാനാണ്. ബ്രസീലിലും ആഫ്രിക്കയിലുമുള്ള ചേരികളെ പുതുക്കിപ്പണിഞ്ഞ ആളാണ്, അന്താരാഷ്ട്ര പ്രശസ്തിയുള്ള ആക്റ്റിവിസ്റ്റാണ് എന്നൊക്കെപ്പറഞ്ഞെത്തുന്ന അവർക്കും ലെനിനെപ്പോലെ പുതിയ പദ്ധതിയുടെ കുഴപ്പങ്ങളൊന്നും മനസ്സിലാവുന്നില്ല. ഈ പ്ലാൻ ഹരിദാദയുടെ സ്കാം ആണെന്ന് കാല പറഞ്ഞു കൊടുത്തിട്ട് പോലും പദ്ധതിയുമായി മുന്നോട്ട് പോവാൻ തന്നെയാണ് സെറീനയുടെ തീരുമാനം. അതിനു വേണ്ടി കാലയുമായി വഴക്കിടാനും ഹരിദാദയെ നേരിട്ട് കണ്ട് കാലയെ തള്ളിപ്പറയാനും കാലിൽ തൊട്ട് നമസ്കരിക്കാനും വരെ സറീന തയ്യാറാവുന്നു. ഏത് സൂപ്പർസ്റ്റാർ സിനിമയിലുമെന്ന പോലെ ഒടുവിൽ സറീനയ്ക്ക് തിരിച്ചറിവുണ്ടാവുകയും അവർ കാലയുടെ നിഴലായി മാറുകയും ചെയ്യുന്നു. മറ്റ് കഥാപാത്രങ്ങളിൽ നിന്നും സറീനയെ വ്യത്യസ്തയാക്കുന്ന കാര്യം അവർ കാലയെ പേര് – കരികാലൻ എന്ന്- വിളിക്കുന്നു എന്നിടത്താണ്. അത് കരികാലൻ ‘കാല’യാവുന്നതിന് മുൻപുള്ള അവരുടെ ബന്ധത്തിന്റെ ഓർമ പുതുക്കലാണ്. അല്ലാതെ സ്ത്രീശാക്തീകരണമല്ല.

വളരെ പ്രധാനപ്പെട്ട മറ്റ് രണ്ട് സ്ത്രീകഥാപാത്രങ്ങളാണ് ശെൽവിയും പുയലും. ഒരു പാട്രിയാർക്കൽ സമൂഹത്തിൽ ‘ഗൃഹനാഥ’ എന്താണ് എന്നതിന്റെ ആൾരൂപമാണ് ശെൽവി. ‘അവൾക്ക് ഞാനേയുള്ളൂ. ഞാനാണവളുടെ ലോകം’ എന്ന് കാല സറീനയോട് പറയുന്നുണ്ട്. അതങ്ങനെ തന്നെയാണെന്ന് സിനിമ കാണിച്ചു തരുന്നുമുണ്ട്. വീട് ഭരിക്കുന്ന, ഭർത്താവിന്റെ മനസ് വായിക്കാൻ കഴിവുള്ള, ഭർത്താവിന് നേരെയുള്ള വഴക്ക് പറച്ചിൽ ‘ദൃഷ്ടി പെടക്കൂടാതി’ൽ ചെന്നെത്തിപ്പോവുന്ന, പൂർവകാമിയെക്കാണാൻ പോയ ഭർത്താവിനോടുള്ള പിണക്കം ‘ഐ ലവ് യൂ സൊല്ലുങ്കോ’യിൽ തീർപ്പാക്കേണ്ടി വരുന്ന പാവം പിടിച്ച സ്ത്രീയാണ്. പാവം തോന്നി, അതു കൊണ്ട് തന്നെ ഏറെയിഷ്ടവും.

പുയൽ അങ്ങനെയല്ല. അവൾക്ക് ഒന്നിനെയും പേടിയില്ല. കാമുകനായ ലെനിൻ പകച്ചു നിൽക്കുന്നിടത്ത് സ്റ്റേറ്റിനെ പോരിനു വിളിക്കുന്നതവളാണ്. ലെനിനും സെറീനയ്ക്കുമൊപ്പം നിൽക്കുമ്പോഴും പുതിയ പ്ലാനിൽ അവൾ തൃപ്തയല്ലെന്ന് കാണാം ( പദ്ധതിയെ ആദ്യം ചോദ്യം ചെയ്യുന്ന യുവാവിനെ ലെനിൻ തടയുമ്പോൾ ‘അവന് പറയാനുള്ളത് കേൾക്കാ’ൻ അവൾ ആവശ്യപ്പെടുന്ന രംഗം). ഏറ്റവുമൊടുവിൽ, ഒന്ന് പകച്ചു പോവുന്നുണ്ടെങ്കിലും, നഗ്നത മറയ്ക്കാൻ നിൽക്കാതെ പോരാട്ടത്തിന് ആയുധമെടുക്കുന്ന പുയൽ. കാലയിലെ ഏറ്റവും ഹീറോയിക് ആയ മൊമന്റ്. ഒരുപക്ഷേ, കാലായിലെ ഏറ്റവും പവർഫുളായ കഥാപാത്രവും. പക്ഷേ, പുയലിന്റെ ശരിക്കുള്ള പേര് പുയൽ എന്നല്ല. അവൾക്കൊരു മുസ്ലിം പേരുണ്ട്, ഒരു മുസ്ലിം ഐഡന്റിറ്റിയും. പുയൽ എന്ന പേര് അതിനെ വിഴുങ്ങിക്കളയുന്നത് പോലെ തോന്നി. എന്തോ, ‘അൻപേ ശിവ’ത്തിലെ സഖാവ് മെഹ്റുന്നീസയെ ഓർമ വന്നു.രാജ്യത്ത് പിടിമുറുക്കിയിരിക്കുന്ന ഹിന്ദുത്വ രാഷട്രീയത്തെയും സ്വച്ഛഭാരത് എന്ന പേരിൽ അവർ നടത്താൻ പദ്ധതിയിടുന്ന വംശീയ ഉന്മൂലനത്തെയും ശക്തമായി എതിർക്കുന്നുണ്ട് ‘കാല’. ആ രാഷ്ട്രീയത്തിന്റെ ആണിക്കല്ല് എവിടെയാണെന്നും അത് ശത്രുപക്ഷത്ത് നിർത്തുന്നത്,അപരവത്കരിക്കുന്നത് ആരെയാണെന്നും സംവിധായകന് കൃത്യമായ ബോധ്യമുണ്ട്. അതുകൊണ്ട് തന്നെയാണ് രാമൻ വില്ലനാവുകയും രാവണൻ നായകനാവുകയും ചെയ്യുന്നത്. ഈ ‘റോൾ റിവേഴ്സൽ’ മണിരത്നത്തിന്റെ ‘രാവണനി’ലും കാണാം. അധികാരം കയ്യാളുന്ന സ്റ്റേറ്റ് രാമനാകുന്നതും വിപ്ലവം നടത്തുന്ന, സമാന്തര ഭരണകൂടം തീർക്കുന്ന എതിർശബ്ദം രാവണനാവുന്നതും. അത് മറ്റൊരു തരത്തിൽ ‘ഇന്ത്യൻ’ എന്ന ഉത്തരേന്ത്യൻ ദേശീയതയോടുള്ള ‘തമിഴൻ’ എന്ന ദേശീയതയുടെ മറുപടിയാണ്. അതാവട്ടെ ദളിത് എന്നതിനേക്കാൾ, തുടക്കത്തിൽ സൂചിപ്പിച്ച തമിഴൻ എന്ന സ്വത്വത്തോടാണ് ചേർന്ന് നിൽക്കുന്നത്. മറ്റൊരു തരത്തിൽ പറഞ്ഞാൽ അത് രഞ്ജിത്തിന്റെ രാഷ്ട്രീയത്തേക്കാൾ രജനീകാന്തിന്റെ രാഷ്ട്രീയത്തോട് അടുത്ത് നിൽക്കുന്ന ഒന്നാണ്.

‘കാല’യിൽ അംബേദ്കറെറ്റ്- പ്രോലിറ്റേറിയറ്റ് രാഷ്ട്രീയം ഏറ്റവും സ്പഷ്ടമായി പറയുന്ന രംഗം ധാരാവിയിൽ നടക്കുന്ന ജനകീയ സമരമാണ്. ഒരു ഘട്ടത്തിൽ കരികാലന് ഹരിദാദയുടെ അധിനിവേശ ശ്രമങ്ങളെ ഒറ്റയ്ക്ക് ചെറുക്കാൻ കഴിയില്ല എന്ന് വരുമ്പോൾ അയാൾ സമരത്തിന് ആഹ്വാനം ചെയ്യുന്നു. മുംബൈ നിശ്ചലമാവുന്നു. വർക്കിംഗ് ക്ലാസിന്റെ സമരങ്ങൾക്ക് മുന്നിൽ വലിയ വലിയ സാമ്രാജ്യങ്ങൾ മുട്ടുമടക്കിയിരിക്കുന്നു. സ്വാഭാവികമായും ഹരിദാദയും അയാളുടെ കൂടെയുള്ളവരും സമരത്തിന് മുന്നിൽ തോറ്റു പോകുന്നു. അധിനിവേശ ശ്രമങ്ങളെ എതിർത്ത് തോൽപിക്കാനുള്ള വഴി ജനകീയ കൂട്ടായ്മകളും അവരൊരുക്കുന്ന പ്രക്ഷോഭങ്ങളുമാണെന്ന് അവിടെ വെച്ച് സിനിമ പറയുന്നുണ്ട്. പക്ഷേ അവിടെ നിർത്താൻ തൽകാലം രഞ്ജിത്തിന് പറ്റില്ല. അങ്ങനെ ജനകീയ സമരങ്ങൾ വില്ലന്മാരെ തോൽപിക്കാൻ തുടങ്ങിയാൽ സൂപ്പർസ്റ്റാറുകൾ എന്ത് ചെയ്യും? അതുകൊണ്ട് ഹരിദാദ തൽകാലത്തേക്ക് കണിമംഗലം ജഗന്നാഥനായി മാറുകയും ഒറ്റ രാത്രി കൊണ്ട് ധാരാവി ഒഴിപ്പിക്കാൻ തീരുമാനിക്കുകയും ചെയ്യുന്നു. സിംപിൾ പ്ലാനാണ്. ഒരു കഷണം പന്നിയിറച്ചി എടുത്ത് ചേരിയിലെ മുസ്ലിം പള്ളിയിലേക്കെറിയുന്നു. മുസ്ലിങ്ങൾ ബൈ ഡിഫോൾട്ട് മതതീവ്രവാദികളായത് കൊണ്ട് നേരെ വാളെടുത്ത് വെട്ടാനിറങ്ങുന്നു. ഹരിദാദ കേരളാ മുഖ്യമന്ത്രി അല്ലാത്തത് കൊണ്ട് ഹിന്ദുക്കൾക്കും മരുന്നിട്ട് കൊടുക്കുന്നു. അവരും വാളെടുക്കുന്നു. കലാപം നിർത്താൻ വേണ്ടി സമരം ചെയ്യാൻ പറ്റില്ലല്ലോ. അതിന് സൂപ്പർസ്റ്റാർ തന്നെ വേണം. ഹീ കംസ് ഏൻഡ് ഡസ് ഹിസ് ജോബ്. പിന്നെ അങ്ങോട്ട് അടി-ഇടി-വെടി-പൊക എന്ന സ്ഥിരം ഗുണ്ടാണ്. ഏറ്റവുമൊടുവിൽ സംവിധായകന്റെ രാഷ്ട്രീയം പ്രേക്ഷകർക്ക് മുന്നിൽ  വെളിവാക്കാൻ വേണ്ടിയുള്ള കറുപ്പ്-നീല-ചുവപ്പ് വർണങ്ങൾ മാത്രമുപയോഗിച്ചുള്ള ക്ലൈമാക്സ് രംഗത്തോടെ ധാരവിയ്ക്ക് മുന്നിൽ ഹരിദാദ, അധസ്ഥിതർക്ക് മുന്നിൽ അധീശവർഗം, സംഘടിതശക്തിക്ക് മുൻപിൽ ഫാഷിസം ഇല്ലായ്മ ചെയ്യപ്പെടുന്നു.

ദളിത് പൊളിറ്റിക്സിന്റെ അടയാളങ്ങൾ ഏറെയുണ്ട് സിനിമയിൽ. സിനിമ ഇറങ്ങുന്നതിന് മുൻപ് തന്നെ പ്രശസ്തമായ കാലയുടെ ജീപ്പ് നമ്പർ, റാപ്പ് സോംഗിനിടയിൽ വരുന്ന മുദ്രാവാക്യങ്ങൾ, ചേരിക്കുള്ളിലെ കുഞ്ഞു ബുദ്ധക്ഷേത്രം, പോലീസുകാരൻ കഥാപാത്രം മുഴക്കുന്ന ജയ് ഭീം മുദ്രാവാക്യം, ഏറ്റവുമൊടുവിൽ നിറങ്ങൾ ഉപയോഗിച്ചുള്ള ദൃശ്യങ്ങൾ എന്നിങ്ങനെ എണ്ണിയാൽ തീരാത്തത്ര അടയാളങ്ങളുണ്ട് സിനിമയിൽ. പക്ഷേ അവ അടയാളങ്ങളായി മാത്രം അവശേഷിക്കുന്നു എന്നിടത്താണ് സിനിമ നിരാശപ്പെടുത്തുന്നത്. ഹരിദാദയുടെ വീട്ടിൽ വെച്ച് അയാളുമായി കാല നടത്തുന്ന സംഭാഷണത്തിന്റെ രംഗമുണ്ട്. സിനിമ പറയാനുദ്ദേശിക്കുന്ന പൊളിറ്റിക്സ് ആണ് ആ രംഗത്തിൽ കാല പറയുന്നത്. സിനിമയുടെ പൊളിറ്റിക്സ് ഒരാളുടെ പ്രസംഗത്തിലൂടെ അവതരിപ്പിക്കേണ്ടി വരുന്നത് ഒരു മികച്ച സംവിധായകനിൽ നിന്ന് പ്രതീക്ഷിക്കാവുന്നതല്ല.

അവസാനമായി പറയട്ടെ, കാല ചർച്ച ചെയ്യുന്ന വിഷയം ദളിത് ഒപ്രഷൻ അല്ല. അധികാരവർഗം അധസ്ഥിതർക്ക് മേൽ നടത്തുന്ന അധിനിവേശം ആണ് ആ സിനിമയുടെ വിഷയം. വർഷങ്ങളായി ജീവിക്കുന്ന ഭൂമിയിൽ നിന്ന് ഒഴിപ്പിക്കപ്പെടുന്ന മനുഷ്യരുടെ കഥയാണ്. സമാനവിഷയം ചർച്ച ചെയ്ത സിനിമയായിരുന്നു കമ്മട്ടിപ്പാടം. അത് പക്ഷേ കൃത്യമായും ഭൂമി വിലയേറിയ ഒരു കമ്മോഡിറ്റിയായി മാറുമ്പോൾ വിലയില്ലാതായിപ്പോവുന്ന, ഒരു നഗരത്തിന്റെ തിങ്ങി ഞെരുക്കങ്ങൾക്കിടയിൽ തന്റേതെന്ന് കരുതിയ നിലവും വഴികളും അപ്രത്യക്ഷമാവുന്നത് കണ്ട് പകച്ചു പോകുന്ന, ഒരു ഘട്ടത്തിൽ പൊടുന്നനെ അപ്രത്യക്ഷരായിപ്പോവുന്ന മനുഷ്യരുടെ, കൃത്യമായും ദളിതരുടെ കഥയാണ്. ദളിത് പൊളിറ്റിക്സ് സംസാരിക്കാൻ ശ്രമിച്ച, ബാലൻ ചേട്ടനെയും ഗംഗയെയും സൃഷ്ടിച്ച കമ്മട്ടിപ്പാടം കേട്ട ഏറ്റവും വലിയ പഴി ദുൽഖറിന്റെ കഥാപാത്രത്തിനുണ്ടായിരുന്ന രക്ഷാകർതൃസ്വഭാവമായിരുന്നു. കാലയിൽ എത്തുമ്പോൾ ബാലൻ ചേട്ടനും ഗംഗയും ഫ്രെയിമിന് പുറത്താണെന്ന് മാത്രമല്ല, മേലെ സൂചിപ്പിച്ച മനുഷ്യർ അപ്രസക്തരാവുകയും അവരുടെ രക്ഷകൻ നിറഞ്ഞു നിൽക്കുകയും ചെയ്യുന്നു. ദുൽഖറിന്റെ കഥാപാത്രത്തേക്കാൾ നൂറ് മടങ്ങ് രക്ഷാകർതൃ സ്വഭാവം കാണിക്കുന്നുണ്ട് കരികാലൻ. അതിനെന്താ, കാലാ ദളിതനല്ലേ എന്നല്ലേ? കാലാ ദളിതനാണെങ്കിലും അല്ലെങ്കിലും രജനീകാന്ത് ആണ് എന്ന് മാത്രമാണ് തൽക്കാലം ഉത്തരം.

Advertisement