'ഫെമിനിസ്റ്റായ' മാധവിയും പുരുഷന്മാരുടെ അവകാശങ്ങളും
Film News
'ഫെമിനിസ്റ്റായ' മാധവിയും പുരുഷന്മാരുടെ അവകാശങ്ങളും
അമൃത ടി. സുരേഷ്
Wednesday, 22nd June 2022, 7:16 pm

സെക്‌സ് ഈസ് നോട്ട് എ പ്രോമിസ് പുരുഷനും ബാധകമല്ലേ? കോടതിയിലെ പൊരിഞ്ഞ വാദത്തിനിടയില്‍ അഡ്വ. മാധവി ഉന്നയിച്ച ഈ ചോദ്യം പ്രേക്ഷകരെ കുഴക്കുന്നുണ്ടാവും. ഒറ്റകാഴ്ചയില്‍ മനസിലാക്കാനോ വ്യാഖ്യാനിക്കാനോ പറ്റാത്ത വിധം സങ്കീര്‍ണമാണ് ‘വാശി’യിലെ രാഷ്ട്രീയം. സ്ത്രീവിരുദ്ധമാണോ എന്ന് ചോദിച്ചാല്‍ അല്ല, സ്ത്രീപുരുഷ സമത്വത്തിന് വേണ്ടിയാണോ വാദിക്കുന്നത് എന്ന് ചോദിച്ചാല്‍ അതേ എന്നും പറയേണ്ടി വരും.

സ്ത്രീകള്‍ക്കൊപ്പം ഓടുമ്പോള്‍ തന്നെ സ്ത്രീകള്‍ക്കായി നിര്‍മിച്ച നിയമപരിരക്ഷ ചൂഷണം ചെയ്യപ്പെടുന്നുണ്ടോ എന്ന വിഷയവും കൂടിയാണ് വാശി മുമ്പോട്ട് വെക്കുന്നത്. താനൊരു ‘ഫെമിനിസ്റ്റാണ്’ എന്ന് എടുത്ത് പറഞ്ഞിട്ടാണ് അഡ്വ. മാധവി സ്ത്രീകള്‍ക്ക് വേണ്ടി നിര്‍മിച്ച നിയമങ്ങള്‍ നിരപരാധിയായ പുരുഷനെ ശിക്ഷിക്കാന്‍ വേണ്ടി ഉപയോഗിക്കരുത് എന്ന് പറയുന്നത്.

സമത്വത്തിന്റെ ഈ മഹത്തായ മെസേജ് കൊടുക്കാനും മാത്രം നമ്മുടെ സമൂഹം മുമ്പോട്ട് പോയിട്ടുണ്ടോ എന്ന് കൂടി ഇതിനു മുമ്പ് നാം ചിന്തിക്കേണ്ടതുണ്ട്. പ്രത്യേകിച്ചും അതിജീവിതമാരുടെ സ്വഭാവ സര്‍ട്ടിഫിക്കറ്റ് അളക്കുന്ന, റേപ്പും അബ്യൂസും എന്താണെന്ന് ഇരകള്‍ക്ക് തന്നെ ക്ലാസ് എടുത്തുകൊടുക്കേണ്ടി വരുന്ന ഒരു സമൂഹത്തില്‍.

‘സെക്‌സ് ഈസ് നോട്ട് എ പ്രോമിസ്’ എന്ന് ഒരു സ്ത്രീ പറയുമ്പോള്‍ കയ്യടിക്കുന്ന സമൂഹം എന്തുകൊണ്ടാണ് ഇതേ കാര്യം ഒരു പുരുഷന്‍ പറയുമ്പോള്‍ അംഗീകരിക്കാന്‍ മടിക്കുന്നത് ? എന്ന അഡ്വ. മാധവിയുടെ ചോദ്യം ഇപ്പോഴും സ്ത്രീവിരുദ്ധരായ നമ്മുടെ പുരുഷാധിപത്യ സമൂഹത്തിന് ഇന്ധനം പകരുന്ന സ്റ്റേറ്റ്മന്റാണ്.

കേസിന്റെ വിധി എന്ത് തന്നെയായാലും അത് ഈ സമൂഹത്തില്‍ പ്രതിഫലിക്കുന്നത് തന്നെയായിരിക്കും എന്ന അഡ്വ. എബിന്റെ വാദം തന്നെയാണ് സിനിമയുടെ ഒടുക്കം തോന്നുന്നത്. ചിത്രം മുമ്പോട്ട് വെക്കുന്ന രാഷ്ട്രീയം നമ്മുടെ സമൂഹത്തിന്റെ സ്വഭാവം വെച്ചുനോക്കുമ്പോള്‍ ഏത് രീതിയില്‍ പ്രതിഫലിക്കും എന്ന സംശയമാണ് ഉയരുന്നത്.

Content Highlight: the politics of gender equality in vaashi movie

അമൃത ടി. സുരേഷ്
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമയും പൂര്‍ത്തിയാക്കിയിട്ടുണ്ട്.