| Wednesday, 30th April 2025, 12:20 pm

ഒരേയൊരു മോഹൻലാൽ; ആ റെക്കോർഡ് തൊടാൻ മലയാളത്തിലെ മറ്റൊരു നടനും ഇതുവരെ കഴിഞ്ഞിട്ടില്ല

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നാല് പതിറ്റാണ്ടിലധികമായി മലയാളത്തിൽ നിറഞ്ഞുനിൽക്കുന്ന നടനാണ് മോഹൻലാൽ. ഇത്രയും കാലത്തെ കരിയറിൽ മോഹൻലാൽ പകർന്നാടാത്ത വേഷങ്ങളില്ല. തന്നിലെ നടനെയും താരത്തെയും ഒരുപോലെ മുന്നോട്ട് കൊണ്ടുപോകാൻ കഴിയുന്ന ചുരുക്കം നടന്മാരിൽ ഒരാളാണ് മോഹൻലാൽ.

ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റിലേക്ക് കുതിക്കുകയാണ് മോഹൻലാൽ നായകനായ തുടരും. യുവസംവിധായകനായ തരുൺ മൂർത്തി അണിയിച്ചൊരുക്കിയ ചിത്രം ആദ്യ ഷോ അവസാനിച്ചതുമുതൽ അതിഗംഭീര പ്രതികരണങ്ങളാണ് ഏറ്റുവാങ്ങിയത്. റിലീസ് ചെയ്‌ത്‌ മൂന്ന് ദിവസം കൊണ്ട് 50 കോടി കളക്ഷൻ നേടിയ ചിത്രം മികച്ച രീതിയിൽ മുന്നോട്ട് കുതിക്കുകയാണ്. മോഹൻലാൽ എന്ന നടനെയും താരത്തെയും ഒരുപോലെ ഉപയോഗിച്ച ചിത്രമായാണ് പലരും ഈ സിനിമയെ കാണുന്നത്.

ഒരു മോഹൻലാൽ സിനിമ റിലീസ് ചെയ്യുമ്പോൾ തിരുത്തിക്കുറിക്കുന്നത് മലയാളത്തിലെ സകല റെക്കോർഡുകളുമാണ്. ഇപ്പോഴിതാ തുടരും സിനിമയിലൂടെ മറ്റൊരു റെക്കോർഡ് കൂടി മോഹൻലാൽ സ്വന്തം പേരിലാക്കിയിരിക്കുകയാണ്.

ഒരു ദിവസം 20 കോടിയിലധികം ഗ്രോസ് കളക്ഷൻ നേടുന്ന സിനിമകളുടെ പട്ടികയിലാണ് തുടരും ഇടം പിടിച്ചിരിക്കുന്നത്. എട്ട് തവണയാണ് മോഹൻലാൽ ഈ നേട്ടം സ്വന്തം പേരിലാക്കിയിരിക്കുന്നത്. മാത്രമല്ല, ഇതുവരെ ഒരു ദിവസം 20 കോടിയ്ക്ക് മുകളില്‍ കളക്ഷന്‍ നേടിയിരിക്കുന്ന മലയാളചിത്രങ്ങളെല്ലാം തന്നെ മോഹൻലാൽ ചിത്രങ്ങളാണ്. മലയാളത്തിലെ മറ്റൊരു അഭിനേതാവിനും ഈ നേട്ടം സ്വന്തമാക്കാനായിട്ടില്ല.

പ്രിയദർശൻ സംവിധാനം ചെയ്ത് 2021ൽ പുറത്തിറങ്ങിയ മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി ഒരു ദിവസം 20 കോടിയിലധികം ഗ്രോസ് നേടുന്ന ലിസ്റ്റിൽ മോഹൻലാൽ ഇടംപിടിച്ചത്. 20.40 കോടിയായിരുന്നു മരക്കാർ ഒരു ദിവസം മാത്രം നേടിയത്. തുടർന്നെത്തിയ എമ്പുരാൻ, തുടരും എന്നീ സിനിമകളും ഈ നേട്ടം കൈവരിച്ചു. റിലീസ് ചെയ്ത് തുടർച്ചയായി അഞ്ച് ദിവസങ്ങളിലാണ് എമ്പുരാൻ 20 കോടിയ്ക്ക് മുകളിൽ കളക്ഷൻ നേടിയത്. 68.20 കോടി ആയിരുന്നു എമ്പുരാന്റെ ആദ്യ ദിന ആഗോള കളക്ഷൻ.

അതേസമയം, ആദ്യ ദിനം 16 കോടിയോളം കളക്ഷൻ നേടിയ തുടരും പിന്നെയുള്ള ദിവസങ്ങളിൽ വലിയ കുതിപ്പാണ് നടത്തിയത്. രണ്ടാമത്തെയും മൂന്നാമത്തെയും ദിവസങ്ങളിൽ തുടരും നേടിയത് 25.9 , 26.15 കോടി രൂപയാണ്. ചിത്രം മൂന്ന് ദിവസം കൊണ്ട് 69 കോടിയിലധികം രൂപ നേടിയതായാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്. ഏപ്രിൽ 25 നാണ് തുടരും തിയേറ്ററുകളിലെത്തിയത്. ജനപ്രീതി കണക്കിലെടുക്കുമ്പോള്‍ വരും ദിവസങ്ങളിൽ സിനിമ 100 കോടി കളക്ഷൻ മറികടക്കുമെന്നാണ് അനലിസ്റ്റുകളുടെ നിഗമനം.

Content Highlight: The one and only Mohanlal; no other Malayalam actor has been able to touch that record yet

We use cookies to give you the best possible experience. Learn more