മലയാളികൾക്ക് എന്നും പ്രിയപ്പെട്ട ചിത്രമാണ് കുഞ്ചാക്കോ ബോബനും ശാലിനിയും ഒന്നിച്ചെത്തിയ നിറം. എന്നാൽ സിനിമയെക്കുറിച്ചുള്ള ഓർമകളിൽ നായകനെയും നായികയെക്കാളും ശ്രദ്ധ നേടിയത് പ്രകാശ് മാത്യുവും വർഷ എന്നീ കഥാപാത്രങ്ങളാണ്. പ്രകാശായി ബോബനും വർഷയായി ജോമോളും ചിത്രത്തിൽ അവതരിപ്പിച്ച കഥാപാത്രങ്ങൾ ഇന്നും പ്രേക്ഷക മനസിൽ മായാതെ നിൽക്കുന്നവയാണ്.
ഇപ്പോഴിതാ, നിറം വീണ്ടും സോഷ്യൽ മീഡിയയിൽ ചർച്ചയാകുകയാണ്. എന്നാൽ ഈ വട്ടം ചർച്ച പ്രകാശും ശാലിനിയും അല്ല, പ്രകാശനും വർഷയുമാണ്. സിനിമയിൽ യഥാർത്ഥത്തിൽ ഒന്നിക്കേണ്ടിയിരുന്നത് പ്രകാശനും വർഷയും ആയിരുന്നുവെന്നും, പ്രണയമായാലും വിവാഹമായാലും അവസാനം ഭാഗ്യമില്ലാതെ തീരുന്ന കഥാപാത്രങ്ങളാണ് ഇരുവരുമെന്നാണ് പ്രേക്ഷകർ സോഷ്യൽ മീഡിയയിൽ ചർച്ചയാക്കുന്നത്. അതിന് തെളിവായി ഇരുവരുടെയും മുൻ സിനിമകളിലെ കഥാപാത്രങ്ങളെയും പ്രേക്ഷകർ ചൂണ്ടിക്കാണിക്കുന്നു.
എൻ്റെ സ്വന്തം ജാനകിക്കുട്ടി എന്ന ചിത്രത്തിൽ ജോമോളിന്റെ കഥാപാത്രം സ്നേഹിച്ച കാമുകന് മറ്റൊരാളോടാണ് പ്രണയം. പഞ്ചാബി ഹൗസ് എന്ന ചിത്രത്തിൽ കാമുകനെ നഷ്ടപ്പെട്ട് വിധവയായി ജീവിച്ചിട്ടും, അവസാനം താൻ സ്നേഹിച്ചയാൾ ജീവനോടെ ഉണ്ടെന്നറിഞ്ഞിട്ടും ഒരുമിച്ച് ജീവിക്കാൻ കഴിയാതെ പോകുന്ന സുജാതയായി ജോമോൾ എത്തി. നിറം എന്ന ചിത്രത്തിലും താൻ സ്നേഹിക്കുന്ന ആളിന് തന്നോട് അതേ വികാരം ഇല്ലെന്നറിഞ്ഞിട്ടും ഒരു പരാതിയുമില്ലാതെ വഴിമാറികൊടുക്കുന്ന വർഷയാണ് അവൾ.
ഇതിലും ദുരന്തമാണ് ബോബൻ അവതരിപ്പിച്ച പല കഥാപാത്രങ്ങളുടെയും അവസ്ഥയെന്നാണ് പ്രേക്ഷകർ പറയുന്നത്. നിറം എന്ന ചിത്രത്തിൽ ശാലിനിയെ സ്വന്തമാക്കുമെന്ന് കരുതിയപ്പോൾ അവൾ മറ്റൊരാളോടൊപ്പം പോകുന്നു. സൽപ്പേര് രാമൻകുട്ടി എന്ന സിനിമയിൽ വിവാഹ പന്തലിൽ എത്തിയിട്ടും വിവാഹം നടന്നില്ല, നായികയെ ജയറാം അടിച്ചോണ്ടുപോയി.
അഖില എന്ന സിനിമയിൽ വാണി വിശ്വനാഥിനൊപ്പം ജീവിക്കാമെന്ന് കരുതിയപ്പോൾ അവസാനം വാണി വിശ്വനാഥ് ജയിലിലുമായി. തൊമ്മനും മക്കളും എന്ന സിനിമയിൽ തേവരുടെ മകളെ കല്യാണം കഴിക്കാം എന്ന് കരുതിയപ്പോൾ കാളിയപ്പനും ടീമും കൊന്നുകുഴിച്ചുമൂടി, കല്യാണ രാമൻ സിനിമയിൽ ഒരു കല്യാണം കഴിച്ച് സുഖമായി ജീവിക്കാമെന്ന് കരുതിയപ്പോൾ അതും അധിക കാലം നീണ്ടു നിന്നില്ല, തെക്കേടത്ത് തറവാടിന്റെ ശാപം അവന്റെ ഭാര്യയ്ക്കും വന്നു അവൾ വെന്തു മരിച്ചു.
സിനിമയ്ക്കുള്ളിൽ തങ്ങൾ സ്നേഹിച്ചവരോടൊപ്പം ഒരിക്കലും ജീവിതം നയിക്കാൻ കഴിയാത്ത ഭാഗ്യമില്ലാത്ത രണ്ടുപേരാണ് ബോബനും ജോമോളും. ഒന്നുകിൽ അവർ സ്നേഹിക്കുന്നവർക്ക് അവരോട് പ്രണയമുണ്ടാകില്ല, അല്ലെങ്കിൽ ആ പ്രണയം അധികകാലം നിലനിൽക്കില്ല.
എന്തൊക്കെയായാലും നിറം എന്ന ചിത്രത്തിൽ പ്രകാശും വർഷയും ഒന്നിച്ചിരുന്നെങ്കിൽ എന്ന പ്രേക്ഷകരുടെ ആഗ്രഹമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും നിറഞ്ഞുനിൽക്കുന്നത്.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി.
ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.