തമിഴിലെ ‘96’ മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇന്നും ആഴമുള്ള ഒരു ഓർമ്മയായി നിലകൊള്ളുന്ന സിനിമയാണ്. അതേ വികാരം തന്നെയാണ് ഒ.ടി.ടി റിലീസിന് ശേഷം ‘ഇത്തിരി നേരം’ മലയാളികൾക്ക് നൽകുന്നതും.
ഭാഷയും കാലവും പശ്ചാത്തലവും വ്യത്യസ്തമായിട്ടും, പൂർത്തിയാകാതെ പോയ പ്രണയ വേദനയാണ് ഈ രണ്ട് സിനിമകളിലും കാണാൻ സാധിക്കുന്നത്. സിനിമ കണ്ട ഓരോ പ്രേക്ഷകനും അനുഭവപ്പെട്ട വികാരവും അതുതന്നെയാണ്.
‘ഇത്തിരി നേരം’ ഒ.ടി.ടി-യിൽ എത്തിയതിനു പിന്നാലെ പ്രേക്ഷക ശ്രദ്ധ നേടി ചർച്ചയാവുകയാണ്.
ഒരുമിച്ച് ജീവിക്കാൻ കഴിഞ്ഞില്ലെങ്കിലും, ഹൃദയത്തിനുള്ളിലെ ആ സ്ഥാനം മറ്റൊരാൾക്ക് ഒരിക്കലും കൈമാറാൻ കഴിയില്ല എന്ന സത്യം, ജീവിതത്തിൽ ഒരിക്കൽ മാത്രം അനുഭവിക്കാവുന്ന ഒരു വികാരമാണെന്ന ആശയം ഈ രണ്ട് സിനിമകളും സമാനമായി മുന്നോട്ടുവയ്ക്കുന്നു.
Official poster, Photo: IMDb
വർഷങ്ങൾക്ക് ശേഷം വീണ്ടും കണ്ടുമുട്ടുന്ന രണ്ട് പഴയ പ്രണയങ്ങളാണ് ഇരുചിത്രങ്ങളുടെയും കഥാസന്ദർഭം. ‘96’ ൽ റാമും ജാനുവും ഒരുമിച്ച് ചെലവിടുന്നത് ഒരു ഗെറ്റുഗെതെർ പാർട്ടിയിലൂടെയാണെങ്കിൽ. ‘ഇത്തിരി നേര’ത്തിൽ അനീഷിനും അഞ്ജനയ്ക്കും ലഭിക്കുന്നത് തിരുവനന്തപുരത്തിന്റെ രാത്രിയിലൂടെ നീളുന്ന ഒരു യാത്രയാണ്. ഈ കുറച്ചുസമയത്തിനുള്ളിൽ തന്നെ അടച്ചുവെച്ച വികാരങ്ങളും പറയാതെ പോയ വാക്കുകളും പുറത്തുവരുന്നതാണ് രണ്ടുചിത്രങ്ങളുടെയും ആത്മാവ്.
‘96’ ൽ റാമിന്റെ ജാനുവിനോടുള്ള സ്‌നേഹം അവസാനം ഒരു ആരാധനയുടെ രൂപത്തിലേക്ക് ഉയരുമ്പോൾ, ജാനുവിന്റെ പ്രണയം തുറന്നു പറയാനാകാതെ പോയ ഒരു നഷ്ടത്തിന്റെ കഥയായി മാറുന്നു. അതുകൊണ്ടുതന്നെ ആ സിനിമ ഓരോ പ്രേക്ഷകനെയും വ്യക്തിപരമായി വേദനിപ്പിക്കുന്ന അനുഭവമായിരുന്നു.
മറുവശത്ത്, ‘ഇത്തിരി നേരം’ ബന്ധങ്ങളെ കൂടുതൽ സമകാലികമായി കാണിക്കുന്നു. ജെൻഡർ ബോധവും ബന്ധങ്ങൾക്കിടയിൽ ഒളിപ്പിച്ചു വയ്ക്കപ്പെടുന്ന വികാരങ്ങളും സിനിമ സൂക്ഷ്മമായി അടയാളപ്പെടുത്തുന്നു.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി.
ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.