കുസാറ്റ് ക്യാമ്പസ് തിക്കിലും തിരക്കിലും പെട്ട് അന്ന് പൊലിഞ്ഞത് നാല് ജീവനുകൾ; ദുരന്തത്തെ വീണ്ടും പ്രേക്ഷകരിലെത്തിച്ച് 'അതിരടി'
Malayalam Cinema
കുസാറ്റ് ക്യാമ്പസ് തിക്കിലും തിരക്കിലും പെട്ട് അന്ന് പൊലിഞ്ഞത് നാല് ജീവനുകൾ; ദുരന്തത്തെ വീണ്ടും പ്രേക്ഷകരിലെത്തിച്ച് 'അതിരടി'
നന്ദന എം.സി
Friday, 15th May 2026, 12:31 pm

കേരളക്കരയെ മുഴുവൻ ഞെട്ടിച്ച സംഭവമായിരുന്നു കുസാറ്റ് ക്യാമ്പസിൽ 2023 നവംബറിൽ നടന്ന ദുരന്തം. ആഘോഷങ്ങളും പാട്ടുകളും ആരവങ്ങളുമായി മുന്നേറിക്കൊണ്ടിരുന്ന ടെക് ഫെസ്റ്റിനിടെ പെയ്ത മഴയെത്തുടർന്ന് വിദ്യാർത്ഥികൾ ഒരേസമയം ഓഡിറ്റോറിയത്തിലേക്ക് തിക്കിക്കയറിയപ്പോൾ നാല് ജീവനുകളാണ് നഷ്ടമായത്.

രണ്ട് പെൺകുട്ടികളടക്കം നാല് യുവജീവിതങ്ങൾ ഒരു നിമിഷത്തെ അശ്രദ്ധയിൽ അവസാനിച്ചു. പിന്നീട് വലിയ വിവാദങ്ങളും ചർച്ചകളും കേസുകളും ഉണ്ടായെങ്കിലും കാലം കടന്നുപോകുമ്പോൾ ആ സംഭവം വാർത്തകളിൽ നിന്നുമാത്രമല്ല, പലരുടെയും ഓർമകളിൽ നിന്നുപോലും മങ്ങിയിരുന്നു.

എന്നാൽ ഇപ്പോൾ വീണ്ടും ആ ദുരന്തത്തിന്റെ ഓർമകളെ പ്രേക്ഷകർക്കുമുന്നിലെത്തിക്കുകയാണ് ടൊവിനോ തോമസിനെയും ബേസിൽ ജോസഫിനെയും പ്രധാന കഥാപാത്രങ്ങളാക്കി പുറത്തിറങ്ങിയ ‘അതിരടി’.

സിനിമയുടെ ആദ്യഭാഗം മുതൽ തന്നെ അടുത്തകാലത്ത് കേരളത്തിൽ നടന്ന ഒരു യഥാർത്ഥ ക്യാംപസ് ദുരന്തത്തെ ഓർമിപ്പിക്കുന്ന തരത്തിലാണ് കഥ മുന്നോട്ട് പോകുന്നത്.

അതിരടി, Photo: YouTube/ Screengrab

ഒരു കോളേജ് സംഗീത പരിപാടിക്കിടെ ഉണ്ടാകുന്ന അപകടവും അതിൽ മൂന്ന് വിദ്യാർത്ഥികൾ മരിക്കുന്നതുമാണ് സിനിമയുടെ പശ്ചാത്തലം.

സിനിമയിൽ യഥാർത്ഥ സംഭവത്തിന്റെ പേര് എവിടെയും പറയുന്നില്ലെങ്കിലും പ്രേക്ഷകരെ അത് കുസാറ്റ് ദുരന്തത്തിന്റെ ഓർമകളിലേക്കാണ് നേരിട്ട് കൂട്ടിക്കൊണ്ടുപോകുന്നത്. അതുകൊണ്ടുതന്നെ സിനിമയുടെ തുടക്കം മുതൽ മനസിന് ഒരു ഭാരം പ്രേക്ഷകർക്ക് അനുഭവപ്പെടുന്നുണ്ട്.

ബേസിൽ ജോസഫ് അവതരിപ്പിക്കുന്ന സാംകുട്ടി എന്ന കഥാപാത്രമാണ് സിനിമയുടെ കേന്ദ്രം. തന്റെ സഹോദരൻ പഠിച്ച അതേ എൻജിനീയറിങ് കോളേജിലേക്കാണ് സാംകുട്ടി എത്തുന്നത്.

ഒരിക്കൽ ആഘോഷങ്ങളാലും കലാപരിപാടികളാലും നിറഞ്ഞിരുന്ന ക്യാംപസ് ആ ദുരന്തത്തിന് ശേഷം പൂർണമായും മാറിപ്പോയിരിക്കുകയാണ്. ആ സംഭവത്തിന് ശേഷം കോളേജിൽ യാതൊരു ഫെസ്റ്റും പരിപാടികളും നടത്താറില്ല.

വിദ്യാർത്ഥികളുടെ ക്യാംപസ് ജീവിതം തന്നെ ഒരു പരിധിവരെ നിശബ്ദമാക്കിയ ആ തീരുമാനത്തിനെതിരെയാണ് സാംകുട്ടിയുടെ പോരാട്ടം.

അതിരടി, Photo: YouTube/ Screengrab

സിനിമയിലെ ഏറ്റവും ശ്രദ്ധേയമായ ഭാഗം, ആ ദുരന്തവും അതിന് ശേഷമുള്ള ക്യാംപസ് ജീവിതത്തെക്കുറിച്ചും ചിത്രം സംസാരിക്കുന്നു എന്നതാണ്. ഒരു ചെറിയ അശ്രദ്ധ മൂലം നഷ്ടമായ ജീവനുകൾ തിരികെ കൊണ്ടുവരാൻ കഴിയില്ല.

എന്നാൽ അതിന്റെ പേരിൽ പിന്നീടുള്ള തലമുറയുടെ സ്വപ്നങ്ങളും ആഘോഷങ്ങളും കലാലയ ഓർമകളും ഇല്ലാതാക്കാണോ എന്ന ചോദ്യം സിനിമ മുന്നോട്ട് വെയ്ക്കുന്നു.

തന്റെ സഹോദരന്റെ മുഖത്ത് വീണ്ടും ചിരി കാണണമെന്നും, കോളേജിന്റെ നഷ്ടമായ ഓളം തിരികെ കൊണ്ടുവരണമെന്നും സാംകുട്ടി ആഗ്രഹിക്കുന്നത് അതുകൊണ്ടുതന്നെയാണ്.

അതേസമയം സുരക്ഷയും ഉത്തരവാദിത്തവും എത്ര പ്രധാനമാണെന്ന തിരിച്ചറിവും ചിത്രം നൽകുന്നുണ്ട്. ക്യാംപസ് ആഘോഷങ്ങൾ ആവേശത്തിന്റെയും യുവത്വത്തിന്റെയും ഭാഗമാണെങ്കിലും ഒരു നിമിഷത്തെ വീഴ്ച്ച എത്ര വലിയ നഷ്ടത്തിലേക്ക് നയിക്കാമെന്ന് സിനിമ വീണ്ടും ഓർമിപ്പിക്കുന്നു.

വർഷങ്ങൾക്കിപ്പുറവും അന്ന് മരണപ്പെട്ട വിദ്യാർത്ഥികൾ പോലും ആഗ്രഹിച്ചിരിക്കാവുന്നത് ക്യാംപസ് വീണ്ടും പഴയ സന്തോഷത്തിലേക്ക് മടങ്ങിവരണമെന്നതായിരിക്കുമെന്ന വികാരമാണ് സിനിമ പ്രേക്ഷകരിൽ സൃഷ്ടിക്കുന്നത്.

അതേസമയം ബേസിൽ ജോസഫ് വീണ്ടും തന്റെ സ്വാഭാവിക അഭിനയശൈലിയിലൂടെ സിനിമയെ മുന്നോട്ട് നയിക്കുമ്പോൾ ടൊവിനോ തോമസ് ശക്തമായ സാന്നിധ്യമായി മാറുന്നുണ്ട്.

രണ്ടാംപകുതിയിൽ എത്തുന്ന വിനീത് ശ്രീനിവാസനും ഷാൻ റഹ്‌മാനും സിനിമയുടെ ഭാവം തന്നെ മാറ്റുന്ന തരത്തിൽ പ്രകടനം കാഴ്ചവെക്കുന്നു. പ്രത്യേകിച്ച് ഷാൻ റഹ്‌മാന്റെ രംഗങ്ങൾ തിയേറ്ററുകളിൽ വലിയ ആവേശം സൃഷ്ടിക്കുന്നുണ്ട്. വിഷ്ണു അഗസ്ത്യയുടെ പ്രകടനവും സിനിമയിൽ പ്രത്യേകം എടുത്തുപറയേണ്ടതാണ്.

അതിരടി, Photo: YouTube/ Screengrab

ചെറിയ വേഷങ്ങളിൽ എത്തിയ സരിൻ ഷിഹാബ്, ദർശന രാജേന്ദ്രൻ, ജിയോ ബേബി, ശാന്തിവിള ദിനേശ് തുടങ്ങി എല്ലാവരും തന്നെ സിനിമയ്ക്ക് കരുത്താകുന്നുണ്ട്.

കൂടാതെ ചിത്രത്തിലെ സർപ്രൈസ് കാമിയോയും പ്രേക്ഷകർക്കിടയിൽ വലിയ ആഘോഷമായി മാറിയിട്ടുണ്ട്. പേരുകേട്ട നിമിഷം മുതൽ തന്നെ തിയേറ്ററുകളിൽ കൈയടി ഉയരുന്ന തരത്തിലാണ് ആ രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്.

മൊത്തത്തിൽ ഒരു ക്യാംപസ് എന്റർടെയ്‌നറെന്നതിലുപരി, ഒരു യഥാർത്ഥ ദുരന്തത്തിന്റെ ഓർമകളെ വീണ്ടും പ്രേക്ഷകരിലേക്കെത്തിക്കുകയും അതിലൂടെ സുരക്ഷയെക്കുറിച്ചും വിദ്യാർത്ഥി ജീവിതത്തെക്കുറിച്ചും ചിന്തിപ്പിക്കുകയും ചെയ്യുന്ന സിനിമയായി ‘അതിരടി’ മാറുന്നുണ്ട്. വിനോദത്തിനൊപ്പം ഒരു ശക്തമായ തിരിച്ചറിവും ചിത്രം നൽകുന്നു എന്നതാണ് അതിന്റെ ഏറ്റവും വലിയ പ്രത്യേകത.

Content Highlight: The movie Athiradi reminded us of the tragedy that took place on the CUSAT campus.

നന്ദന എം.സി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.