കരിക്കും അങ്ങനെ ബിഗ് സ്ക്രീനിലേക്ക്... ചിത്രത്തിന് ഇടുക്കിയിൽ തുടക്കം
Malayalam Cinema
കരിക്കും അങ്ങനെ ബിഗ് സ്ക്രീനിലേക്ക്... ചിത്രത്തിന് ഇടുക്കിയിൽ തുടക്കം
നന്ദന എം.സി
Thursday, 16th April 2026, 2:27 pm

വെബ് സീരീസിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ ‘കരിക്ക്’ ടീം ഇനി ബിഗ് സ്ക്രീനിലേക്ക്. ഏറെ പ്രതീക്ഷയുണർത്തുന്ന കരിക്കിന്റെ ആദ്യ സിനിമയുടെ ചിത്രീകരണം ഇടുക്കിയിൽ ആരംഭിച്ചു. ഡോ. അനന്തുവും നിഖിൽ പ്രസാദും ചേർന്ന് നിർമിക്കുന്ന ചിത്രം നിഖിൽ പ്രസാദ് തന്നെയാണ് സംവിധാനം ചെയ്യുന്നത്. ഇന്ന് ( വ്യാഴം) നടന്ന പൂജ ചടങ്ങോടെയാണ് ചിത്രത്തിന്റെ ഔദ്യോഗിക തുടക്കം കുറിച്ചത്.

കരിക്ക്, Photo: YouTube/Screengrab

‘കരിക്ക് സ്റ്റുഡിയോസ്’ എന്ന പേരിലാണ് ടീം ചലച്ചിത്ര നിർമാണ രംഗത്തേക്ക് കടക്കുന്നത്. വെബ് സീരീസുകളിലൂടെ വലിയ ജനപ്രീതി നേടിയ കരിക്ക്, ഇപ്പോൾ അതേ സ്വീകാര്യത ബിഗ് സ്‌ക്രീനിലേക്കും കൊണ്ടുവരാനുള്ള ശ്രമത്തിലാണ്.

രണ്ടായിരത്തി പതിനെട്ടിൽ നിഖിൽ പ്രസാദ് ആരംഭിച്ച യൂട്യൂബ് ചാനലായ ‘കരിക്ക്’, വളരെ കുറച്ച് സമയത്തിനുള്ളിൽ തന്നെ മലയാളത്തിലെ ഏറ്റവും ജനപ്രീതിയുള്ള ഡിജിറ്റൽ പ്ലാറ്റ് ഫോമുകളിൽ ഒന്നായി മാറി. അവരുടെ വെബ് സീരീസുകൾ യുവാക്കളടക്കമുള്ള പ്രേക്ഷകർക്കിടയിൽ വലിയ തരംഗം സൃഷ്ടിച്ചിരുന്നു.

ഡോ. അനന്തു പ്രൊഡക്ഷൻസിന്റെ മൂന്നാമത്തെ സിനിമയാണിത്. ബേസിൽ ജോസഫിന്റെ ആദ്യ നിർമാണ സംരംഭമായ ‘അതിരടി’യിൽ സഹനിർമാതാക്കളായും അവർ പ്രവർത്തിച്ചിട്ടുണ്ട്. ടൊവീനോ തോമസ്, ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന അതിരടി ഈ വർഷം റിലീസിനൊരുങ്ങുകയാണ്.

കരിക്കിന്റെ ആദ്യ സിനിമയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ലെങ്കിലും, വെബ് സീരീസുകളിലൂടെ നേടിയ വിജയത്തെ തുടർന്ന് ഈ ചിത്രത്തിന് വലിയ പ്രതീക്ഷയാണ് ഉയർന്നിരിക്കുന്നത്.

ആനന്ദ് മാത്യൂസ്, അനു കെ അനിയൻ, അർജുൻ രത്തൻ, ബിനോയ് ജോൺ, ജീവൻ സ്റ്റീഫൻ, കിരൺ വിയ്യത്ത്, കൃഷ്‌ണ ചന്ദ്രൻ, ശബരീഷ് സജ്‌ജിൻ, ഉണ്ണി മാത്യൂസ് എന്നിവരാണ് കരിക്ക് സീരിസിലൂടെ ശ്രദ്ധേയരായ പ്രധാന അഭിനേതാക്കൾ. ഇതോടൊപ്പം മലയാള സിനിമയിലെ പ്രമുഖ അഭിനേതാക്കളും ചിത്രത്തിൽ ഉണ്ടാകുമെന്ന സൂചനകളുണ്ട്.

Content Highlight: The ‘Karikku’ team has started shooting for the movie today.

നന്ദന എം.സി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.