| Saturday, 4th October 2025, 10:20 am

മതേതരസ്വഭാവം നിലനിര്‍ത്താന്‍ അറബി പേരുകള്‍ ഒഴിവാക്കണമെന്ന് മുസ്‌ലിം ലീഗ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: സമസ്തയിലെ പ്രശ്‌നങ്ങളെ ഗൗരവമായി കാണേണ്ടതില്ലെന്നും ഇരുവിഭാഗവും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടാത്തത് പാര്‍ട്ടിയെ ബാധിക്കില്ലെന്നും മുസ്ലിം ലീഗ് ഭാരവാഹി യോഗത്തില്‍ വി?ലയിരുത്തല്‍. പാര്‍ട്ടിയുടെ പരിപാടികള്‍ക്കും ക്യാമ്പയിനുകള്‍ക്കും അറബി തലക്കെട്ടുകള്‍ നല്‍കുന്നത് നല്ലതല്ലെന്ന് അഭിപ്രായവും യോഗത്തില്‍ ഉയര്‍ന്നു. സാദിഖലി തങ്ങളുടെ നേതൃത്വത്തില്‍ മലപ്പുറത്ത് ചേര്‍ന്ന യോഗത്തിലാണ് ഈ വിലയിരുത്തല്‍.

പാര്‍ട്ടിയുടെ മതേതര സ്വഭാവത്തിന് കോട്ടം സംഭവിക്കാത്ത തരം തലക്കെട്ടുകള്‍ നല്‍കുന്നതില്‍ പ്രവര്‍ത്തകര്‍ ശ്രദ്ധ പുലര്‍ത്തണമെന്നും യോഗം അഭിപ്രായപ്പെട്ടു. പ്രവര്‍ത്തകരുടെയും നേതാക്കളുടെയും വസ്ത്രധാരണത്തിലും ഈ ശ്രദ്ധ വേണം.

മതസംഘടനങ്ങളുടെ പരിപാടിക്ക് പോലും അറബി പേരുകള്‍ ഒഴിവാക്കുമ്പോള്‍ പാര്‍ട്ടി അത് ഉപയോഗിക്കുന്നത് നല്ലതല്ല. എല്ലാ മതങ്ങളിലുള്ളവരെയും ഉള്‍കൊള്ളുന്ന ഒരു പാര്‍ട്ടി എന്ന നിലയില്‍ ഒരു പൊതു സ്വഭാവം നിലനിര്‍ത്തേണ്ടത് അനിവാര്യമാണെന്നും യോഗം വിലയിരുത്തി.

അതേസമയം, സമസ്തയിലെ പ്രശ്‌നങ്ങള്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ലീഗിനെ ബാധിക്കില്ലെന്നും യോഗം വിലയിരുത്തി. സമസ്തയിലെ ചിലര്‍ മാത്രമാണ് പ്രശ്‌നക്കാരെന്നും ലീഗിനോട് ആഭിമുഖ്യമുള്ളവര്‍ അവിടെ അവരുടെ നിലപാട് സ്വീകരിക്കുന്നുണ്ടെന്നും യോഗം പറഞ്ഞു. അതുകൊണ്ട് തന്നെ പ്രശ്‌നക്കാരെ അവഗണിച്ച് മുന്നോട്ട് പോകാനാണ് ലീഗിന്റെ തീരുമാനം.

സംഘടനയിലെ പ്രശ്‌നങ്ങള്‍ സമസ്തയെ ദുര്‍ബലമാക്കിയേക്കാമെന്നും എന്നാല്‍ ഇക്കാര്യത്തില്‍ നിലപാട് എടുക്കേണ്ടതും ജാഗ്രത പാലിക്കേണ്ടതും അവരുടെ നേതൃതമാണെന്നുമാണ് ലീഗിന്റെ നിലപാട്. എന്നാല്‍, വിഷയത്തില്‍ ലീഗ് നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും സഹായം ആവശ്യമെങ്കില്‍ അത് ചെയ്യാനും യോഗം തീരുമാനിച്ചു.

തദ്ദേശ തെരഞ്ഞെടുപ്പില്‍ മലബാറിന് പുറത്ത് കോണ്‍ഗ്രസില്‍ നിന്ന് പാര്‍ട്ടി നേരിടുന്ന അവഗണനക്കെതിരെ ശക്തമായി നിലപാട് എടുക്കാനും ലീഗ് ഭാരവാഹി യോഗത്തില്‍ തീരുമാനമായി. മലബാറില്‍ തങ്ങളുടെ ശക്തി കേന്ദ്രങ്ങളില്‍ പോലും ലീഗ് കോണ്‍ഗ്രസിനായി വിട്ടുവീഴ്ച ചെയ്യാറുണ്ട്. എന്നാല്‍, മധ്യകേരളത്തിലും തെക്കന്‍ കേരളത്തിലും കോണ്‍ഗ്രസ് പാര്‍ട്ടിക്ക് അത്ര പരിഗണന നല്‍കുന്നില്ല.

കൂടാതെ, ചില ജില്ലകളില്‍ മുന്നണി യോഗത്തില്‍ പോലും ലീഗിനെ വിളിക്കുന്നില്ല. കൊല്ലം ജില്ലയില്‍ യു.ഡി.എഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ലീഗ് ബഹിഷ്‌കരിക്കുകയും ലീഗിന് സ്വാധീനമുള്ള വാര്‍ഡുകളില്‍ പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ക്കെതിരെ വിമതരെ മത്സരിപ്പിച്ച സാഹചര്യം വരെ ഉണ്ടായെന്നും യോഗം പറഞ്ഞു.

കോണ്‍ഗ്രസിന്റെ കൈപ്പത്തി ചിഹ്നത്തില്‍ വിമതരെ നിര്‍ത്തുന്ന സാഹചര്യമുണ്ടായാല്‍ ഡി.സി.സി പ്രസിഡന്റുമാര്‍ക്കെതിരെ നടപടിയെടുക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെടാനും യോഗം തീരുമാനിച്ചു. തെരഞ്ഞെടുപ്പില്‍ മൂന്ന് ടേം പൂര്‍ത്തിയാക്കിയവര്‍ മാറിനില്‍ക്കണമെന്ന നയം തുടരാനും തീരുമാനമായി.

Content Highlight: The issue in Samastha should not be taken seriously; Muslim League wants to avoid Arabic names to maintain secular nature

We use cookies to give you the best possible experience. Learn more