ഫാർമയിൽ ജാനകിയുടേത് സൈഡ് റോളല്ല; ലീഡ് റോൾ തന്നെയാണ്
Malayalam Cinema
ഫാർമയിൽ ജാനകിയുടേത് സൈഡ് റോളല്ല; ലീഡ് റോൾ തന്നെയാണ്
നന്ദന എം.സി
Thursday, 25th December 2025, 3:10 pm

ഈ വർഷം നിവിൻ പോളി പ്രധാന വേഷത്തിലെത്തിയ വെബ്‌സീരീസാണ് ഫാർമ. പി.ആർ. അരുൺ രചനയും സംവിധാനവും ചെയ്ത ഫാർമയിൽ നിവിൻ പോളിയുടെ പ്രകടനവും കഥയുടെ സാമൂഹിക പ്രസക്തിയും മാത്രമല്ല ശ്രദ്ധ പിടിച്ചുപറ്റുന്നത്. അതിനൊപ്പം സീരീസിന്റെ യഥാർത്ഥ ശക്തിയായി മാറുന്നത് സ്ത്രീ കഥാപാത്രങ്ങളുടെ അവതരണവുമാണ്.

സീരിസിൽ ശ്രുതി രാമചന്ദ്രൻ അവതരിപ്പിച്ച ജാനകി എന്ന ശക്തമായ കഥാപാത്രമാണ് കഥയെ മുന്നോട്ടു കൊണ്ടുപോകുന്നത്. ഫർമ മേഖലയിലെ പിഴവുകൾ നേരിട്ട് ചോദ്യം ചെയ്യാനുള്ള ധൈര്യവും ആത്മവിശ്വാസവുമുള്ള സ്ത്രീയാണ് ജാനകി. അവളുടെ സംഭാഷണങ്ങളും നിലപാടുകളും സ്ത്രീ കഥാപാത്രങ്ങൾ വെറും സഹായി എന്ന നിലയിൽ മാത്രം നിലനിൽക്കേണ്ടതില്ലെന്ന സന്ദേശവും നൽകുന്നു.

പല രംഗങ്ങളിലും കഥയുടെ ദിശ തന്നെ മാറ്റി മറിക്കുന്ന രീതിയിലാണ് ജാനകിയെ കാണാൻ സാധിക്കുന്നത്. ഡോക്ടർ എന്നാൽ എല്ലാവരും ദൈവങ്ങൾ എന്നാണ് പറയുക. എന്നാൽ ഡോക്ടർമാർ ദൈവങ്ങളല്ല ദൈവത്തോട് അടുത്ത് നിൽക്കുന്നവരാണെന്ന അഭിപ്രായമാണ് ജാനകിക്കുള്ളത്.

അതിനാൽ തന്നെ ആർക്കെന്ത് പ്രശ്നങ്ങൾ ഉണ്ടെങ്കിലും അവരെ സഹായിക്കുന്ന അവരുടെ കൂടെ നിൽക്കുന്ന, എന്നാൽ സ്വന്തം ജീവിതത്തിൽ പല സന്തോഷങ്ങളും വേണ്ടെന്നു വെക്കുന്ന കഥാപാത്രമായാണ് ജാനകി മാറുന്നത്.

Pharma/Theatrical poster

ഗൈനക്കോളജിസ്റ്റായ ജാനകി ഒരു സാധാരണ കഥാപാത്രമല്ല. ലേബർ റൂമിൽ നിന്നുള്ള അവളുടെ സീനുകൾ തന്നെ അത് തെളിയിക്കുന്നു. ഒരു പ്രസവം വിജയകരമായി നടത്തിയ ശേഷം, തളർന്ന ജാനകിയെ നമുക്ക് കാണാം.

ഡ്യൂട്ടി കഴിഞ്ഞെന്ന ആശ്വാസവും അവൾക്കുണ്ട്. എന്നാൽ പെട്ടന്ന് തന്നെ വീണ്ടും ജോലിയിൽ പ്രവേശിക്കണ്ട അവസ്ഥവരുകയും, അതിന് ഒരു മടിയും കാണിക്കാതെ ചെയ്യുന്ന ജോലിയോട് നൂറുശതമാനം ആത്മാർഥത പുലർത്തുന്ന ഒരു കഥാപാത്രം കൂടിയാണ് ജാനകി.

വിനോദ് എന്ന റെപ് മരുന്നുകളുമായി വരുമ്പോൾ ഒരു രൂപ പോലും കൈക്കൂലി വാങ്ങാത്തതും ഇതിനുദാഹരണമാണ്.

വലിയ ഡയലോഗുകളില്ലാതെ തന്നെ, ചെറിയ പ്രവർത്തികളിലൂടെ ശക്തമായ സന്ദേശനങ്ങളും അവൾ നൽകുന്നു. ഓരോ രംഗങ്ങളിലും അത് കാണാനും സാധിക്കും. പ്രസവം കഴിഞ്ഞ് ആശുപത്രി വിട്ട് പോകുന്ന ദമ്പതികളുടെ രംഗത്തിൽ നമുക്കത് കാണാനും സാധിക്കും.

ശ്രുതി രാമചന്ദ്രൻ ,Photo: Sruthi Ramachandran /Facebook

കുഞ്ഞിനെയും സാധനങ്ങളുമായി നടക്കേണ്ടി വരുന്ന ഭാര്യയെ കണ്ട ജാനകി, അവളുടെ കൈയിൽ നിന്നും സാധനങ്ങൾ വാങ്ങി ഭർത്താവിന്റെ കൈയിൽ കൊടുക്കുന്നു. ഒരു വാക്കുപോലും പറയാതെ, കുടുംബ ഉത്തരവാദിത്വം സ്ത്രീയുടേതു മാത്രമല്ലെന്ന കാര്യമാണ് ആ സീൻ വ്യക്തമാക്കുന്നത്.

വിനോദിനെ ജാമ്യത്തിൽ ഇറക്കാൻ മുന്നിൽ നിൽക്കുന്നതും ജാനകിയാണ്. അവിടെ അവൾ ഒരു ഡോക്ടറെന്നതിലുപരി ധൈര്യത്തോടെ തീരുമാനമെടുക്കുന്ന, തന്റെ സുഹൃത്തിനെ രക്ഷിക്കുന്ന ഒരാളായി കാണപ്പെടുന്നു.

ഒരു രോഗി മരിച്ചതിന് ശേഷം, രോഗിയുടെ ബന്ധുക്കൾ ജാനകിയോട് വഴക്കിടുന്ന രംഗത്തിലും ജാനകിയുടെ നിലപാട് നമുക്ക് കാണാൻ സാധിക്കും.

മുഖത്ത് അടിയേറ്റിട്ട് പോലും അവൾ തളരുന്നില്ല. ഭയപ്പെടാതെ, ഉറച്ച തീരുമാനത്തോടെ പ്രതികരിക്കുന്നു. എന്നാൽ താൻ കാരണം തന്റെ രോഗികൾക്കുണ്ടായ ബുദ്ധിമുട്ട് കണ്ടില്ലെന്നു നടിക്കാതെ അവർക്കുവേണ്ടി പൊരുതി തന്റെ ജീവിതം വെടിയുന്ന ജാനകിയായി ആ കഥാപാത്രം മാറുന്നു.

അതുപോലെ എടുത്തുപറയേണ്ട മറ്റനവധി സ്ത്രീ കഥാപാത്രങ്ങൾ ഫർമയിലുണ്ട്. വിനോദിന്റെ ഭാര്യ നിർമ്മല, പല രംഗങ്ങളിലും വിനോദിനേക്കാളും ശക്തമായ നിലപാടുള്ള കഥാപാത്രമായാണ് മാറുന്നത്.

കൂടാതെ ഡോക്ടർ രാജീവിന്റെ ഭാര്യയായി അവതരിപ്പിച്ച കാൻസർ രോഗിയായ കഥാപാത്രം. ഒരൊറ്റ സീനിൽ മാത്രമാണുള്ളതെങ്കിലും, മരണത്തോട് മല്ലിടുമ്പോഴും തന്റെ നിലപാട് കാണിക്കുന്ന കഥാപാത്രമാവുകയാണ്.

സ്ത്രീ കഥാപാത്രങ്ങളെ വെറും സപ്പോർട്ടിംഗ് റോളുകളായി കാണാതെ, കഥയെ മുന്നോട്ട് നയിക്കുന്ന കഥാപാത്രങ്ങളായി അവതരിപ്പിക്കുന്നതാണ് ഫാർമയുടെ ഏറ്റവും വലിയ പ്രത്യേകത. നിവിൻ പോളിയുടെ കഥാപാത്രത്തിന് തുല്യമായി തന്നെ സ്ത്രീ കഥാപാത്രങ്ങളും പ്രേക്ഷകരെ പിടിച്ചിരുത്തുന്നു.

നമ്മൾ ഓരോരുത്തരും ദിവസേന കഴിക്കുന്ന ഓരോ മരുന്നിന് പിന്നിലും ഒളിഞ്ഞിരിക്കുന്ന ഇരുണ്ട സത്യങ്ങളെയും വിപണന തന്ത്രങ്ങളെയും കുറിച്ചുള്ള ഓർമപ്പെടുത്തലാണ് ഫാർമ.

വിപണി മത്സരം മാത്രം ലക്ഷ്യമാക്കി നീങ്ങുന്ന ഫാർമസ്യൂട്ടിക്കൽ കമ്പനികളെ മാത്രമല്ല, രോഗികൾക്കിടയിൽ മരുന്നുമായി സമയവ്യത്യാസമില്ലാതെ ഡോക്ടർമാരെ കാണാൻ കാത്തിരിക്കുന്ന ഒരു കൂട്ടം മെഡിക്കൽ റെപ്പുമാരുടെ കഥകൂടിയാണ് ഫാർമ.

Content Highlight: The importance of the character Janaki in the series pharma

നന്ദന എം.സി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.