സി.പി.ഐ.എം ജനറല്‍ സെക്രട്ടറിയും തങ്ങളുടെ കടുത്ത വിമര്‍ശകനുമായ പ്രകാശ് കാരാട്ടിനെക്കുറിച്ച് അമേരിക്കയുടെ നിലപാടുകള്‍ “ദ ഹിന്ദു” പുറത്തുവിട്ട വിക്കിലീക്‌സ് രേഖകള്‍ വ്യക്തമാക്കുന്നുണ്ട്. പലകാര്യങ്ങളിലും അമേരിക്കന്‍ നയങ്ങളെ എതിര്‍ത്തിരുന്ന കാരാട്ടിനെ സമര്‍ത്ഥനായ, കഴിവുള്ള നേതാവായിട്ടാണ് ന്യൂദല്‍ഹിയിലെ യു.എസ് എംബസി അധികാരികള്‍ അയച്ച രേഖകളില്‍ വിശേഷിപ്പിച്ചിട്ടുള്ളത്.
ഇന്ത്യയുടെ നയങ്ങളില്‍ നിര്‍ണായക സ്വാധീനം പുലര്‍ത്താന്‍ കഴിവുള്ള ഒരാളായി വരാന്‍ സാധ്യതയുള്ള നേതാവാണ് കാരാട്ടെന്ന് യു.എസ് എംബസി കേബിളുകള്‍ കാണിക്കുന്നു.
” ഉഭയകക്ഷി ബന്ധത്തില്‍ എതിര്‍പ്പില്ല “
അമേരിക്കന്‍ എംബസിയിലെ ഉദ്യോഗസ്ഥരമായ റോബര്‍ട്ട് ഒ ബ്ലാക്ക് അയച്ച രേഖകളിലാണ് പ്രകാശ് കാരാട്ടിനക്കുറിച്ചും അദ്ദേഹം സ്വീകരിച്ചിരുന്ന നയങ്ങളെക്കുറിച്ചും വ്യക്തമാക്കുന്നത്. 2005ല്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്തശേഷം എംബസി ഉദ്യോഗസ്ഥര്‍ കാരാട്ടുമായി നടത്തിയ കൂടിക്കാഴ്ച്ചയുടെ വിവരങ്ങളാണ് രേഖകളിലുള്ളത്.
ഇന്ത്യ-അമേരിക്ക ഉഭയകക്ഷിബന്ധങ്ങളെ പിന്തുണച്ചിരുന്ന നേതാവായിരുന്നു കാരാട്ട്. അമേരിക്കയോട് അന്ധമായ വിരോധം പുലര്‍ത്തണമെന്ന് കാരാട്ടിന് താല്‍പ്പര്യമുണ്ടായിരുന്നില്ല. എന്നാല്‍ ചില വിഷയങ്ങളില്‍ ഇന്ത്യ അമേരിക്കയുമായുണ്ടാക്കിയ ബാന്ധവത്തെ കാരാട്ട് എതിര്‍ത്തിരുന്നു.
നേരിട്ടുള്ള വിദേശനിക്ഷേപം, സ്വകാര്യവല്‍ക്കരണം, മിസൈല്‍പ്രതിരോധ വിദ്യാ കൈമാറ്റം എന്നീ വിഷയങ്ങളില്‍ പ്രകാശ് കാരാട്ട് കടുത്ത നിലപാടുകളെടുത്തിരുന്നു.
അമേരിക്കയുമായുള്ള സാമ്പത്തിക ബന്ധത്തില്‍ തനിക്ക് എതിര്‍പ്പില്ലെന്ന് കാരാട്ട് ബ്ലാക്കിനോട് വ്യക്തമാക്കിയിരുന്നു. കൂടാതെ ഐ.ടി രംഗത്ത് അമേരിക്കയുമായുണ്ടാക്കിയിട്ടുള്ള കരാറുകള്‍ ഇന്ത്യക്ക് ഗുണംചെയ്യുമെന്നും കാരാട്ടിന് അഭിപ്രായമുണ്ടായിരുന്നു. എന്നാല്‍ മിസൈല്‍ പ്രതിരോധ വിദ്യയുമായി ബന്ധപ്പെട്ട കാര്യത്തിലായിരുന്നു കാരാട്ടിന് കാര്യമായ എതിര്‍പ്പുണ്ടായിരുന്നത്.
നേരിട്ടുള്ള വിദേശനിക്ഷേപത്തിന്റെ കാര്യത്തിലായിരുന്നു കാരാട്ടിന് പ്രതിഷേധം. ഇത്തരത്തിലുള്ള നിക്ഷേപങ്ങള്‍ ആഴത്തില്‍ പരിശോധിച്ച ശേഷം മാത്രമേ ആകാവൂ എന്ന നിലപാടായിരുന്നു കാരാട്ടിന്. ഇന്ത്യയില്‍ തൊഴിലവസരം വര്‍ധിപ്പിക്കുന്ന, സാങ്കേതികവിദ്യാ കൈമാറ്റത്തിന് ഉതകുന്ന നിക്ഷേപങ്ങളെയാണ് ഇടതുപക്ഷം പിന്തുണയ്ക്കുന്നതെന്ന് അദ്ദേഹം ബ്ലാക്കിനോട് വ്യക്തമാക്കിയിരുന്നു.
വോ്യമയാനമേഖലയില്‍ വിദേശനിക്ഷേപം കൊണ്ടുവരുന്നതിനും കാരാട്ട് അനുകൂലമായിരുന്നു. വിദേശമൂലധന നിക്ഷേപം ആകര്‍ഷിക്കുന്നതിനേക്കാളും രാജ്യത്തിനകത്തു തന്നെയുള്ള മൂലധനം വേണ്ടരീതിയില്‍ പ്രയോജനപ്പെടുത്തണമെന്നായിരുന്നു കാരാട്ട് ആവശ്യപ്പെട്ടത്. ടെലികോം മേഖലയില്‍ നേരിട്ടുള്ള വിദേശനിക്ഷേപം കൊണ്ടുവരുന്നതിനെ കാരാട്ട് പൂര്‍ണമായും എതിര്‍ത്തിരുന്നു.
നിലവില്‍ ടെലികോം രംഗത്ത് നിരവധി സ്വകാര്യകമ്പനികള്‍ ഉണ്ടെന്നും ഇനി വിദേശത്തുനിന്നുള്ള നിക്ഷേപം ആവശ്യമില്ലെന്നുമായിരുന്നു കാരാട്ട് അഭിപ്രായപ്പെട്ടത്.
ടെലികോം മേഖലയില്‍ നേരിട്ടുള്ള വിദേശനിക്ഷേപം കൊണ്ടുവരുന്നതിനെ കാരാട്ട് പൂര്‍ണമായും എതിര്‍ത്തിരുന്നു. ആദ്യ യു.പി.എ സര്‍ക്കാറിനെ തങ്ങള്‍ പിന്തുണച്ചിരുന്നുവെന്നും സര്‍ക്കാര്‍ വീഴാതിരിക്കാന്‍ ഏറ്റവുമധികം താല്‍പ്പര്യം പ്രകടിപ്പിച്ചത് ഇടതുകക്ഷികളായിരുന്നുവെന്നും കാരാട്ട് ബ്ലാക്കിനോട് പറഞ്ഞിരുന്നു. സി.പി.ഐ.എമ്മിന്റെ ശക്തിയെക്കുറിച്ച് കാരാട്ടിന് ശുഭപ്രതീക്ഷയുണ്ടായിരുന്നെങ്കിലും മൂന്നാംമുന്നണി അടുത്ത കാലത്തൊന്നും കേന്ദ്രത്തില്‍ അധികാരത്തിലേറില്ലെന്ന് നല്ല ബോധ്യമുണ്ടായിരുന്നു.
ഇടതുപക്ഷത്തിന്റെ ഇന്ത്യാ സങ്കല്‍പ്പം
വളരുന്ന ഇന്ത്യയെക്കുറിച്ച് ഇടതുപക്ഷത്തിന് വ്യക്തമായ ധാരണ ഉണ്ടായിരുന്നുവെന്ന് കാരാട്ട് അഭിപ്രായപ്പെട്ടതായി രേഖകള്‍ പറയുന്നു. എന്നാല്‍ ഇത് മറ്റ് രാഷ്ട്രീയപാര്‍ട്ടികളുടേതില്‍ നിന്നും തികച്ചും വ്യത്യസ്തമായിരുന്നു. രാജ്യത്ത് കാര്‍ഷികവിപ്ലവം വരുത്താനായി ഭൂപരിഷ്‌ക്കരണം ആവശ്യമാണെന്നായിരുന്നു ഇടതുകക്ഷികള്‍ ആഗ്രഹിച്ചിരുന്നത്.
ഭൂപരിഷ്‌ക്കരണം പൂര്‍ണമായും നടപ്പാക്കാത്തതാണ് ഇന്ത്യയുടെ വികസനത്തിന് വിഘാതം നില്‍ക്കുന്നത് എന്നായിരുന്നു കാരാട്ടിന്റെ പക്ഷം. ഭൂമിയുടെ ഉടമസ്ഥാവകാശത്തില്‍ നിയന്ത്രണം കൊണ്ടുവരണമെന്നും ഭൂമി കര്‍ഷകര്‍ക്ക് നല്‍കാന്‍ വേണ്ട നടപടികള്‍ കൈക്കൊള്ളണമെന്നും കാരാട്ട് ആവശ്യപ്പെട്ടിരുന്നു.
കേരളത്തെയും പശ്ചിമബംഗാളിനെയുമായിരുന്നു ഭൂപരിഷ്‌ക്കരണത്തിലൂടെ വികസനം നടപ്പാക്കാനാവുമെന്നതിന്റെ ഉദാഹരണമായി കാരാട്ട് ചൂണ്ടിക്കാട്ടിയത്. പ്രാഥമികാരോഗ്യമേഖലയിലും, പ്രൈമറി-സെക്കന്‍ഡറി വിദ്യാഭ്യാസരംഗത്തും കൂടുതല്‍ നിക്ഷേപം കൊണ്ടുവരണമെന്ന് കാരാട്ടിന് അഭിപ്രായമുണ്ടായിരുന്നു.
” 26./11: ആക്രമണത്തിന് പിന്നില്‍ പാക്കിസ്ഥാനികള്‍ തന്നെ”
ആക്രമം നടത്തിയ പാക്കിസ്ഥാനികള്‍ തന്നെയാണെന്നായിരുന്നു നവാസ് ഷെരീഫ് അഭിപ്രായപ്പെട്ടിരുന്നത്. യു.എസ് സെനറ്റര്‍ ജോണ്‍ മക്കൈനുമായി നടത്തിയ കൂടിക്കാഴ്ച്ചക്കിടെയാണ് ഷെരീഫ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യന്‍ ടി.വി ചാനലുകള്‍ സംപ്രേഷണം ചെയ്ത ദൃശ്യങ്ങളില്‍ നിന്നും അക്രമികള്‍ പാക്കിസ്ഥാനില്‍ നിന്നുള്ളവരാണെന്ന് മനസിലാക്കാനാണ് തനിക്ക് കഴിഞ്ഞതെന്നും നവാസ് ഷെരീഫ് വ്യക്തമാക്കിയിരുന്നു.
ആക്രമികള്‍ പാക്കിസ്ഥാന്‍കാരല്ലെന്നും ഇന്ത്യയില്‍ നിന്നുള്ളവര്‍ തന്നെയാണെന്നും സ്ഥാപിക്കാന്‍ പാക്കിസ്ഥാനില്‍ നിന്നുള്ള ചില ബുദ്ധിജീവികള്‍ ശ്രമിക്കുമ്പോഴായിരുന്നു നവാസ് ഷെരീഫിന്റെ ഈ അഭിപ്രായപ്രകടനം. ഇത്തരം അക്രമികള്‍ക്കെതിരേ പാക് സര്‍ക്കാര്‍ കര്‍ശന നടപടിയെടുക്കണമെന്നും അല്ലാത്ത പക്ഷം ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാകുമെന്നും നവാസ് ഷെരീഫ് അഭിപ്രായപ്പെട്ടിരുന്നു.
എന്നാല്‍ തന്റെ ഭാഗം വ്യക്തമാക്കാനാണ് ഷെരീഫ് ഇത്തരമൊരു പ്രസ്താവന നടത്തിയതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. താന്‍ ഇസ്‌ലാമിക ഭീകരവാദികളുമായി ബന്ധം പുലര്‍ത്തുന്ന ആളല്ലെന്നും അമേരിക്കയുമായി സൗഹൃദം പുലര്‍ത്താന്‍ ആഗ്രഹിക്കുന്നുമെന്നുള്ള സന്ദേശമാണ് നവാസ് ഷെരീഫ് ഇത്തരമൊരു പ്രസ്താവനയിലൂടെ നല്‍കിയത്.
ഒരു ഫോണ്‍കോളും കുറേ പൊല്ലാപ്പുകളും
മുംബൈ ആക്രമണസമയത്ത് ഇന്ത്യയെയും പാക്കിസ്ഥാനെയും ഒരു യുദ്ധത്തിന്റെ വക്കില്‍വരെ കൊണ്ടെത്തിച്ച വ്യാജഫോണ്‍ കോളിനെക്കുറിച്ച് ഹിന്ദു പുറത്തുവിട്ട കേബിളുകള്‍ സൂചന നല്‍കുന്നുണ്ട്. ആക്രമണം നടന്ന് മണിക്കൂറുകള്‍ക്ക് ശേഷമായിരുന്നു ഫോണ്‍ കോള്‍.
പാക്കിസ്ഥാന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിക്കായിരുന്നു ഫോണ്‍. ഇന്ത്യന്‍ വിദേശകാര്യമന്ത്രി പ്രണബ് മുഖര്‍ജിയാണ് ഇങ്ങേതലയ്ക്കലെന്നും ആക്രമണത്തിന് കനത്ത തിരിച്ചടി നല്‍കുമെന്നുമായിരുന്നു ഭീഷണി. ഇതോടെ അങ്കലാപ്പിലായ പാക്കിസ്ഥാന്‍ തങ്ങളുടെ വ്യോമസേനയോട് ഏതുസാഹചര്യവും നേരിടാന്‍ തയ്യാറായിരിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു.
എന്നാല്‍ അമേരിക്കയുടെ അന്നത്തെ വിദേശകാര്യ സെക്രട്ടറി കോണ്ടലീസ് റൈസ് പ്രണബ് മുഖര്‍ജിയെ വിളിച്ചപ്പോഴായിരുന്നു ഇതൊരു തട്ടിപ്പ് ഫോണ്‍കോളായിരുന്നുവെന്നത് മനസിലായത്. ഏതാണ്ട് ഒരുവര്‍ഷത്തിനുശേഷം പാക്കിസ്ഥാനിലെ ” ഡോണ്‍” പത്രം ഈ വ്യാജഫോണ്‍ ചെയ്തയാളെ കണ്ടെത്തിയതോടെ വിവാദങ്ങള്‍ക്ക് വിരാമമാവുകയായിരുന്നു. 1999ല്‍ ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനം കണ്ഡഹാറിലേക്ക് തട്ടിയെടുത്തതിന് പകരമായി ഇന്ത്യ വിട്ടയച്ച ഒമര്‍ സയിദ് ഷെയ്ഖ് എന്ന തീവ്രവാദിയായിരുന്നു ഇരു രാജ്യങ്ങളെയും മുള്‍മുനയില്‍ നിര്‍ത്തിയ ഫോണ്‍ ചെയ്തത്.
മൊഴിമാറ്റം: സുരാജ് പി.വി
‘പ്രധാനമന്ത്രിയെ നിയന്ത്രിക്കുന്നത് കേരളാ മാഫിയ’: വിക്കിലീക്‌സുമായി ദ ഹിന്ദു (ഒന്നാം ഭാഗം)
പണമെറിഞ്ഞു വീഴ്ത്തുന്ന ദക്ഷിണേന്ത്യന്‍ വോട്ട് (രണ്ടാം ഭാഗം)
വിശ്വാസവോട്ടിന് കോഴ: കോണ്‍ഗ്രസ് മുഖം വികൃതമാക്കി വിക്കിലീക്‌സ് (മൂന്നാം ഭാഗം)
പ്രണബ് മുഖര്‍ജി അമേരിക്കയ്ക്ക് അനഭിമതന്‍? (നാലാം ഭാഗം)
യു.എസ് ബന്ധം: ബി.ജെ.പിയും കോണ്‍ഗ്രസും ഒരേ തുവല്‍പക്ഷികള്‍(അഞ്ചാം ഭാഗം)
ഇന്ത്യന്‍ നയതതന്ത്രജ്ഞനെ നിരീക്ഷിക്കാന്‍ മറ്റൊരാള്‍!!! (ഭാഗം ആറ്)
സര്‍ദാരിക്ക് താല്‍പ്പര്യം മന്‍മോഹനെ; രാഹുലിനെ എഴുതിത്തള്ളാറായിട്ടില്ല(ഭാഗം: ഏഴ്)
നരേന്ദ്ര മോഡി ദേശീയ നേതാവായേക്കും; യു.എസ്സിന് ആശങ്ക (ഭാഗം: എട്ട്)