തിരുവനന്തപുരം: ശബരിമലയിലെ വാജിവാഹനത്തിന്റെ അവകാശി തന്ത്രി കണ്ഠരര് രാജീവരാണെന്ന വാദം ശരിയല്ലെന്ന് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. കെ.എസ്. രാധാകൃഷ്ണന്‍.
വാജിവാഹനം തന്ത്രിക്ക് ദാനം ചെയ്ത ബോര്‍ഡിന്റെ തീരുമാനം കുറ്റകരമായ വീഴ്ചയാണെന്നും ഈ വിഷയത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്നും കെ.എസ്. രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് രാധാകൃഷ്ണന്റെ പ്രതികരണം.
തന്ത്ര സമുച്ചയം അനുസരിച്ചാണ് വാജിവാഹനം തന്ത്രിക്ക് സമര്‍പ്പിച്ചത് എന്നാണ് ആദ്യം കേട്ടത്. ചേന്നാസ് നാരായണന്‍ നമ്പൂതിരിയാണ് 1427-28 കാലത്ത് തന്ത്ര സമുച്ചയം എഴുതിയത്. ക്ഷേത്ര നിര്‍മാണം, മൂര്‍ത്തിയുടെ പ്രതിഷ്ഠാപനം, പരിഹാരക്രിയകള്‍ എന്നിവുമായി ബന്ധപ്പെട്ട അനുഷ്ഠാന ക്രിയകളാണ് പുസ്തകത്തിലെ പ്രതിപാദ്യവിഷയം. അതിലൊരിടത്തും ക്ഷേത്രത്തിലെ വസ്തുവഹകളുടെ ഉടമസ്ഥാവകാശം തന്ത്രികള്‍ക്ക് ഉണ്ടെന്ന് പറഞ്ഞിട്ടില്ലെന്നും ഡോ. കെ.എസ്. രാധാകൃഷ്ണന്‍ ചൂണ്ടിക്കാട്ടി.
ക്ഷേത്രത്തിലെ വസ്തുവഹകളുടെ ഉടമസ്ഥാവകാശം ക്ഷേത്രത്തിന്റെ ഉടമകള്‍ക്കാണ്. അവരെയാണ് കാരായ്മക്കാര്‍ എന്ന് വിശേഷിപ്പിക്കുന്നത്. പൂജ മുതലായ ക്രിയകള്‍ ചെയ്യുന്നവര്‍ ഊരാണ്മക്കാരാണ്. ഊരാണ്മക്കാര്‍ കാരായ്മക്കാരില്‍ നിന്നും പ്രതിഫലം പറ്റി ജോലി ചെയ്യുന്നവരാണ്. ചിലപ്പോള്‍ അതിനെ ദക്ഷിണ എന്നും പറയാറുണ്ട്. തന്ത്രിയും ശാന്തിയും ഊരാണ്മക്കാരാണ്. അവര്‍ക്ക് ക്ഷേത്രത്തിന്റെ വസ്തുവഹകളില്‍ ഉടമസ്ഥാവകാശമില്ലെന്നും രാധാകൃഷ്ണന്‍ പറയുന്നു.
അതുകൊണ്ട്, ശബരിമലയിലെ വാജിവാഹനത്തിന്റെ അവകാശി തന്ത്രി കണ്ഠരര് രാജീവരാണെന്ന വാദം ശരിയല്ല. ഇക്കാര്യം നന്നായി നിശ്ചയമുള്ള ഒരാള്‍ തന്ത്രി തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൊടിമരം പൊളിക്കാന്‍ തീരുമാനിച്ചത് 2017 ഫെബ്രുവരിയിലാണ്. 2014, 2015, 2016 കൊടിമരം ജീര്‍ണിച്ചതായുള്ള പ്രചാരണം നടന്നിരുന്നു. ഒടുവില്‍ 2017 ഫെബ്രുവരി19ന് നിലവിലുണ്ടായിരുന്ന കൊടിമരം പൊളിച്ചു. പൊളിക്കാനുള്ള ക്രിയ നിര്‍വഹിച്ചത് തന്ത്രി രാജീവരാണ്. സ്വര്‍ണ കൊടിമരമായിരുന്നു ശബരിമലയില്‍ ഉണ്ടായിരുന്നത്. ആ കൊടിമരം ചിതലെടുത്തത് കൊണ്ട് ജീര്‍ണിച്ചു എന്ന വാദം ശരിയാണെന്ന് ദേവപ്രശ്‌നത്തിലും കണ്ടെത്തി. കൊടിമരത്തിന്റെ ജീര്‍ണതയെ കുറിച്ച് ആദ്യം സംശയം തോന്നിയതും തന്ത്രിക്കായിരുന്നു. തന്ത്രിയുടെ തോന്നല്‍ ദേവപ്രശ്‌നത്തില്‍ തെളിഞ്ഞുവെന്നും കെ.എസ്. രാധാകൃഷ്ണന്‍ പറഞ്ഞു.
എന്നാല്‍ ഇവര്‍ ചിതലെടുത്തുവെന്ന് പറഞ്ഞ കൊടിമര ഭാഗം കോണ്‍ക്രീറ്റില്‍ തീര്‍ത്തതായിരുന്നു എന്നത് പൊളിച്ചു കഴിഞ്ഞപ്പോഴാണ് ബോധ്യമായത്. അക്കാര്യം ദേവപ്രശ്‌നത്തിലും കണ്ടെത്തിയില്ല. കോക്രീറ്റ് ചിതലെടുക്കുന്നുവെന്ന് കണ്ടെത്തിയതിന്റെ മഹത്വവും തന്ത്രിക്കും പരിവാരങ്ങള്‍ക്കും അവകാശപ്പെട്ടതാണെന്നും പരിഹാസമുണ്ട്.
കൊടിമര സ്ഥാപനത്തിന്റെ മേല്‍നോട്ടം വഹിക്കാന്‍ ഹൈക്കോടതി ഒരു വക്കീല്‍ കമ്മീഷനേയും നിയമിച്ചു. അവരെല്ലാവരും ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സഹായത്തോടെ പുതിയ കൊടിമര സ്ഥാപനത്തിന്റെ ചെലവ് വഹിക്കാന്‍ ഒരു സ്‌പോണ്‍സറെയും കണ്ടെത്തി. ചെലവ് വഹിച്ചത് സ്‌പോണ്‍സറായതുകൊണ്ട് ഓഡിറ്റും ഒഴിവായി കിട്ടി. എല്ലാം ശുഭകരമായി തീര്‍ന്നുവെന്ന് പറഞ്ഞാല്‍ മതിയല്ലോ എന്നും രാധാകൃഷ്ണന്‍ ചോദിക്കുന്നു.
തന്ത്രവിധി അനുസരിച്ച് പഴയ കൊടിമരം ജഡമായി മാറുന്നതുകൊണ്ട് അത് സംസ്‌കരിക്കണം എന്നാണ് വ്യവസ്ഥ. മരമാണെങ്കില്‍ ചിതയൊരുക്കി ദഹിപ്പിക്കണം.
ലോഹമാണെങ്കില്‍ ഉരുക്കണം. കോണ്‍ക്രീറ്റാണെങ്കില്‍ പൊടിച്ചു കളയണമെന്നും കുറിപ്പില്‍ പരാമര്‍ശമുണ്ട്.
‘കൊടിമരം മൊത്തം ജഡമായി മാറുമ്പോള്‍ കൊടിമരം പൊതിയുന്ന പറകളും കൊടിമരത്തിന്റെ മുകളില്‍ സ്ഥിതിചെയ്യുന്ന വാജിവാഹനവും കൊടിമരത്തിന്റെ അടിത്തറയില്‍ കാവല്‍ നില്‍ക്കുന്ന അഷ്ടദിക്പാലക വിഗ്രഹങ്ങളും ചൈതന്യം നശിച്ച് ജഡമായി മാറും. സ്വാഭാവികമായും ഈ വസ്തുവഹകള്‍ ദേവസ്വം ബോര്‍ഡിന്റെ സ്റ്റോക്ക് രജിസ്റ്ററില്‍ ചട്ടം അനുശാസിക്കും വിധം രേഖപ്പെടുത്തി സൂക്ഷിക്കുകയും വേണം. വാജിവാഹനം ദേവസ്വം മുതലായതുകൊണ്ട് അത് ആര്‍ക്കെങ്കിലും ദാനം ചെയ്യാന്‍ ദേവസ്വം ബോര്‍ഡിനും അനര്‍ഹമായ വസ്തു ദാനമായി സ്വീകരിക്കാന്‍ തന്ത്രിക്കും അവകാശമില്ല,’ കെ.എസ്. രാധാകൃഷ്ണന്‍ പറഞ്ഞു.
ദേവസ്വത്തിന്റെ സ്വത്ത് കവര്‍ന്നെടുത്ത് ഇഷ്ടക്കാര്‍ക്ക് കൊടുത്തവര്‍ നടപടി നേരിടേണ്ടിവരും. ഇല്ലാത്ത അവകാശം ഉണ്ടെന്ന് വരുത്തി വാജിവാഹനം കൈവശപ്പെടുത്തി സൂക്ഷിച്ച തന്ത്രി അതിന് സമാധാനം പറയേണ്ടി വരും. ദേവസ്വം സ്‌ട്രോങ് റൂമില്‍ സൂക്ഷിക്കേണ്ട വാജിവാഹനം അനര്‍ഹമായ സ്ഥലത്ത് ഇരുന്നതുകൊണ്ടാണ് കളവുമുതല്‍ കണ്ടെടുക്കുന്നത് പോലെ അത് കണ്ടുകെട്ടി കോടതിയില്‍ എസ്.ഐ.ടി ഹാജരാക്കിയതെന്നും രാധാകൃഷ്ണന്‍ പറയുന്നു.
Content Highlight: The heir to the Vajivahanam is not the Thantri; CBI investigation is essential: Dr. K.S. Radhakrishnan