ചെന്നൈ: നാം തമിഴര്‍ കച്ചി ധരാപുരം ഉപതെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി എം. കാര്‍ത്തികയെയും മറ്റ് പാര്‍ട്ടി പ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്ത നടപടിയെ ശക്തമായി അപലപിച്ച് തമിഴ്നാട്ടിലെ പ്രതിപക്ഷ കക്ഷികള്‍. തെരഞ്ഞെടുപ്പ് സംബന്ധമായ പരാതികളുടെ പേരില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ നടന്ന ഈ അറസ്റ്റിനെതിരെ ഡി.എം.കെ, അണ്ണാ ഡി.എം.കെ, പി.എം.കെ, സി.പി.ഐ, ഡി.എം.ഡി.കെ തുടങ്ങിയ പ്രമുഖ കക്ഷികളെല്ലാം രംഗത്തെത്തുകയും അറസ്റ്റിലായവരെ ഉപാധികളില്ലാതെ ഉടന്‍ വിട്ടയക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
ഈ നടപടികള്‍ പ്രതികാര ബുദ്ധിയോടെയുള്ളതാണെന്ന് എന്‍.ടി.കെ കണ്‍വീനര്‍ സീമാന്‍ ആരോപിച്ചു. ഭരണകൂടത്തിന്റെ ഈ പോക്ക് ‘ഫാസിസത്തിന്റെ അത്യുന്നതി’ ആണെന്ന് വിശേഷിപ്പിച്ച അദ്ദേഹം, സംസ്ഥാനത്ത് ക്രമസമാധാനവും പൊതുസമാധാനവും ഉറപ്പാക്കുന്നതില്‍ മുഖ്യമന്ത്രി് വിജയ് പൂര്‍ണമായി പരാജയപ്പെട്ടുവെന്നും കുറ്റപ്പെടുത്തി.
സ്വന്തം രാഷ്ട്രീയ ലാഭത്തിനായി മുഖ്യമന്ത്രി പൊലീസിനെ ദുരുപയോഗം ചെയ്യുകയാണെന്നും പാര്‍ട്ടി ഭാരവാഹികളെ അടിയന്തരമായി മോചിപ്പിച്ചില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നും സീമാന്‍ മുന്നറിയിപ്പ് നല്കി.
അതേസമയം, മുന്‍കാലങ്ങളില്‍ എം. കാര്‍ത്തിക ഡി.എം.കെയെയും അതിന്റെ പ്രത്യയശാസ്ത്ര നേതാക്കളെയും രൂക്ഷമായി വിമര്‍ശിച്ചിട്ടുണ്ടെങ്കിലും, രാഷ്ട്രീയ എതിരാളികളെ ജയിലിലടച്ച് നിശബ്ദരാക്കുന്ന ശൈലി തങ്ങള്‍ക്കില്ലെന്ന് ഡി.എം.കെ അധ്യക്ഷന്‍ എം.കെ. സ്റ്റാലിന് വ്യക്തമാക്കി.
ഇത്തരം രാഷ്ട്രീയ നീക്കങ്ങളെ പ്രത്യയശാസ്ത്രപരമായാണ് നേരിടേണ്ടത്. ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളില്പ്പോലും അനാവശ്യമായി അറസ്റ്റ് രേഖപ്പെടുത്തുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കോടതിയുടെ കടുത്ത വിമര്‍ശനം നേരിടേണ്ടി വരുമെന്നും സ്റ്റാലിന് ഓര്‍മിപ്പിച്ചു. ടി.വി.കെ സര്‍ക്കാരിന്റെ രാഷ്ട്രീയ അജണ്ടകള്‍ക്ക് പൊലീസ് കൂട്ടുനില്‍ക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കാര്‍ത്തികയുടെ അറസ്റ്റ് ടി.വി.കെ സര്‍ക്കാരിന്റെ ധാര്‍ഷ്ട്യമാണ് കാണിക്കുന്നതെന്ന് അണ്ണാ ഡി.എം.കെ പ്രതികരിച്ചു. സി.പി.ഐ സംസ്ഥാന സെക്രട്ടറി എം. വീരപാണ്ഡ്യനും അറസ്റ്റിനെതിരെ ശക്തമായി രംഗത്തുവന്നു.
രാത്രി വസ്ത്രം പോലും മാറാന്‍ അനുവദിക്കാതെയാണ് കാര്‍ത്തികയെ പൊലീസ് കസ്റ്റഡിയിലെടുത്തതെന്ന് ഡി.എം.ഡി.കെ ജനറല്‍ സെക്രട്ടറി പ്രേമലത വിജയകാന്ത് പറഞ്ഞു. ഇത്തരം ജനാധിപത്യവിരുദ്ധമായ അറസ്റ്റുകള്‍ വരുംകാലങ്ങളില്‍ മോശം കീഴ്വഴക്കങ്ങള്‍ക്ക് കാരണമാകുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഭരണകക്ഷിയുടെ താത്പര്യങ്ങള്‍ക്ക് വഴങ്ങാതെ, നിയമവാഴ്ച ഉറപ്പാക്കാനും പൊതുജനങ്ങളെ സേവിക്കാനുമാണ് പൊലീസ് തയാറാകേണ്ടതെന്ന് എ.എം.എം.കെ ജനറല്‍ സെക്രട്ടറി ടി.ടി.വി. ദിനകരന് ആവശ്യപ്പെട്ടു.
ധരാപുരം നിയമസഭാ ഉപതെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ മുഖ്യമന്ത്രി സി. ജോസഫ് വിജയ്യുടെ റോഡ്ഷോ കടന്നുപോകേണ്ടിയിരുന്ന വഴിയിലൂടെ പ്രചാരണം നടത്താന്‍ കാര്‍ത്തികയ്ക്കും സംഘത്തിനും പൊലീസ് അനുമതി നിഷേധിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ച് ഒക്ടോബര്‍ 4-ന് കാര്‍ത്തികയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ ധരാപുരം-മൂലനൂര്‍ പ്രധാന റോഡ് ഉപരോധിച്ചു. ഈ സംഭവം NTK, TVK പ്രവര്‍ത്തകര്‍ തമ്മിലുള്ള വാക്കേറ്റത്തിനും സംഘര്‍ഷത്തിനും കാരണമായി. പിന്നാലെയാണ് അറസ്റ്റ്.
അതേസമയം ഔദ്യോഗിക പരിപാടിക്കിടെ മുഖ്യമന്ത്രി വിജയ്ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ ഡി.എം.കെ കൗണ്‍സിലര്‍ക്കെതിരെ എഗ്മോര്‍ പോലീസ് കേസെടുത്തു. ഒക്ടോബര്‍ 7-ന് ചെന്നൈ ഈസ്റ്റ് ഡിസ്ട്രിക്റ്റ് ഡി.എം.കെ വനിതാ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ രാജാ അണ്ണാമലൈ മന്ദിരത്തില്‍ നടന്ന പരിപാടിക്കിടെയായിരുന്നു വിവാദ പരാമര്‍ശം.
ഇതിനുപുറമെ, പരിപാടിയുടെ സംഘാടകനായ ചെന്നൈ ഈസ്റ്റ് ഏരിയ സെക്രട്ടറി മുരളിക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. ടി.വി.കെയുടെ ഹാര്‍ബര്‍ ഏരിയ സെക്രട്ടറി നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി.
Content Highlight: The Height of Fascism: Seeman Lashes Out at TVK Over Arrest of NTK Candidate
