മോസ്‌ക്കോ: ആഗോള രാഷ്ട്രീയത്തില്‍ പാശ്ചാത്യ രാജ്യങ്ങള്‍ക്കുള്ള ആധിപത്യം നഷ്ടപ്പെടുകയാണെന്നും ആ സ്ഥാനം ഗ്ലോബല്‍ സൗത്ത് രാജ്യങ്ങള്‍ ഏറ്റെടുക്കുകയാണെന്നും റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമര്‍ പുടിന്‍.
പശ്ചാത്യ രാജ്യങ്ങള്‍ക്ക് ആധിപത്യം നഷ്ടപ്പെടുകയും ഗ്ലോബല്‍ സൗത്തിലെ പുതിയ വളര്‍ച്ചാ കേന്ദ്രങ്ങള്‍ ഉയര്‍ന്നുവരികയും ചെയ്യുന്നതോടെ കൂടുതല്‍ സങ്കീര്‍ണവും ബഹുധ്രുവവുമായ ലോകക്രമം രൂപപ്പെട്ട് വരികയാണെന്നും പുടിന്‍ പറഞ്ഞു.
മോസ്‌ക്കോയില്‍ നടന്ന ‘ ഓപ്പണ്‍ ഡയലോഗ് ഫോറത്തില്‍’ നല്‍കിയ വീഡിയോ സന്ദേശത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയ, സാമ്പത്തിക, സാംസ്‌കാരിക മേഖലകളില്‍ ദേശീയ പരമാധികാരത്തിന് പ്രാധാന്യം നല്‍കുന്ന രാജ്യങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ കൂടുതല്‍ കരുത്താര്‍ജ്ജിക്കുന്നുവെന്നും പുടിന്‍ പറഞ്ഞു.
സാമ്പത്തികം, സാങ്കേതികവിദ്യ, ജനസംഖ്യാ കണക്കുകള്‍ തുടങ്ങിയ എല്ലാ മേഖലകളിലും ആഗോളതലത്തില്‍ വലിയ മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ടെന്നും ഇത് തടയാനാവാത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ലോക വികസന മാതൃക സുസ്ഥിരമാകണമെങ്കില്‍ അത് തുല്യതയുടെ അടിസ്ഥാനത്തിലായിരിക്കണം. മറ്റ് രാജ്യങ്ങളെ തകര്‍ത്ത് ഒരു രാജ്യത്തിനും വികസിക്കാന്‍ കഴിയില്ല. ഭൂമിയിലെ എല്ലാവര്‍ക്കും വിജയകരമായ ഭാവി ലഭിക്കത്തക്ക രീതിയിലായിരിക്കണം ആഗോള വികസന പ്ലാറ്റ്‌ഫോം പ്രവര്‍ത്തിക്കേണ്ടത്,’ പുടിന്‍ പറഞ്ഞു.
അമേരിക്കയും സഖ്യകക്ഷികളും തങ്ങളുടെ ആധിപത്യം നിലനിര്‍ത്താന്‍ ശ്രമിക്കുന്നത് ചരിത്രപരമായ മാറ്റങ്ങളെ തടയാനാണെന്നും ഓരോ രാജ്യത്തിനും സ്വന്തം പാത തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരിക്കണമെന്നും പരസ്പര വിശ്വാസത്തിലൂന്നിയ അന്താരാഷ്ട്ര ബന്ധങ്ങള്‍ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
വികസ്വര രാജ്യങ്ങളുടെ കൂട്ടായ്മയാണ് ഗ്ലോബല്‍ സൗത്ത്. 1995ന് ശേഷം ഗ്ലോബല്‍ സൗത്ത് രാജ്യങ്ങള്‍ തമ്മിലുള്ള കയറ്റുമതിയില്‍ 1,300 ശതമാനത്തിന്റെ വര്‍ധനവുണ്ടായി. പാശ്ചാത്യ രാജ്യങ്ങളിലേക്കുള്ള കയറ്റുമതിയുടെ വളര്‍ച്ചാ നിരക്കിന്റെ ഇരട്ടിയാണിത്. വികസ്വര രാജ്യങ്ങളില്‍ നിന്നുള്ള കയറ്റുമതിയുടെ 40 ശതമാനത്തിലധികവും ഇപ്പോള്‍ ഗ്ലോബല്‍ സൗത്ത് രാജ്യങ്ങള്‍ക്കിടയില്‍ തന്നെയാണ് നടക്കുന്നത്. 2000-ല്‍ ആഗോള ജി.ഡി.പിയുടെ 25 ശതമാനം മാത്രം കൈവശം വെച്ചിരുന്ന ഈ വികസ്വര രാജ്യങ്ങള്‍ ഇന്ന് 45 ശതമാനത്തോളം വിഹിതം സ്വന്തമാക്കിയിട്ടുണ്ട്.
Content Highlight: The hegemony of the West is ending; developing countries are advancing in the world economic order, says Putin
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.