വാക്ക് പാലിച്ച് സര്‍ക്കാര്‍; വയനാട് ടൗണ്‍ഷിപ്പിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് മുഖ്യമന്ത്രി
Kerala
വാക്ക് പാലിച്ച് സര്‍ക്കാര്‍; വയനാട് ടൗണ്‍ഷിപ്പിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് മുഖ്യമന്ത്രി
നിഷാന. വി.വി
Sunday, 1st March 2026, 2:07 pm

കല്‍പ്പറ്റ: അതിജീവനത്തിന്റെ പുതുഗാഥയുമായി വയനാട് ടൗണ്‍ഷിപ്പിന്റെ ആദ്യഘട്ട ഉദ്ഘാടനം നിര്‍വഹിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.

ഉരുള്‍പൊട്ടലില്‍ വീടും സ്ഥലവും പൂര്‍ണമായി നഷ്ടപ്പെട്ട ഒന്നാം ഘട്ട പട്ടികയിലെ 178 കുടുംബങ്ങള്‍ക്കാണ് വീട് കൈമാറിയത്.

വീട് നിര്‍മാണം തുടങ്ങി 320ാം ദിവസമാണ് ആദ്യഘട്ടം പൂര്‍ത്തിയായിരിക്കുന്നത്.
അടുത്ത മഴ കാലത്തിന് മുമ്പ് മുഴുവന്‍ ദുരിതബാധിതര്‍ക്കും സ്വന്തം ഭൂമിയും വീടും നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഈ യത്‌നം ഒട്ടും എളുപ്പമായിരുന്നില്ലെന്നും പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ കോണുകളില്‍ നിന്നും നല്ല രീതിയിലുള്ള പിന്തുണയാണ് ലഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഊരാളുങ്കല്‍ സൊസൈറ്റിയാണ് ഇതിന്റെ നിര്‍മാണ പ്രവര്‍ത്തനം ഏറ്റെടുത്തത്. അതിന്റെ പേരില്‍ സൊസൈറ്റിയെ ആക്രമിക്കാന്‍ തയ്യാറായവരുമുണ്ട്. ഊരാളുങ്കലിന്റെ ചരിത്രവും വളര്‍ച്ചയും അറിയാത്തവരാണ് പരിഹസിച്ചത്,’ മുഖ്യമന്ത്രി പറഞ്ഞു.

കേന്ദ്ര സഹായം പോലും ടൗണ്‍ഷിപ്പിന് ലഭിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഈ പദ്ധതയിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോയപ്പോള്‍ തടസങ്ങള്‍ ഏറെയുണ്ടായി. വ്യാജ പ്രചാരണങ്ങളിലൂടെ ദുരന്തബാധിതരെ തെറ്റിദ്ധരിപ്പിക്കാനും ചിലര്‍ ശ്രമിച്ചു. കോടതി വ്യവഹാരങ്ങള്‍ വേറെ ഭാഗത്ത് നടന്നു. ദുരിതാശ്വാസനിധിയിലേക്ക് ചില്ലികാശ് നല്‍കരുതെന്ന് പറയാനും ആളുകള്‍ ഉണ്ടായിരുന്നു. ദുരന്തമുണ്ടായ ആദ്യ ആഴ്ചയില്‍ തന്നെ ചിലര്‍ അതിന് തുടക്കമിട്ടു. യഥാര്‍ഥ കാര്യങ്ങള്‍ ജനങ്ങളുടെ മുന്നില്‍ എത്തിക്കാന്‍ ബാധ്യതപ്പെട്ട മാധ്യമങ്ങള്‍ പോലും വ്യാജംചമച്ച് പുനരധിവാസ പദ്ധതിയെ ഇല്ലാതാക്കാന്‍ ശ്രമിച്ചു. പിണറായി വിജയന്‍ പറഞ്ഞു.

എന്നാല്‍ ടൗണ്‍ഷിപ്പ് നിര്‍മാണം പരസ്പരം താങ്ങും തണലുമാവുന്ന കേരളാ മാതൃകയാണെന്നും അതാണ് വീണ്ടും ലോക ശ്രദ്ധ ആകര്‍ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘വിദ്വേഷങ്ങളില്ലാതെ പരസ്പര സ്‌നേഹത്തോടെ മനുഷ്യര്‍ ഇടകലര്‍ന്ന ഇടങ്ങളെല്ലാം ചിലരെ അസ്വസ്ഥരാക്കാറുണ്ട്. അവരാണ് കേരളത്തെ കുറിച്ച് വ്യാജ നിര്‍മിതികളും പ്രചാരണങ്ങളും അതിന് വേണ്ടിയുള്ള സിനിമകളടക്കം നിര്‍മിക്കുന്നത്,’ മുഖ്യമന്ത്രി പറഞ്ഞു.

2024ലാണ് സംസ്ഥാനത്തെ മുഴുവന്‍ കണ്ണീരിലാഴ്ത്തിയ ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടലുണ്ടായത്. പുഞ്ചിരി മുറ്റം ഗ്രാമം മുഴുവന്‍ ഒറ്റ രാത്രികൊണ്ട് ഒലിച്ചുപോയിരുന്നു.
വീണ്ടും ഒരുമിച്ച് ജീവിക്കണം എന്നതായിരുന്നു സര്‍വവും നഷ്ടപ്പെട്ടവരുടെ ആഗ്രഹം. അതിനൊപ്പം സര്‍ക്കാര്‍ നിന്നു. അസാധ്യത്തെ സാധ്യമാക്കുന്ന ഇച്ഛാശക്തിയിലൂടെ അത് നേടി. ചുറ്റുമതില്‍, ഗേറ്റ്, 11.42 കിലോമീറ്റര്‍ റോഡ്, ഭൂഗര്‍ഭ വൈദ്യുത, ജലവിതരണ ശൃംഖല, കുടിവെള്ള സംഭരണി, സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റുകള്‍, സോളാര്‍ പാനല്‍, ഗ്രീന്‍ സ്‌പെയ്‌സ് എല്ലാം സജ്ജമാക്കിയിട്ടുണ്ട്.

Content Highlight: The government keeps its promise; Chief Minister inaugurates Wayanad Township with a new story of survival in Chooralmala

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.