ഗസയെ ഇടിച്ചു നിരത്തിയും കൂട്ടക്കൊലകള്‍ നടത്തിയും ഈ നൂറ്റാണ്ടിലെ ഏറ്റവും ഭീകരമായ യുദ്ധത്തിനാണ് അമേരിക്കന്‍ പിന്തുണയോടെ ഇസ്രഈല്‍ നേതൃത്വം കൊടുക്കുന്നത്. ഐക്യരാഷ്ടസഭയിലെ 193 രാജ്യങ്ങളില്‍ 142 രാജ്യങ്ങളും യുദ്ധം നിര്‍ത്തണമെന്നും ദ്വിരാഷ്ട്ര വ്യവസ്ഥ അംഗീകരിച്ച് ഫലസ്തീന്‍ ജനതയ്ക്ക് സ്വയം നിര്‍ണയവും സ്വതന്ത്ര രാഷ്ട്രപദവിയും അനുവദിക്കണമെന്നും ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും അതൊന്നും കേള്‍ക്കാതെ ഇസ്രഈല്‍ വംശീയ ഉന്മൂലനലക്ഷ്യത്തോടെ യുദ്ധം തുടരുകയാണ്.
ലോകനീതിയെയും മനുഷ്യത്വത്തെയും വെല്ലുവിളിച്ചുകൊണ്ട് നെതന്യാഹുവും അയാളുടെ രക്ഷാധികാരിയായ ട്രംപും യുദ്ധം തുടരുകയാണ്. മനുഷ്യമനസാക്ഷിയായ മരവിപ്പിക്കുന്ന വംശഹത്യയാണ് ഗസയില്‍ നടക്കുന്നത്. മനുഷ്യരാശിക്കെതിരായ സാര്‍വദേശീയപാതകമാണ് ഇസ്രഈല്‍ ഫലസ്തീനികളോട് ചെയ്തുകൊണ്ടിരിക്കുന്നത്.
“Peace is everyone’s business.
We must silence the guns.
End the suffering.
Build bridges.
And create stability and prosperity.”
യുദ്ധങ്ങള്‍ക്കും ആണവായുധ, ജൈവായുധ പ്രയോഗങ്ങള്‍ക്കുമെതിരായി 1981 മുതല്‍ സെപ്റ്റംബര്‍ 21ന് സമാധാനദിനമായി ആചരിക്കാന്‍ ഐക്യരാഷ്ട്രസഭ തീരുമാനിക്കുന്നത്. യുദ്ധത്തിനും മനുഷ്യരാശിക്കും പ്രകൃതിക്കുമെതിരായ കടന്നാക്രമണങ്ങള്‍ക്കും വംശീയതക്കുമെതിരായ ജാഗ്രതയുടെയും പ്രതിരോധത്തിന്റെയും സന്ദേശമുയര്‍ത്തിയാണ് ലോകമെമ്പാടുമുള്ള സമാധാന പ്രസ്ഥാനങ്ങളും മനുഷ്യാവകാശ സംഘടനകളും സമാധാന ദിനം ആചരിക്കുന്നത്.
ഹിരോഷിമയിലെ നരഹത്യയിലൂടെയാണ് അമേരിക്ക രണ്ടാം ലോകമഹായുദ്ധാനന്തരം ലോകത്തിന്റെ സര്‍വാധിപതി തങ്ങളാണെന്ന് അറിയിച്ചത്. ലോകജനതയ്ക്ക് അവകാശപ്പെട്ട വിഭവങ്ങളും സമ്പത്തും വാണിജ്യപാതകളും പിടിച്ചെടുക്കാനാണ് രണ്ടാം ലോകമഹായുദ്ധാനന്തരം അമേരിക്ക ആണവായുധങ്ങളെ വരെ ഉപയോഗിച്ചുള്ള യുദ്ധങ്ങള്‍ക്കും കൂട്ടക്കൊലകള്‍ക്കും നേതൃത്വം കൊടുത്തത്.
ഈയൊരു സാഹചര്യത്തിലാണ് ലോകസമാധാന പ്രസ്ഥാനവും അതിന്റെ ഭാഗമായി ഇന്ത്യയില്‍ സമാധാനത്തിനും ഐക്യത്തിനും വേണ്ടിയുള്ള പ്രസ്ഥാനങ്ങള്‍ രൂപംകൊള്ളുന്നതും പ്രവര്‍ത്തനമാരംഭിക്കുന്നതും.
1946ല്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ അമേരിക്കന്‍ പ്രസിഡന്റ് ട്രൂമാന്റെ സാന്നിധ്യത്തില്‍ ഫാള്‍ട്ടണിലെ വെസ്റ്റ് മിനിസ്റ്റര്‍ കോളേജില്‍ നടത്തിയ പ്രസംഗമാണ് ശീതയുദ്ധ പ്രഖ്യാപനമായി തീര്‍ന്നത്. ഫാസിസത്തിനെതിരായ യുദ്ധത്തില്‍ ലോകജനത നേടിയ വിജയത്തിന്റെ ഒരു വര്‍ഷം തികയുന്നതിനുമുമ്പാണ് സോവിയറ്റ് യൂണിയനും സോഷ്യലിസ്റ്റ് ചേരിക്കൊപ്പം നിലകൊള്ളുന്ന ദേശീയ വിമോചന പ്രസ്ഥാനങ്ങള്‍ക്കും എതിരായ ശീതയുദ്ധ പ്രഖ്യാപനം നടന്നത്.
ആണവബോംബിനെ രാഷ്ട്രീയ ഉപകരണമായി ഉപയോഗിച്ച് സോവിയറ്റ് യൂണിയനെയും സോഷ്യലിസ്റ്റ് ശക്തികളെയും തകര്‍ക്കണമെന്നതായിരുന്നു ട്രൂമാന്റെയും ചര്‍ച്ചിലിന്റെയും മനസ്സിലിരിപ്പ്.
വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍
1945 ആഗസ്റ്റില്‍ ബ്രിട്ടീഷ് പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യവെ ചര്‍ച്ചില്‍ ഇക്കാര്യങ്ങള്‍ തുറന്നുതന്നെ പറഞ്ഞിരുന്നു. ആറ്റംബോംബ് അമേരിക്കയുടെയും ബ്രിട്ടന്റെയും കുത്തകയായിരിക്കണമെന്നും യുദ്ധത്തിലെന്ന പോലെ രാഷ്ട്രീയത്തിലും സ്ഥാനമുണ്ടായിരിക്കണമെന്നും ട്രൂമാന്‍ ചിന്തിച്ചിരുന്നു. അക്കാലത്തെ അമേരിക്കന്‍ പ്രതിരോധവകുപ്പ് സെക്രട്ടറി ഹെന്റി സ്റ്റിംസണ്‍ ട്രൂമാന് വിശദീകരിച്ചുകൊടുത്തത് ഈ ആയുധം (ആറ്റംബോംബ്) ശരിയായി ഉപയോഗിക്കുന്നതിന്റെ പ്രശ്നം പരിഹരിക്കാന്‍ കഴിഞ്ഞാല്‍ ലോകസമാധാനവും നാഗരികതയും കാത്തുസൂക്ഷിക്കാന്‍ കഴിയുന്ന രീതിയില്‍ ഈ ലോകത്തെ മാറ്റിത്തീര്‍ക്കാന്‍ നമുക്ക് അവസരം ലഭിക്കുമെന്നാണ്.
രണ്ടാം ലോകമഹായുദ്ധാനന്തരം നേരിട്ടുള്ള കോളനിവാഴ്ച അസാധ്യമായിതീര്‍ന്ന സാഹചര്യത്തിലാണ് ഐ.എം.എഫും ലോകബാങ്കും ഐ.ടി.ഒവും വഴി നവകൊളോണിയലിസം അമേരിക്കന്‍ സാമ്രാജ്യത്വവാദികള്‍ വികസിപ്പിച്ചത്. അമേരിക്കയുടെ ലോകമേധാവിത്വം ലോകജനതക്കുമേല്‍ മറ്റുചില രാഷ്ട്രങ്ങള്‍ക്കുംമേല്‍ അടിച്ചേല്‍പ്പിക്കാന്‍ അമേരിക്കയ്ക്ക് ആറ്റംബോംബ് ശക്തിനല്‍കുമെന്നാണ് അക്കാലത്ത് യു.എസ് സ്റ്റേറ്റ് സെക്രട്ടറിയായിരുന്ന ജെയിംസ് എഫ് ബൈര്‍നസ് കരുതിയിരുന്നത്.
ജെയിംസ് എഫ് ബൈര്‍നസ്
തങ്ങളുടെ ലോകമേധാവിത്വത്തിനാവശ്യമായ രീതിയില്‍ യു.എസ് വിദേശകാര്യവകുപ്പും സ്റ്റേറ്റ് ഡിപ്പാര്‍ട്ടുമെന്റും ആറ്റമിക്ക് നയതന്ത്രം ആരംഭിക്കുകയായിരുന്നു. അതിന്റെ പരീക്ഷണഭൂമികളായിരുന്നു ജപ്പാനിലെ ഹിരോഷിമയിലും നാഗസാക്കിയിലുമെല്ലാം.
മനുഷ്യരാശിയുടെ ചരിത്രത്തില്‍ ഏറ്റവും ഭീകരമായ സാര്‍വദേശീയ പാതകങ്ങളായിരുന്നു ഹിരോഷിമയും നാഗസാക്കിയും. തങ്ങളുടെ ശീതയുദ്ധപദ്ധതിയുടെ ഭാഗമായി ആഫ്രിക്കയിലെയും ഏഷ്യയിലെയും തെക്കനമേരിക്കയിലെയും രാജ്യങ്ങളെയും ജനതകളെയും കീഴടക്കാനും അധിനിവേശം സ്ഥാപിക്കാനുമുള്ള ഉപജാപങ്ങളും അട്ടിമറികളും യുദ്ധങ്ങളും അഴിച്ചുവിടുകയായിരുന്നു അമേരിക്കയും അവരുടെ സഹകാരികളും. ഇതിനായി വംശീയതയെയും മതവര്‍ഗീയതയെയുമെല്ലാം തരാതരം പോലെ സി.ഐ.എയും അമേരിക്കന്‍ ചിന്താകേന്ദ്രങ്ങളും ലോകമെമ്പാടും പോഷിപ്പിച്ചെടുത്തത്.
1980കളോടെ സോവിയറ്റ് യൂണിയനെയും സോഷ്യലിസ്റ്റ് ബ്ലോക്കിനെയും ഭൂമുഖത്തുനിന്ന് ഇല്ലാതാക്കാനുള്ള നീക്കങ്ങളാണ് നടന്നത്. മധ്യപൂര്‍വദേശത്തെയും പശ്ചിമേഷ്യയെയും എണ്ണ താത്പര്യങ്ങളാണ് കമ്യൂണിസത്തിനെതിരായി ഇസ്‌ലാമിനെ പ്രത്യയശാസ്ത്രമാക്കിക്കൊണ്ടുള്ള ഭീകരവാദസംഘങ്ങളെ വളര്‍ത്തിയെടുത്തത്. കാസ്പിയന്‍ മേഖലയിലെ കോടിക്കണക്കിന് ബാരല്‍ എണ്ണ നിക്ഷേപങ്ങള്‍ കയ്യടക്കാനുള്ള നീക്കങ്ങളുടെ ഭാഗമായിട്ടാണ് അഫ്ഗാനിസ്ഥാനില്‍ മതതീവ്രവാദത്തെ വളര്‍ത്തിയെടുത്തത്.
ഡോ. നജീബുല്ല
ഡോ. നജീബുല്ല ഗവണ്‍മെന്റിനെതിരായി മതതീവ്രവാദികളുടെ കളിക്കളമാക്കി അഫ്ഗാനിസ്ഥാനെ സി.ഐ.എ മാറ്റി. ശീതയുദ്ധകാലത്തെ സോവിയറ്റ് യൂണിയന്റെ കാസ്പിയന്‍ മേഖലയിലുള്ള സ്വാധീനവും സാന്നിധ്യവും ഷവറോണ്‍ പോലുള്ള എണ്ണ കമ്പനികളും അമേരിക്കന്‍ ഭരണകൂടവും അത്യന്തം അസഹിഷ്ണുതയോടെയാണ് കണ്ടിരുന്നത്.
അഫ്ഗാന്‍ സമൂഹത്തിന്റെ ജനാധിപത്യവത്ക്കരണത്തിനും ഭൂപരിഷ്‌കരണത്തിനും ശ്രമിച്ച നജീബുള്ള സര്‍ക്കാരിനെതിരായി ഗോത്രമുഖ്യന്മാരെയും ഫ്യൂഡല്‍ശക്തികളെയും ഉപയോഗിച്ചുകൊണ്ടുള്ള ഇസ്‌ലാമിക വ്യവസ്ഥയ്ക്കുവേണ്ടിയുള്ള കലാപങ്ങള്‍ അഴിച്ചുവിടുകയായിരുന്നു സി.ഐ.എ ചെയ്തത്.
പാക്കിസ്ഥാന്‍ മദ്രസകളില്‍ പരിശീലിപ്പിക്കപ്പെട്ട മുജാഹിദ്ദീന്‍ മിലിട്ടറി ഉപയോഗിച്ച് തെരഞ്ഞെടുക്കപ്പെട്ട അഫ്ഗാന്‍ സര്‍ക്കാരിനെതിരായി അട്ടിമറിയുദ്ധം ആരംഭിക്കുകയായിരുന്നു. പതിനായിരക്കണക്കിന് കോടി ഡോളറുകള്‍ ഒഴുക്കിക്കൊണ്ട് അഫ്ഗാന്‍ വിമോചനമെന്ന പേരില്‍ കലാപങ്ങളും കൂട്ടക്കൊലകളും അഴിച്ചുവിടുകയായിരുന്നു അമേരിക്കന്‍ സാമ്രാജ്യത്വവാദികള്‍.
ഇറാനെതിരായ ഉപരോധങ്ങളും ഇറാക്കിനെ കടന്നാക്രമിച്ച് തകര്‍ത്തതും ഫലസ്തീന്‍ ജനതയെ കൊന്നൊടുക്കുന്ന സയണിസത്തെയും ഇസ്രഈല്‍ ഭീകരരെയും പ്രോത്സാഹിപ്പിച്ചതും യൂഗോസ്ലോവിയയെ കല്ലോട് കല്ല് ചേരാതെ ശിഥിലീകരിച്ചതും അമേരിക്കയുടെ ലോകാധിപത്യം സ്ഥാപിക്കാനായിരുന്നു.
അതിനായി അവര്‍ വെള്ളവും വളവും നല്‍കി വളര്‍ത്തിയ ഭീകരവാദസംഘങ്ങള്‍ അവര്‍ക്കുതന്നെ തിരിച്ചടിയാവുന്ന അവസ്ഥ വന്നതോടെ ഭീകരവിരുദ്ധയുദ്ധത്തിന്റെ പേരില്‍ ഇറാഖിനെയും സിറിയയെയും ലിബിയയെയും തകര്‍ത്തതും സദ്ദാംഹുസൈനെ പോലുള്ള ഭരണാധികാരികളെ വധിച്ചതും അമേരിക്കന്‍ അധിനിവേശ ചരിത്രത്തിലെ മാപ്പര്‍ഹിക്കാത്ത നൃശംസതകളാണ്.
സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയും ശീതയുദ്ധാനന്തര സാഹചര്യവും അമേരിക്കയുടെ ചോദ്യം ചെയ്യപ്പെടാത്ത ലോകവ്യവസ്ഥ സൃഷ്ടിക്കാനായി ഉപയോഗിക്കാമെന്നാണ് ബുഷ് മുതല്‍ ബൈഡന്‍ വരെയുള്ളവര്‍ വ്യാമോഹിച്ചത്.
എന്നാല്‍ അമേരിക്കയുടെ ലോകാധിപത്യവാഞ്ഛകളെ ചോദ്യം ചെയ്യുന്ന രീതിയില്‍ ചൈനയും റഷ്യയും ഇറാനും ലാറ്റിനമേരിക്കന്‍ രാജ്യങ്ങളും വിശിഷ്യാ ബ്രസീലും എല്ലാം ചേര്‍ന്നുകൊണ്ടുള്ള സാമ്പത്തിക വാണിജ്യ കൂട്ടുകെട്ടുകള്‍ ബഹുധ്രുവലോകക്രമത്തിന്റെ സാധ്യതകളായി ഉയര്‍ന്നുവരുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും മാന്ദ്യത്തില്‍ നിന്നും രക്ഷനേടാനായി സാമ്രാജ്യത്വശക്തികള്‍ യുദ്ധങ്ങളഴിച്ചുവിട്ട് ആയുധക്കച്ചവടങ്ങള്‍ക്കുള്ള സാധ്യതകള്‍ തേടുകയാണ്.
നഗ്‌നമായ സൈനിക കടന്നാക്രമണങ്ങളും നാറ്റോവിന്റെ വ്യാപനവും വഴി അതിജീവനം നേടാനുള്ള ശ്രമങ്ങളാണ് സാമ്രാജ്യത്വശക്തികള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. അതാണ് ഉക്രൈന്‍ ഉള്‍പ്പെടെയുള്ള യുദ്ധങ്ങളിലൂടെ ലോകം കണ്ടുകൊണ്ടിരിക്കുന്നത്. കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളെയാകെ നാറ്റോ അംഗത്വത്തിലേക്ക് കൊണ്ടുവരാനും പഴയ സോവിയറ്റ് റിപ്പബ്ലിക്കുകളെ റഷ്യക്കെതിരായി തിരിച്ചുവിടാനുമുള്ള താത്പര്യങ്ങളില്‍ നിന്നാണ് ഉക്രൈനിലെ യുദ്ധം ഇപ്പോഴും തുടരുന്നത്. യുദ്ധത്തിനെതിരായ സമാധാനത്തിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ യുദ്ധങ്ങള്‍ സൃഷ്ടിക്കുന്ന സാമ്രാജ്യത്വശക്തികള്‍ക്കും നയങ്ങള്‍ക്കുമെതിരായ പോരാട്ടമാണ്.
Content Highlight: The genocide in Gaza continues…. Today is World Peace Day | K.T. Kunhikannan