നരകവാതിലുകള്‍ നിങ്ങളെ കാത്തിരിക്കുന്നു; ട്രംപിന്റെ 48 മണിക്കൂര്‍ സമയപരിധി തള്ളി ഇറാന്‍
World
നരകവാതിലുകള്‍ നിങ്ങളെ കാത്തിരിക്കുന്നു; ട്രംപിന്റെ 48 മണിക്കൂര്‍ സമയപരിധി തള്ളി ഇറാന്‍
നിഷാന. വി.വി
Sunday, 5th April 2026, 9:30 am

ടെഹ്‌റാന്‍: ഇറാന്റെ അടിസ്ഥാന സൗകര്യങ്ങള്‍ക്കും ദേശീയ സ്വത്തുക്കള്‍ക്കും നേരെ ആക്രമണം നടത്തിയാല്‍ അമേരിക്കയ്ക്കും ഇസ്രഈലിനും നേരെ നരകവാതില്‍ തുറക്കപ്പെടുമെന്ന മുന്നറിയിപ്പുമായി ഇറാന്റെ സൈനിക മേധാവി.

ഖതം അല്‍-അന്‍ബിയ സെന്‍ട്രല്‍ ഹെഡ് കോര്‍ട്ടേഴ്‌സിന്റെ കാമാന്‍ഡര്‍ മേജര്‍ ജനറല്‍ അലി അബ്ദുല്ലാഹിയുടെതാണ് മുന്നറിയിപ്പ്.

ആവര്‍ത്തിച്ചുള്ള തോല്‍വികള്‍ ഏറ്റുവാങ്ങിയ ശേഷം, ആക്രമണകാരിയും യുദ്ധക്കൊതിയനുമായ അമേരിക്കന്‍ പ്രസിഡന്റ്, നിരാശാജനകവും, അസന്തുലിതവും, മണ്ടത്തരവുമായ ഒരു നീക്കത്തിലൂടെ, നമ്മുടെ രാജ്യത്തിന്റെ അടിസ്ഥാന സൗകര്യങ്ങളെയും ദേശീയ ആസ്തികളെയും ഭീഷണിപ്പെടുത്തിയിരിക്കുന്നു,’ ഡൊണാള്‍ഡ് ട്രംപിന്റെ സമീപകാല അഭിപ്രായങ്ങളെ പരാമര്‍ശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

ഫെബ്രുവരി 28ന് അമേരിക്കയും ഇസ്രഈലും ചേര്‍ന്ന് ഇറാനെ ആക്രമിച്ചതിന് ശേഷം തങ്ങള്‍ പറഞ്ഞ ഓരോ വാക്കും പാലിച്ചിട്ടുണ്ടെന്നും ഈ സന്ദേശത്തിന്റെ ലളിതമായ അര്‍ത്ഥം നരകവാതിലുകള്‍ നിങ്ങള്‍ക്ക് മുന്നില്‍ തുറക്കും എന്നതാണെന്നും അദ്ദേഹം പറഞ്ഞു.

‘ശത്രുക്കളുടെ ഭാഗത്ത് നിന്നുള്ള ഏത് ആക്രണവും ഭീകരവാദിയായ അമേരിക്കന്‍ ഭരണകൂടവും സയണിസ്റ്റ് ഭരണകൂടവും ഉപയോഗിക്കുന്ന അടിസ്ഥാന സൗകര്യങ്ങള്‍ക്ക് നേരെയുളള വിനാശകരവും സുസ്ഥിരവുമായ ആക്രമണങ്ങള്‍ക്ക് കാരണമാവും,’ അലി അബ്ദുല്ലാഹി മുന്നറിയിപ്പ് നല്‍കി.

രാഷ്ട്രത്തിന്റെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിലും ദേശീയ ആസ്തികള്‍ കാത്തിസൂക്ഷിക്കുന്നതിലും സായുധ സേന ഒരു നിമിഷം പോലും മടിക്കില്ലെന്നും ഓരോ അക്രമിയേയും അവരുടെ സ്ഥാനത്തിരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആക്രമണത്തെ നേരിടുന്നതിനായി സൈന്യം നടത്തുന്ന പ്രതികാര നടപടിയായ ഓപ്പറേഷന്‍ ട്രൂ പ്രോമിസ് 4 ന്റെ പശ്ചാത്തലത്തിലാണ് ഈ പരാമര്‍ശം.

48 മണിക്കൂറിനുള്ളില്‍ സമാധാന കരാര്‍ അംഗീകരിച്ചില്ലെങ്കില്‍ ഇറാന്റെ സുപ്രധാന അടിസ്ഥാന സൗകര്യങ്ങള്‍ നശിപ്പിക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭീഷണി മുഴക്കിയിരുന്നു.

പിന്നാലെയാണ് അബ്ദുല്ലാഹിയുടെ മുന്നറിയിപ്പ്. ട്രംപിന്റെ ഭീഷണി തള്ളി ഇറാന്റെ കേന്ദ്ര സൈനിക കമാന്‍ഡ് ഇന്ന് (ഞായറാഴ്ച) പുലര്‍ച്ചെ ഇസ്രഈലിനും കുവൈത്തിനും നേരെ ആക്രമണം നടത്തുകയും ചെയ്തിട്ടുണ്ട്.

Content Highlight: The gates await you; Iran rejects Trump’s 48-hour deadline

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.