തിരുവനന്തപുരം: ആർ.എസ്.എസിന്റെ നിയന്ത്രണത്തിലുള്ള സ്കൂളുകളുടെ പ്രവർത്തനം അന്വേഷിക്കണമെന്ന് എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി.
പാലക്കാട് കല്ലേക്കാട് വ്യാസ വിദ്യാപീഠം സ്കൂൾ ഹോസ്റ്റൽ മുറിയിൽ വിദ്യാർത്ഥിനി ആത്മഹത്യാ ചെയ്ത സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് എസ്.എഫ്.ഐയുടെ ആവശ്യം.
വിദ്യാർത്ഥിയുടെ കുടുംബത്തെ എസ്.എഫ്.ഐ നേതാക്കൾ കഴിഞ്ഞ ദിവസം പോയി കണ്ടിരുന്നെന്നും മരണത്തിന് കാരണം സ്കൂൾ മാനേജ്‍മെന്റ് ആണെന്നുമാണ് കുടുംബം ആരോപിക്കുന്നതെന്നും എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.സഞ്ജീവ് പറഞ്ഞു. വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം .
സംഭവത്തിൽ സ്കൂൾ മാനേജ്‍മെന്റ് നീതിപൂർവമായ നിലപാട് സ്വീകരിച്ചില്ലെന്നും മുഖ്യമന്ത്രിക്ക് അടക്കം കുടുംബം പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
വിദ്യാർഥിനിയുടെ കുടുംബത്തിന് പൂർണപിന്തുണയുമായി എസ്.എഫ്.ഐ ഒപ്പമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആർ.എസ്.എസിന്റെ നേതൃത്വത്തിലുള്ള സ്ഥാപനങ്ങളിൽ ഇത്തരം അനാസ്ഥകൾ നടക്കുന്നുണ്ടെന്നും വിദ്യാർത്ഥികളെ അരാജകപ്രവർത്തനങ്ങളിൽനിന്ന് തടയാൻ സ്കൂൾ അധികൃതർ തയ്യാറാകുന്നില്ലെന്നും പി.സഞ്ജീവ് പറഞ്ഞു.
‘വിദ്യാഭ്യാസ മേഖലയെ കാവി വത്കരിക്കുന്ന ഇത്തരം പ്രവണതകൾ അനുവദിക്കാനാകില്ല. ആയുധപരിശീലനം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ ആർ.എസ്.എസ് നിയന്ത്രണത്തിലുള്ള സ്കൂൾ പരിസരങ്ങളിൽ നടക്കുന്നതായി പരാതികളുണ്ട്,’ അദ്ദേഹം പറഞ്ഞു.
ഇത്തരം പ്രവൃത്തികൾക്കെതിരെ നടപടിയെടുക്കണമെന്നും വിദ്യാർത്ഥിയുടെ മരണം കൊലപാതകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിദ്യാർത്ഥികൾക്കിടയിലെ ആർ.എസ്.എസിന്റെ ഇടപെടൽ വളരെ ദുസ്സഹമാണെന്നും അദ്ദേഹം പറഞ്ഞു.
പാലക്കാട് കല്ലേക്കാട് വ്യാസ വിദ്യാപീഠം സ്കൂൾ ഹോസ്റ്റൽ മുറിയിൽ 16 വയ സ്സുകാരിയായ രുദ്ര രാജേഷാണ് ആത്മഹത്യ ചെയ്തത്.
കഴിഞ്ഞ ബുധനാഴ്ചയായിരുന്നു രുദ്രയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. റാഗിങ്ങിനെ തുടര്‍ന്നാണ് രുദ്ര ജീവനൊടുക്കിയതെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം.
സീനിയര്‍ വിദ്യാര്‍ത്ഥികള്‍ രുദ്രയെ മർദിച്ചിട്ടുണ്ടെന്നും ഇതിനെകുറിച്ച് തങ്ങളോട് പറഞ്ഞിരുന്നെന്നും രുദ്രയുടെ പിതാവ് പറഞ്ഞു.
എന്നാൽ റാഗിങ്ങിനെപ്പറ്റി ഒരു പരാതിയും ലഭിച്ചിരുന്നില്ലെന്നും മരണത്തിന് കാരണം കുടുംബപ്രശ്‌നമാകാമെന്നുമായിരുന്നു സ്‌കൂള്‍ അധികൃതരുടെ ന്യായീകരണം.
Content Highlight: The functioning of RSS-controlled schools should be investigated: SFI