കാരണങ്ങള്‍ പലത്; കേരളാ ബ്ലാസ്‌റ്റേഴ്‌സ് ബസിന്റെ ഫിറ്റ്‌നെസ് സസ്‌പെന്റ് ചെയ്തൂ ഗായ്‌സ്...
Football
കാരണങ്ങള്‍ പലത്; കേരളാ ബ്ലാസ്‌റ്റേഴ്‌സ് ബസിന്റെ ഫിറ്റ്‌നെസ് സസ്‌പെന്റ് ചെയ്തൂ ഗായ്‌സ്...
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 19th October 2022, 7:20 pm

കേരളാ ബ്ലാസ്റ്റേഴ്‌സ് ടീം ബസിന്റെ ഫിറ്റ്‌നെസ് സസ്‌പെന്റ് ചെയ്തു. നിയമലംഘനങ്ങള്‍ കണ്ടെത്തിയതിന് പിന്നാലെയാണ് ടീം ബസ്സിന്റെ ഫിറ്റ്‌നെസ് സസ്‌പെന്റ് ചെയ്തിരിക്കുന്നത്.

ടീം ബസ്സില്‍ അഞ്ചോളം നിയമലംഘനങ്ങള്‍ കണ്ടെത്തിയതായാണ് മോട്ടോര്‍ വാഹന വകുപ്പ് വ്യക്തമാക്കിയിരിക്കുന്നത്. ബസിന്റെ ടയര്‍ അപകടാവസ്ഥയിലായിരുന്നുവെന്നും ബസിന്റെ സുരക്ഷയില്‍ ഗുരുതര വീഴ്ചയുണ്ടായെന്നും മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു.

ഇതിന് പുറമെ ബസിന്റെ റിയര്‍ വ്യൂ മിറര്‍ തകര്‍ന്ന നിലയിലായിരുന്നു, ഫസ്റ്റ് എയ്ഡ് ബോക്‌സില്‍ മരുന്നുകളുണ്ടായിരുന്നില്ല തുടങ്ങിയ കാരണങ്ങളും വണ്ടിയുടെ ഫിറ്റ്‌നെസ് സര്‍ട്ടിഫിക്കറ്റ് റദ്ദാക്കാന്‍ കാരണമായി എം.വി.ഡി പറയുന്നു.

ബസിന്റെ സുരക്ഷയില്‍ ഗുരുതര വീഴ്ചയുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. വണ്ടിയുടെ ടയര്‍ പൊട്ടി ട്യൂബ് കാണുന്ന നിലയിലാണെന്നും ബോണറ്റ് തകര്‍ന്നിട്ടുണ്ടെന്നും എം.വി.ഡി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.

അപകടകരമായ നിലയില്‍ സ്റ്റിക്കര്‍ പതിച്ചതും ഫിറ്റ്‌നെസ് റദ്ദാക്കാന്‍ കാരണമായി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

പനമ്പിളി നഗറില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലനം നടക്കുന്ന സ്ഥലത്ത് എത്തിയാണ് മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ ബസില്‍ പരിശോധന നടത്തിയത്. താരങ്ങളുമായി പനമ്പിള്ളി നഗറില്‍ പരിശീലനത്തിനെത്തിയപ്പോഴായിരുന്നു ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്.

പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ 14 ദിവസത്തെ സമയം ബസ് ഉടമകള്‍ക്ക് നല്‍കിയിട്ടുണ്ട്. അതുവരെ ബസ് നിരത്തിലിറക്കാന്‍ പാടില്ലെന്നും എം.വി.ഡി അറിയിച്ചു.

നേരത്തെ, ബസിന്റെ നിറം മാറ്റണമെന്നും എം.വി.ഡി അറിയിച്ചിരുന്നു. വടക്കഞ്ചേരി ബസ് അപകടത്തിന്റെ പശ്ചാത്തലത്തില്‍ ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ഐക്കോണിക് നിറമായ മഞ്ഞയില്‍ നിന്നും വെള്ള നിറത്തിലേക്ക് മാറ്റാന്‍ മോട്ടോര്‍ വാഹന വകുപ്പ് ആവശ്യപ്പെട്ടത്.

എന്നാല്‍ ഇതിനെതിരെ വ്യാപക വിമര്‍ശനങ്ങളാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകരില്‍ നിന്നും ഉയര്‍ന്നു വരുന്നത്.

ഇന്ത്യയിലെ മറ്റ് എല്ലാ ക്ലബ്ബുകളും സ്വന്തം ജേഴ്‌സിയുടെ കളറുള്ള ബസില്‍ പോകുമ്പോള്‍ ഇവിടെ മാത്രമാണ് ഇത്തരം പ്രശ്നങ്ങളുള്ളതെന്നും വിദേശ താരങ്ങള്‍ അടക്കമുള്ളവര്‍ നമ്മുടെ നാടിനെ തെറ്റായി വിലയിരുത്തുന്നതിന് ഈ നടപടി കാരണമാകുമെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു.

വടക്കഞ്ചേരി ടൂറിസ്റ്റ് ബസ് അപകടത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകള്‍ക്ക് ഏകീകൃത നിറം കര്‍ശനമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.  വെള്ളയൊഴികെയുള്ള നിറങ്ങള്‍ക്ക് കര്‍ശന വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

 

Content Highlight: The fitness of Kerala Blasters team bus has been suspended.