2025 ഐ.സി.സി വനിതാ ഏകദിന ലോകകപ്പ് ഫൈനലിനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചെത്തിയ സൗത്ത് ആഫ്രിക്കയും ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായിരുന്ന ഓസ്‌ട്രേലിയെ പരാജയപ്പെടുത്തിയെത്തിയ ഇന്ത്യയുമാണ് കിരീടത്തിനായി പോരാടുന്നത്.
ഇരു ടീമുകളും ആദ്യ കിരീടമാണ് ലക്ഷ്യമിടുന്നത്. പ്രോട്ടിയാസ് തങ്ങളുടെ ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ ഫൈനല്‍ കളിക്കുമ്പോള്‍ മൂന്നാം ഫൈനലിനാണ് ഇന്ത്യ ഇറങ്ങുന്നത്. ഫൈനലില്‍ വിജയിക്കുന്നത് ആര് തന്നെയാണെങ്കിലും പുതിയ ചാമ്പ്യന്‍മാര്‍ പിറവിയെടുക്കും.
ലോകകപ്പ് ചരിത്രം പരിശോധിക്കുമ്പോള്‍ ഈ ഫൈനല്‍ പോരാട്ടത്തിന് പ്രത്യേകതകളും ഏറെയാണ്. 1973ല്‍ ആരംഭിച്ച ടൂര്‍ണമെന്റില്‍ ഇതാദ്യമായാണ് ഓസ്‌ട്രേലിയയോ ഇംഗ്ലണ്ടോ ഇല്ലാത്ത ഫൈനല്‍ സംഭവിക്കുന്നത്.
(വര്‍ഷം – വിജയി – റണ്ണേഴ്‌സ് അപ് എന്നീ ക്രമത്തില്‍)
1973 – ഇംഗ്ലണ്ട് – ഓസ്‌ട്രേലിയ
1978 – ഓസ്‌ട്രേലിയ – ഇംഗ്ലണ്ട്
1982 – ഓസ്‌ട്രേലിയ – ഇംഗ്ലണ്ട്
1988 – ഓസ്‌ട്രേലിയ – ഇംഗ്ലണ്ട്
1993 – ഇംഗ്ലണ്ട് – ന്യൂസിലാന്‍ഡ്
1997 – ഓസ്‌ട്രേലിയ – ന്യൂസിലാന്‍ഡ്
2000 – ന്യൂസിലാന്‍ഡ് – ഓസ്‌ട്രേലിയ
2005 – ഓസ്‌ട്രേലിയ – ഇന്ത്യ
2009 – ഇംഗ്ലണ്ട് – ന്യൂസിലാന്‍ഡ്
2013 – ഓസ്‌ട്രേലിയ – വെസ്റ്റ് ഇന്‍ഡീസ്
2017 – ഇംഗ്ലണ്ട് – ഇന്ത്യ
2022 – ഓസ്‌ട്രേലിയ – ഇംഗ്ലണ്ട്
2025 ലോകകപ്പിന്റെ ഫൈനലിന് യോഗ്യത നേടാന്‍ ഇംഗ്ലണ്ടിനും ഓസ്‌ട്രേലിയക്കും അവസരമുണ്ടായിരുന്നു. എന്നാല്‍ ഇരുവരും സെമി ഫൈനലില്‍ പരാജയപ്പെടുകയായിരുന്നു.
ഗുവാഹത്തിയിലെ ബര്‍സാപര സ്റ്റേഡിയത്തില്‍ നടന്ന ആദ്യ സെമി ഫൈനലില്‍ സൗത്ത് ആഫ്രിക്കയാണ് ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയത്. ക്യാപ്റ്റന്‍ ലോറ വോള്‍വാര്‍ഡും ഫ്യൂച്ചര്‍ ഹോള്‍ ഓഫ് ഫെയ്മര്‍ മാരിസാന്‍ കാപ്പും തിളങ്ങിയ മത്സരത്തില്‍ 125 റണ്‍സിനായിരുന്നു പ്രോട്ടിയാസിന്റെ വിജയം.
ലോറ 143 പന്തില്‍ 169 റണ്‍സ് നേടി. ഐ.സി.സി ലോകകപ്പ് നോക്ക്ഔട്ടുകളില്‍ ഏറ്റവുമുയര്‍ന്ന രണ്ടാമത് ടോട്ടലിന്റെ റെക്കോഡുമായാണ് ലോറ ചരിത്രമെഴുതിയത്.
മാരിസന്‍ കാപ്പ് ഫൈഫറുമായി തിളങ്ങി. ഇതോടെ വനിതാ ലോകകപ്പില്‍ ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തുന്ന താരങ്ങളുടെ പട്ടികയില്‍ ക്രിക്കറ്റ് ഇതിഹാസം ജുലന്‍ ഗോസ്വാമിയെ മറികടന്ന് ഒന്നാമതെത്തി.
വനിതാ ഏകദിന ഫോര്‍മാറ്റിന്റെ ചരിത്രം തന്നെ തിരുത്തിക്കുറിച്ചാണ് ഇന്ത്യ രണ്ടാം സെമിയില്‍ ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തിയത്. വനിതാ ഏകദിനത്തിലെ ഏറ്റവുമുയര്‍ന്ന സക്‌സസ്ഫുള്‍ റണ്‍ ചെയ്‌സിന്റെ റെക്കോഡ് സ്വന്തമാക്കിയായിരുന്നു ഇന്ത്യയുടെ ഫൈനല്‍ പ്രവേശം.
ഓസ്‌ട്രേലിയ ഉയര്‍ത്തിയ 339 റണ്‍സിന്റെ വിജയലക്ഷ്യം ഒമ്പത് പന്ത് ശേഷിക്കെ ഇന്ത്യ മറികടക്കുകയായിരുന്നു. ജെമീമ റോഡ്രിഗസിന്റെ സെഞ്ച്വറിയുടെയും ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്റെ മികച്ച പ്രകടനവുമാണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്.
അതേസമയം, തുല്യശക്തികളുടെ പോരാട്ടത്തിനാണ് ഇന്നത്തെ ഫൈനല്‍ സാക്ഷ്യം വഹിക്കൊനാരുങ്ങുത്. ഇരു ടീമിന്റെയും ക്യാപ്റ്റന്‍മാരുടെ കരുത്തില്‍ തന്നെയാണ് ആരാധകരുടെ പ്രതീക്ഷ. ഒപ്പം ഇന്ത്യയുടെയും പ്രോട്ടിയാസിന്റെയും ബൗളര്‍മാരും ഓള്‍ റൗണ്ടര്‍മാരും മികച്ച ഫോമിലാണ് എന്നതിലാല്‍ തന്നെ പോരാട്ടങ്ങളുടെ പോരാട്ടത്തില്‍ വിജയികളെ പ്രവചിക്കുക ഒട്ടും എളുപ്പമാകില്ല.
Content Highlight: The first ICC Women’s ODI World Cup final without England or Australia