പുഴുത്ത പട്ടിയെന്ന് പോലും വിളിച്ചുവെന്ന കുടുംബത്തിന്റെ വെളിപ്പെടുത്തല്‍ കേരളീയ പൊതുസമൂഹത്തെ ഞെട്ടിക്കുന്നത്; നിതിന്റ ആത്മഹത്യയില്‍ നടപടിയാവശ്യപ്പെട്ട് എസ്.എഫ്.ഐ
തിരുവനന്തപുരം: അഞ്ചരക്കണ്ടി ദന്തല്‍ കോളേജ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശനമായ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് എസ്.എഫ്.ഐ.
കോളേജ് അധികൃതരുടെയും വിദ്യാര്‍ത്ഥികളുടെയും ഭാഗത്ത് നിന്നുണ്ടായ കടുത്ത ജാതി വിവേചനവും അധിക്ഷേപവുമാണ് മരണത്തിന് കാരണമായതെന്ന കുടുംബത്തിന്റെ ആരോപണം ഏറെ ഗൗരവമുള്ളതാണെന്നും എസ്.എഫ്.ഐ പ്രസ്താവനയില്‍ പറഞ്ഞു.
ക്ലാസ്റൂമിലും സ്റ്റാഫ്‌റൂമിലും വച്ച് അധ്യാപകര്‍ നടത്തുന്ന കൂട്ട അധിക്ഷേപങ്ങളെ കുറിച്ച് നിതിന്‍ രാജ് സുഹൃത്തിനോട് പറയുന്ന ശബ്ദ സന്ദേശം അടക്കം അതീവ ഗൗരവത്തോടെ അന്വേഷണ വിധേയമാക്കേണ്ടതാണെന്നും സംഘടന പറഞ്ഞു.
‘തന്റെ മകനെ പുഴുത്ത പട്ടി എന്ന് പോലും വിളിച്ചിരുന്നു എന്ന് കൊല്ലപ്പെട്ട വിദ്യാര്‍ത്ഥിയുടെ അമ്മ വെളിപ്പെടുത്തുന്നത് കേരളീയ പൊതുസമൂഹത്തെ ഞെട്ടിക്കുന്നതാണ്.
ക്യാമ്പസുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് തുല്യതയോടെയും സ്വാതന്ത്ര്യത്തോടെയും പഠനം സാധ്യമാക്കേണ്ട ഇടങ്ങളാണ്. അവിടെ ജാതി വര്‍ണ്ണ ചിന്തകള്‍ക്ക് സ്ഥാനമില്ല. ക്യാമ്പസുകളില്‍ ഉണ്ടാകുന്ന ഇത്തരത്തിലുള്ള ജാതി വിവേചനങ്ങള്‍ക്കും അധിക്ഷേപങ്ങള്‍ക്കുമെതിരെ ശക്തമായ പ്രതിഷേധങ്ങള്‍ ഉയരണം,’ എസ്.എഫ്.ഐ പ്രസ്താവനയില്‍ പറഞ്ഞു.
നിതിന്‍ രാജിന്റെ മരണത്തില്‍ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കണമെന്നും ക്യാമ്പസുകളില്‍ ജാതി വിവേചനത്തിനും അതിക്ഷേപങ്ങള്‍ക്കുമെതിരെ പ്രതിഷേധം ഉയര്‍ത്തുമെന്നും എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് എം. ശിവപ്രസാദ് സെക്രട്ടറി പി.എസ് സഞ്ജീവ് എന്നിവര്‍ പ്രസ്താവനയിലൂടെ അറിയിച്ചു.
കഴിഞ്ഞ ദിവസമായിരുന്നു ഒന്നാം വര്‍ഷ ബി.ഡി.എസ് വിദ്യാര്‍ത്ഥിയും തിരുവനന്തപുരം സ്വദേശിയുമായ നിതിന്‍ രാജ് ആത്മഹത്യ ചെയ്തത്.
Content Highlight: The family’s revelation that they even called her a “worm dog” has shocked the Kerala public; SFI demands action in Nithin’s suicide
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.