ക്ലിക്കായി പരാശക്തിയുടെ വിന്റേജ് സെറ്റ്; പ്രൊമോഷനിലെ രാജതന്ത്രമെന്ന് ആരാധകര്‍
Indian Cinema
ക്ലിക്കായി പരാശക്തിയുടെ വിന്റേജ് സെറ്റ്; പ്രൊമോഷനിലെ രാജതന്ത്രമെന്ന് ആരാധകര്‍
അശ്വിന്‍ രാജേന്ദ്രന്‍
Sunday, 21st December 2025, 11:34 am

തമിഴ് സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ശിവകാര്‍ത്തിയേകന്‍ നായകനും രവി മോഹന്‍ വില്ലനുമായെത്തുന്ന പരാശക്തി. വിജയിയുടെ അവസാന ചിത്രമായ ജനനായകനൊപ്പം ക്ലാഷ് റിലീസായാണ് ജനുവരി 14 ന് ചിത്രം പുറത്തിറങ്ങുന്നതെന്നതും ആരാധാകരുടെ ആവേശം ഇരട്ടിയാക്കുന്നുണ്ട്.

പരാശക്തി. Photo: theatrical poster

അണ്ണാമലൈ യൂണിവേഴിസിറ്റിയിലെ വിദ്യാര്‍ത്ഥി നേതാവായ രാജേന്ദ്രന്റെ ജീവിതത്തെ ആസ്പദമാക്കി സുധ കൊങ്കര സംവിധാനം ചെയ്യുന്ന ചിത്രം 1960 കാലഘട്ടം പശ്ചാത്തലമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. 1965 ല്‍ തമിഴ്‌നാട്ടില്‍ ഹിന്ദി അടിച്ചേല്‍പ്പിക്കുന്നതിനെതിരെ പോരാടിയ സമരനേതാവായാണ് ശിവകാര്‍ത്തികേയന്‍ വേഷമിടുന്നത്.

കഴിഞ്ഞ ദിവസം ചെന്നൈയില്‍ ചിത്രത്തിന്റെ ലോഞ്ച് ഇവന്റ് നടന്നിരുന്നു. ശിവകാര്‍ത്തികേയനും രവിമോഹനും ശ്രീലീലയും, ചിത്രത്തിന്റെ സംവിധായകയും അടക്കം പങ്കെടുത്ത ചടങ്ങില്‍ ആരാധകര്‍ക്കായി ഒരു എക്‌സിബിഷനും പരാശക്തി ടീം ഒരുക്കിയിരുന്നു. സിനിമ ചിത്രീകരിച്ച 1960 കാലഘട്ടത്തെ അനുസ്മരിപ്പിക്കുന്ന ഉപകരണങ്ങളടക്കമുള്ള ഒരു ദൃശ്യ വിരുന്നാണ് വള്ളുവര്‍ കോട്ടത്ത് അണിയറപ്രവര്‍ത്തകര്‍ തയ്യാറാക്കി നല്‍കിയത്.

 

അറുപത് വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള റേഡിയോ സ്‌റ്റേഷനും, സ്റ്റീം എഞ്ചിനും, വിന്റേജ് കാറുമടങ്ങുന്ന എക്‌സിബിഷന്‍ തീര്‍ത്തും സൗജന്യമായാണ് പരാശക്തി ടീം ജനങ്ങള്‍ക്കായി തുറന്ന് നല്‍കിയതെന്നതാണ് ശ്രദ്ധേയമായ കാര്യം. ഇതോടെ വലിയ ജനതിരക്കാണ് എക്‌സിബിഷന്‍ കാണാനായി സ്ഥലത്ത് അനുഭവപ്പെടുന്നത്.

അതേസമയം ഇത്തരത്തിലൊരു നീക്കം ചിത്രത്തിന്റെ പശ്ചാത്തലം പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തുക എന്നതിലുപരി ചിത്രത്തിന്റെ പ്രൊമോഷനായി അണിയറപ്രവര്‍ത്തകര്‍ കണ്ടെത്തിയ പുതിയ തന്ത്രമെന്നാണ് ചിലര്‍ വിശേഷിപ്പിക്കുന്നത്. കോടികള്‍ ചെലവഴിച്ച് വമ്പന്‍ ഇവന്റുകള്‍ സംഘടിപ്പിക്കുന്നതിന് പകരം കുറഞ്ഞ മുതല്‍മുടക്കില്‍ ചിത്രത്തിനെ കാന്‍വാസ് ചെയ്യാന്‍ ഈ സ്ട്രാറ്റര്‍ജിക്ക് കഴിയുന്നുണ്ടെന്നാണ് വിലയിരുത്തല്‍.

പരാശക്തി ടീം. Photo: kalakkal cinema.

ഡിസംബര്‍ 18 ന് തുടങ്ങിയ പ്രദര്‍ശനം 21 വരെ മൂന്ന് ദിവസത്തേക്ക് മാത്രമാണ് ആരാധകര്‍ക്കായി തുറന്നു നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ എക്‌സിബിഷന്‍ കാണാനായി വരി നില്‍ക്കുന്നവരുടെ വീഡിയോ പുറത്തുവന്നതോടെയാണ് ചര്‍ച്ചകള്‍ക്ക് തുടക്കമിടുന്നത്. അരോചകമായ സ്ഥിരം ചടങ്ങുകള്‍ക്ക് പകരം ഇത്തരത്തില്‍ സിനിമയെ പ്രേക്ഷകര്‍ക്ക് കൂടുതല്‍ അടുത്ത് പരിചയപ്പെടുത്തുന്ന ഇവന്റുകള്‍ക്ക് പ്രാധാന്യം നല്‍കേണ്ടതിന്റെ ആവശ്യകതയും ഇതിലൂടെ വെളിവാക്കുന്നു.

സൂരറൈ പോട്രിന് ശേഷം സുധ കൊങ്കര സംവിധാനം ചെയ്യുന്ന ചിത്രമായ പരാശക്തിയില്‍ സൂര്യയെയും ദുല്‍ഖറിനെയുമാണ് ആദ്യം കാസ്റ്റ് ചെയ്തിരുന്നതെങ്കിലും ഇരുവരും പിന്മാറിയതിന് ശേഷം ചിത്രം ശിവകാര്‍ത്തികേയനിലേക്കെത്തുകയായിരുന്നു. അമരനു ശേഷം യഥാര്‍ത്ഥ ജീവിതത്തെ ആസ്പദമാക്കിയൊരുങ്ങുന്ന ശിവകാര്‍ത്തികേയന്റെ രണ്ടാമത്തെ ചിത്രമാണ് പരാശക്തി.

Content Highlight: the exhibition of film parasakthi saw huge visitor turnout

 

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.