| Sunday, 3rd August 2025, 10:33 pm

പുനരധിവാസത്തിനായി പിരിവ് നടത്തിയെന്ന് വ്യാജരേഖയുണ്ടാക്കി; യൂത്ത് കോണ്‍ഗ്രസില്‍ വീണ്ടും നടപടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കല്‍പറ്റ: വയനാട് മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തിലുള്‍പ്പെട്ടവരുടെ പുനരധിവാസത്തിനായി പിരിവ് നടത്തിയെന്ന് കാണിച്ച് വ്യാജരേഖയുണ്ടാക്കിയ സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് വയനാട് ജില്ല ജനറല്‍ സെക്രട്ടറി ജിബിന്‍ മാമ്പള്ളിയെ സസ്‌പെന്റ് ചെയ്തു.

അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്യുന്നു എന്നും അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും കാണിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയാണ് ജിബിന്‍ മാമ്പള്ളിയെ സസ്‌പെന്റ് ചെയ്തത്.

സമാന സംഭവത്തില്‍ വയനാട്ടിലെ യൂത്ത് കോണ്‍ഗ്രസില്‍ നേരത്തെയും നടപടിയുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് ഇന്ന് ജില്ല ജനറല്‍ സെക്രട്ടറിയെ സസ്‌പെന്റ് ചെയ്തിരിക്കുന്നത്. വയനാട് മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തില്‍ അതിജീവിച്ചവരുടെ പുനരധിവാസത്തിനായി യൂത്ത് കോണ്‍ഗ്രസ് പിരിവ് നടത്തിയെന്ന് കാണിച്ച് വ്യാജരേഖയുണ്ടാക്കിയതിനായിരുന്നു നടപടി. ഈ രേഖ ഉള്‍പ്പെടുത്തിയ പോസ്റ്ററുകള്‍ ഉള്‍പ്പടെ ജിബിന്‍ മാമ്പള്ളിയുടെ നേതൃത്വത്തില്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് ഒരു അന്വേഷണ കമ്മീഷനെ നിയോഗിക്കുകയും ചെയ്തിട്ടുണ്ട്.

യൂത്ത് കോണ്‍ഗ്രസ് മാനന്തവാടി മണ്ഡലം ഭാരവാഹികള്‍ തന്നെയാണ് ജില്ല ജനറല്‍ സെക്രട്ടറി ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ വ്യാജരേഖയുണ്ടാക്കിയതിന് പരാതി നല്‍കിയത്. സംസ്ഥാന നേതൃത്വത്തിനും വയനാട് ജില്ല പൊലീസ് മേധാവിക്കുമായിരുന്നു പരാതി നല്‍കിയത്. ഈ പരാതികളുടെ കൂടി അടിസ്ഥാനത്തിലാണ് ഇപ്പോഴുണ്ടായിരിക്കുന്ന നടപടി.

വയനാട് മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തില്‍ നിന്നും അതിജീവിച്ചവര്‍ക്ക് വീട് നിര്‍മിക്കാനും മറ്റുമായി സാമ്പത്തിക പിരിവ് നടത്തിയെന്നായിരുന്നു ജിബിന്‍ മാമ്പള്ളി ഉള്‍പ്പടെയുള്ളവര്‍ വ്യജരേഖകളുണ്ടാക്കി സമര്‍ത്ഥിച്ചത്. ഈ സംഭവത്തിന്റെ പേരില്‍ വയനാട് യൂത്ത് കോണ്‍ഗ്രസില്‍ കൂടുതല്‍ പേര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇപ്പോഴുണ്ടായ നടപടിയുടെ കാരണങ്ങള്‍ യൂത്ത് കോണ്‍ഗ്രസ് പുറത്തിറക്കിയ സസ്‌പെന്‍ഷന്‍ നോട്ടീസില്‍ പറഞ്ഞിട്ടില്ല.

CONTENT HIGHLIGHTS: The District General Secretary of Wayanad Youth Congress has been suspended in the case of forgery

We use cookies to give you the best possible experience. Learn more