ന്യൂദല്‍ഹി: പൗരത്വ സമരകാലത്തെ കേസുകളില്‍ യു.എ.പി.എ ചുമത്തി തടവിലിട്ട വിദ്യാര്‍ത്ഥി നേതാവ് ഷര്‍ജീല്‍ ഇമാമിന്റെ ജാമ്യാപേക്ഷയില്‍ നിലപാട് തേടി ദല്‍ഹി ഹൈക്കോടതി ദല്‍ഹി പൊലീസിന് നോട്ടീസ് അയച്ചു. ഹരജി പരിഗണിച്ച പ്രതിഭ എം. സിങ്, വികാസ് മഹാജന്‍ എന്നിവരുടെ ബഞ്ച് പൊലീസിന് നിലപാട് അറിയിക്കാന്‍ രണ്ടാഴ്ചത്തെ സമയം നല്‍കിയതായി ലൈവ് ലോ റിപ്പോര്‍ട്ട് ചെയ്തു.
വിചാരണക്കോടതി ജാമ്യം നിഷേധിച്ചതിനെതിരെ സമര്‍പ്പിച്ച അപ്പീലിലാണ് ഹൈക്കോടതിയുടെ നടപടി. കേസ് ആഗസ്റ്റ് 27ന് വീണ്ടും പരിഗണിക്കും. ഈ മാസം നാലിനായിരുന്നു ഷര്‍ജീലിന്റെ ജാമ്യാപേക്ഷ വിചാരണക്കോടതി തള്ളിയത്. ഈ വര്‍ഷം ജനുവരിയിലും കോടതി അദ്ദേഹത്തിന് വിചാരണക്കോടതി ജാമ്യം നിഷേധിച്ചിരുന്നു.
കേസില്‍ വിചാരണ നിലച്ചതിനാല്‍ ഷര്‍ജീലിന് ജാമ്യത്തിന് അര്‍ഹതയുണ്ടെന്ന് അദ്ദേഹത്തിനായി ഹാജരായ അഭിഭാഷകന്‍ താലിബ് മുസ്തഫ വാദിച്ചു. കേസില്‍ കുറ്റം ചുമത്തലുമായി ബന്ധപ്പെട്ട വാദം കേള്‍ക്കലുകള്‍ മാത്രമാണ് നടന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എന്നാല്‍ കുറ്റം ചുമത്തലുമായി ബന്ധപ്പെട്ട വിചാരണ 200 ദിവസത്തിലധികം നീണ്ടത് കേസില്‍ ധാരാളം പ്രതികളുള്ളതിനാലാണെന്ന് സര്‍ക്കാരിന് വേണ്ടി ഹാജരായ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി രാജു വാദിച്ചതായി ലൈവ് ലോയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
കേസില്‍ വിചാരണ ആരംഭിച്ചതായി കരുതുന്നില്ലെന്ന് എസ്.വി രാജു കോടതിയെ ബോധിപ്പിച്ചതായി ബാര്‍ ആന്‍ഡ് ബെഞ്ച് റിപ്പോര്‍ട്ട് ചെയ്തു. വിചാരണ വൈകിയാല്‍ കോടതിയെ സമീപിക്കാന്‍ ഷര്‍ജീല്‍ ഇമാമിന് സുപ്രീംകോടി അനുമതി നല്‍കിയിട്ടുണ്ടെന്ന് ദല്‍ഹി ഹൈക്കോടതി നിരീക്ഷിച്ചതായും ബാര്‍ ആന്‍ഡ് ബെഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.
ദല്‍ഹി കര്‍കര്‍ദൂമ കോടതിയാണ് ജൂലൈ നാലിന് ഷര്‍ജീലിന്റെയും വിദ്യാര്‍ത്ഥി നേതാവായ ഒമര്‍ ഖാലിദിന്റെയും ജാമ്യാപേക്ഷ തള്ളിയത്. ഇരുവര്‍ക്കും ജാമ്യം നിഷേധിച്ചുകൊണ്ടുള്ള ഈ വര്‍ഷം ജനുവരിയിലെ വിധി പിന്തുടരുകയല്ലാതെ വിചാരണ കോടതിക്ക് മറ്റ് വഴിയില്ലെന്ന് വ്യക്തമാക്കിയായിരുന്നു ഹരജി അഡീഷനല്‍ സെഷന്‍സ് ജഡ്ജ് സമീര്‍ ബാജ്‌പൈയുടെ ബഞ്ച് തള്ളിയത്.
കഴിഞ്ഞ മാസമായിരുന്നു ഉമര്‍ ഖാലിദും ഷര്‍ജീല്‍ ഇമാമും ദല്‍ഹി കര്‍കര്‍ദൂമ കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. നേരത്തെ ജൂണ്‍ 13ന് ഹരജി കോടതി പരിഗണിച്ചിരുന്നു. അന്ന് ജാമ്യാപേക്ഷകളില്‍ കോടതി ദല്‍ഹി പൊലീസിന്റെ പ്രതികരണം തേടി. പിന്നീട് ഹരജി ജൂലൈ നാലിന് പരിഗണിക്കാനായി മാറ്റുകയായിരുന്നു.
വിചാരണാ നടപടികള്‍ ആരംഭിക്കാതെ വര്‍ഷങ്ങളായി തടവിലിടുന്നത് തങ്ങളുടെ മൗലികാവകാശങ്ങളെ ലംഘിക്കുന്നതായി ചൂണ്ടിക്കാട്ടിയാണ് ഷര്‍ജീലിന്റെയും ഉമറിന്റെയും ജാമ്യ ഹരജി. നേരത്തെ താന്‍ അപേക്ഷിച്ച ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളിയിരുന്നെങ്കിലും പിന്നീട് സാഹചര്യങ്ങളില്‍ മാറ്റം വന്നുവെന്ന് ഷര്‍ജീല്‍ ഇമാമിന്റെ ജാമ്യ ഹരജിയില്‍ പറഞ്ഞിരുന്നു.
ഈ വര്‍ഷം മെയില്‍ മറ്റൊരു കേസില്‍ സുപ്രീംകോടതി നടത്തിയ നിരീക്ഷണത്തെക്കുറിച്ചാണ് ഷര്‍ജീലിന്റെ ഹരജിയില്‍ സൂചിപ്പിക്കുന്നത്. ഷര്‍ജീലിനും ഉമറിനും ജാമ്യം നിഷേധിച്ചുകൊണ്ടുള്ള സുപ്രീംകോടതി രണ്ടംഗ ബെഞ്ചിന്റെ വിധിയില്‍ ഈ വര്‍ഷം മേയില്‍ സുപ്രീംകോടതിയുടെ മറ്റൊരു ബെഞ്ച് വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. ഇതിന് ശേഷമാണ് ഇരുവരും വീണ്ടും ജാമ്യാപേക്ഷ സമര്‍പിച്ചിട്ടുള്ളത്.
ജാമ്യാപേക്ഷ നിഷേധിച്ചുകൊണ്ട് സുപ്രീംകോടതി ഉത്തരവിട്ട് ആറ് മാസം കഴിഞ്ഞെന്നും ഇപ്പോഴും വിചാരണ നടപടികളില്‍ അര്‍ത്ഥവത്തായ പുരോഗതിയില്ലെന്നും ഷര്‍ജീല്‍ ഇമാമിന്റെ ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടുന്നു.
ജസ്റ്റിസുമാരായ അരവിന്ദ് കുമാര്‍, എന്‍.വി. അഞ്ചാരിയ എന്നിവരടങ്ങിയ ബെഞ്ചായിരുന്നു ജനുവരിയില്‍ ഉമറിനും ഷര്‍ജീലിനും ജാമ്യം നിഷേധിച്ചത്. ബി.വി. നാഗരത്‌ന, ഉജല്‍ ഭുയ്യാന്‍ എന്നിവരുടെ ബെഞ്ചാണ് മേയില്‍ ജനുവരിയിലെ വിധിയെ ചോദ്യം ചെയ്തത്.
നേരത്തെ മറ്റൊരു കേസില്‍ സുപ്രീം കോടതിയുടെ മൂന്നംഗ ബെഞ്ച് പുറപ്പെടുവിച്ച വിധി മറി കടന്നാണ് അരവിന്ദ് കുമാര്‍, എന്‍.വി. അഞ്ചാരിയ എന്നിവരുടെ രണ്ടംഗ ബെഞ്ച് ജാമ്യം നിഷേധിച്ചതെന്നായിരുന്നു ബി.വി. നാഗരത്‌ന, ഉജ്ജല്‍ ഭുയ്യാന്‍ എന്നിവരുടെ ബെഞ്ച് നിരീക്ഷിച്ചത്.
ജാമ്യമാണ് നിയമമെന്നും ജയില്‍ എന്നത് അപൂര്‍വ സാഹചര്യങ്ങളില്‍ മാത്രമാണ് എന്നുമുള്ള വ്യവസ്ഥ യു.എ.പി.എ കേസുകളിലും ബാധകമാണെന്നും അന്ന് നാഗരത്‌നയുടെയും, ഉജ്ജല്‍ ഭുയ്യാന്റെയും ബെഞ്ച് നിരീക്ഷിച്ചിരുന്നു.
Content highlight: Delhi high court issued notice to Delhi Police in the bail plea of activist Sharjeel Imam
കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.