രാജ്യത്തിന്റെ ആരോഗ്യ മേഖല 'വെന്റിലേറ്ററില്‍' : ഐ.എം.എ
India
രാജ്യത്തിന്റെ ആരോഗ്യ മേഖല 'വെന്റിലേറ്ററില്‍' : ഐ.എം.എ
നിഷാന. വി.വി
Tuesday, 23rd December 2025, 12:58 pm

ന്യൂദല്‍ഹി: രാജ്യത്തിന്റെ പൊതുജനാരോഗ്യ മേഖല ‘വെന്റിലേറ്ററി’ലെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍.[ഐ.എം.എ ]

ആരോഗ്യ മേഖലയിലെ അനിയന്ത്രിതമായ വിദേശ നിക്ഷേപവും ഇന്‍ഷ്യൂറന്‍സ് അധിഷ്ഠിത വില നിയന്ത്രണങ്ങളും കേന്ദ്ര സര്‍ക്കാര്‍ പൊതു ജനാരോഗ്യ മേഖലയില്‍ മതിയായ നിക്ഷേപങ്ങള്‍ നടത്താത്തതുമൊക്ക ആരോഗ്യ മേഖലയെ വെട്ടിലാക്കുന്നുവെന്ന് ഐ.എം.എയുടെ നയരേഖയില്‍ പറയുന്നു.

‘ആരോഗ്യ പൂര്‍ണമായ ഇന്ത്യ ലക്ഷ്യമിട്ടുള്ള ബ്ലൂ പ്രിന്റ്,’ എന്ന നയരേഖയിലാണ് വിഷയം ഐ.എം.എ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

ആരോഗ്യ മേഖലയ്ക്കുള്ള ഏറ്റവും കുറഞ്ഞ സര്‍ക്കാര്‍ വിഹിതം ജി.ഡി.പിയുടെ 2.5 ശതമാനം ആയിരിക്കണമെന്നാണ് ആരോഗ്യകരമായ ഇന്ത്യയ്ക്കായി ഈയിടെ പുറത്തിറക്കിയ നയരേഖയില്‍ ഐ.എം.എ നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ ഇന്ത്യ ആരോഗ്യ മേഖലയില്‍ ആകെ ചെലവാക്കുന്നത് ജി.ഡി.പിയുടെ 3.8 ശതമാനം മാത്രമാണ്.

അതേ സമയം താഴ്ന്ന ഇടത്തരം വരുമാനമുളള രാജ്യങ്ങള്‍ 5.2 ശതമാനം ആരോഗ്യ മേഖലയ്ക്കായി ചെലവിടുന്നുണ്ട്.

ചികിത്സാ ചെലവുകള്‍ താങ്ങാനാവാത്തതിനാല്‍ രാജ്യത്ത് ഓരോ വര്‍ഷവും 5.5 കോടി ആളുകളെങ്കിലും ദാരിദ്രത്തിലേക്ക് വീഴുന്നുവെന്നും ആരോഗ്യ മേഖലയിലെ അനിയന്ത്രിതമായ വിദേശ നിക്ഷേപം കച്ചവട താത്പര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. ഇത് ചികിത്സാ ചെലവ് കൂടാനും ഡോക്ടര്‍മാരുടെ സ്വതന്ത്രമായ തീരുമാനങ്ങളെ ബാധിക്കാനും കാരണമാവുമെന്നും ഐ.എം.എ മുന്നറിയിപ്പ് നല്‍കിട്ടുണ്ട്.

‘ വിദേശ കമ്പനികളെ ആശ്രയിക്കാതെ തദ്ദേശീയമായ ആരോഗ്യ സംരംഭങ്ങളെ സഹായിക്കാന്‍ സര്‍ക്കാര്‍ ഒരു ‘ദേശീയ ഹെല്‍ത്ത് കെയര്‍ ഫണ്ട്’ രൂപികരിക്കേണ്ടത് അത്യാവശ്യമാണ്. ഇന്‍ഷ്യൂറന്‍സ് കമ്പനികള്‍ ചികിത്സാ സംവിധാനത്തെ നിയന്ത്രിക്കുന്നതിന് പകരം, നികുതി പണം ഉപയോഗിച്ച് സര്‍ക്കാര്‍ നേരിട്ട് തന്നെ ആരോഗ്യ സേവനങ്ങള്‍ നടത്തേണ്ടതുണ്ട് ,’ ഐ.എം.എ നിര്‍ദേശത്തില്‍ പറയുന്നു.

ഇന്‍ഷ്യൂറന്‍സ് അധിഷ്ഠിത മാതൃകകള്‍ പിന്തുടരുന്നത് ആരോഗ്യ മേഖലയെ അമേരിക്കയിലേതുപോലെ ചെലവേറിയതും സാധാരണക്കാര്‍ക്ക് താങ്ങാന്‍ കഴിയാത്തതുമാക്കി മാറ്റുമെന്നും നയരേഖയില്‍ പറയുന്നു.

 

Content Highlight:The country’s health sector is ‘on ventilator’: IMA

 

 

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.