| Thursday, 8th January 2026, 4:30 pm

കുര്യച്ചന്റെ വാശി കിട്ടിയ വളര്‍ത്തുനായ; എക്കോയില്‍ കുര്യച്ചനും പിയൂസും തമ്മിലുള്ള സാമ്യത പരിശോധിക്കുമ്പോള്‍

അശ്വിന്‍ രാജേന്ദ്രന്‍

വലിയ ആരവങ്ങളോ അവകാശവാദങ്ങളോ ഇല്ലാതെ തിയേറ്ററുകളില്‍ നിന്നും നേടിയ മികച്ച വിജയത്തിന് പിന്നാലെ ഒ.ടി.ടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ളിക്‌സില്‍ പ്രദര്‍ശനത്തിനെത്തി പ്രേക്ഷകരുടെ പ്രശംസ പിടിച്ചുപറ്റി മുന്നേറുകയാണ് ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്ത എക്കോ. സിനിമയുടെ ആരംഭത്തില്‍ മോഹന്‍ പോത്തന്റെ ബാഗിന് മുകളില്‍ എഴുതിയ ‘ദ ജേര്‍ണി നോട്ട് ദ ഡെസ്റ്റിനേഷന്‍’ എന്ന വാക്കുകളെ അന്വര്‍ത്ഥമാക്കുന്നതായിരുന്നു ബാഹുല്‍ രമേശിന്റെ തിരക്കഥയില്‍ പിറന്ന എക്കോ.

ചിത്രത്തില്‍ പല ഭാഗത്തായി പ്രത്യക്ഷപ്പെടുന്ന കഥാപാത്രങ്ങളിലൂടെ സഞ്ചരിക്കുന്ന ചിത്രം ഓപ്പണ്‍ എന്‍ഡിങ്ങ് ആയാണ് അവസാനിക്കുന്നത് എന്ന് സൂചിപ്പിക്കുന്നതായിരുന്നു ഈ വാക്കുകള്‍. ക്ലൈമാക്‌സില്‍ കുര്യച്ചന് എന്ത് സംഭവിച്ചു എന്നതിനേക്കാള്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്ന കഥാപാത്രങ്ങളുടെ വിവരണവും തങ്ങളുടെ ശത്രുവിനെ തേടിയുള്ള യാത്രയുമാണ് പ്രധാനമെന്ന് വാക്കുകളില്‍ വ്യക്തമാണ്.

Eko. Photo: Parallax cinemas

എക്കോയില്‍ ഒളിവില്‍ പോയ കുര്യച്ചനെ കണ്ടെത്തി ജീവനെടുക്കാന്‍ പുറത്ത് ഒരു കൂട്ടം ആളുകള്‍ കാത്ത് നില്‍ക്കുമ്പോള്‍ പുറത്ത് ഒറ്റക്ക് പ്രതിരോധം തീര്‍ക്കുന്നത് സന്ദീപ് പ്രദീപിന്റെ കഥാപാത്രമായ പിയൂസ് മാത്രമാണ്. ചിത്രത്തിന്റെ അവസാന ഭാഗത്ത് പറയുന്നത് പ്രകാരം അച്ഛനും അമ്മയും നഷ്ടപ്പെട്ട പിയൂസിനെ കൂടെക്കൂട്ടുന്നത് കുര്യച്ചനാണ്.

ഇതിനുള്ള നന്ദിയെന്നോണം തന്റെ യജമാനനു വേണ്ടി ആരെ വേണെങ്കിലും ഇല്ലാതാക്കാന്‍ മടിയില്ലാത്ത അനുസരണ ശീലമുള്ള വളര്‍ത്തു നായയാണ് ചിത്രത്തില്‍ പിയൂസ്. സൗരഭ് സച്ച്‌ദേവ അവതരിപ്പിച്ച കുര്യച്ചനും പിയൂസും ഒരു സീനില്‍ പോലും ഒന്നിച്ച് വരുന്നില്ലെങ്കിലും ഇരുവരും തമ്മിലുള്ള കണക്ഷന്‍ ചിത്രത്തിന്റെ പല ഭാഗങ്ങളിലും കാണാന്‍ സാധിക്കും.

പിയൂസ് ചോദിക്കുമ്പോള്‍ മലേഷ്യയില്‍ വെച്ച് കുര്യച്ചനെ കാണാന്‍ ഇടയായ ഭാഗത്തെക്കുറിച്ച് മ്ലാത്തിച്ചേട്ടത്തി പറയുന്ന ഭാഗത്തില്‍ കുര്യച്ചന്റെ വാശി എത്രത്തോളമാണെന്ന് കാണിക്കുന്നുണ്ട്. യോസിയാനോയുടെ മരണം മ്ലാത്തിച്ചേട്ടത്തിയെ അറിയിക്കാന്‍ എത്തിയപ്പോള്‍ കര തൊടാന്‍ സമ്മതിക്കാത്ത നായ്ക്കളോടുള്ള വാശിപുറത്ത് ദിവസങ്ങളോളം കുര്യച്ചന്‍ മഴയും നനഞ്ഞ് തോണിയില്‍ ഇരിക്കുന്നുണ്ട്.

ഇതിന് സമാനമായ അനുഭവം ആദ്യമായി മ്ലാത്തിച്ചേട്ടത്തിയുടെ വീട്ടിലേക്ക് വരുമ്പോള്‍ പിയൂസിനും നേരിടേണ്ടി വരുന്നുണ്ട്. മ്ലാത്തിച്ചേട്ടത്തി ആശുപത്രിയിലായതിനാല്‍ പരിചയമില്ലാത്ത പിയൂസിനെ നായ്ക്കള്‍ ചേര്‍ന്ന് മരത്തില്‍ ഓടിച്ചു കയറ്റി. മ്ലാത്തി ചേട്ടത്തി വരുന്നതു വരെ രണ്ടു ദിവസത്തോളമാണ് പിയൂസിന് മരത്തില്‍ ചെലവഴിക്കേണ്ടി വന്നതെന്നും ചിത്രത്തില്‍ പറയുന്നുണ്ട്.

Eko. Photo: Parallax cinemas

രണ്ട് സീനുകളിലും സാഹചര്യം വ്യത്യസ്തമാണെങ്കിലും കുര്യച്ചനും പിയൂസും നായ്ക്കളും തമ്മിലുള്ള ബന്ധം ഈ രണ്ട് സന്ദര്‍ഭങ്ങളിലും സംവിധായകന്‍ രണ്ട് രീതിയില്‍ പറയുന്നു.

പിന്നീട് പ്രേക്ഷകര്‍ക്ക് ഇരുവരും തമ്മിലുള്ള ബന്ധത്തിന്റെ സൂചന നല്‍കുന്നത് കുര്യച്ചന്റെ ബാഗാണ്. അവസാനമായി ഒളിവില്‍ പോകുന്നതിന് മുമ്പ് കുര്യച്ചന്റെ കൈയിലുണ്ടായിരുന്ന ബാഗും അവസാന ഭാഗത്ത് പൊലീസുകാരെ കൊലപ്പെടുത്തിയതിന് ശേഷം പിയൂസിന്റെ കൈയിലുള്ള ബാഗും ഒന്നാണെന്ന് മനസ്സിലാവും. ഒളിവില്‍ പോകുന്നതിന് മുമ്പ് പിയൂസിനെ കുര്യച്ചന്‍ കണ്ടുവെന്നതിന്റെ തെളിവാണ് ബാഗെന്നാണ് സിനിമാ നിരൂപകരുടെ അഭിപ്രായം.

രണ്ടു കഥാപാത്രങ്ങളുടെയും വാശിയും നേരിട്ട് പ്രകടമാകുന്ന രംഗവും ചിത്രത്തില്‍ കാണാം കുര്യച്ചനെ തെരഞ്ഞ് വീട്ടിലെത്തുമ്പോള്‍ മോഹന്‍ പോത്തന്‍ പറയുന്ന ഡയലോഗുകള്‍ കുര്യച്ചന്റെ വാശിയുടെ തീവ്രത കാണിക്കുന്നു. മറുപുറത്ത് രഞ്ജിത്ത് ശേഖര്‍ അവതരിപ്പിച്ച സോമന്‍ എന്ന പൊലീസ് കഥാപാത്രം പാമ്പ് കടിയേറ്റ് ജീവനായി അപേക്ഷിക്കുമ്പോള്‍ പിയൂസ് നല്‍കുന്ന മറുപടിയും കുര്യച്ചന്‍ തന്റെ അതേ വാശിയോടെയാണ് പിയൂസിനെയും പാകപ്പെടുത്തിയതെന്നതിനുള്ള സൂചനയാണ്.

Content Highlight: The connection between characters of Kuriachan and piyoos in eko movie

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more